എല്‍ക്ലാസികോയില്‍ റയല്‍ മഡ്രിഡ്
text_fieldsബാഴ്സലോണ: സാന്‍റിയാഗോ ബെര്‍ണബ്യൂവില്‍ വിരുന്നുപോയി നാലു ഗോളിന് ജയിച്ച അതേ മൂഡിലായിരുന്നു നൂകാംപിലും ബാഴ്സലോണ. എതിരാളിക്ക് തന്ത്രം മെനയാന്‍ സിനദിന്‍ സിദാനത്തെിയതും മൂപ്പിളമ മറന്ന് ക്രിസ്റ്റ്യാനോയും ബെയ്ലും ബെന്‍സേമയും ഒന്നായതും ബാഴ്സ അറിഞ്ഞില്ല. സ്വന്തം മുറ്റത്തെ ലാ ലിഗ എല്‍ക്ളാസികോയില്‍ പന്തുരുളുംമുമ്പേ വിജയികളുടെ ശരീരഭാഷയിലിറങ്ങിയ ചാമ്പ്യന്മാരെ തുറന്നുകാട്ടുന്നതായി റയല്‍ മഡ്രിഡിന്‍െറ മധുരപ്രതികാരം.
ഗോള്‍രഹിതമായിരുന്നു ആദ്യ പകുതി. മെസ്സി-സുവാരസ്-നെയ്മര്‍ (എം.എസ്.എന്‍) കൂട്ടിലൂടെ ബാഴ്സയും ബെയ്ല്‍-ബെന്‍സേമ-ക്രിസ്റ്റ്യാനോ (ബി.ബി.സി) കൂട്ടിലൂടെ റയലും ഇരുപകുതികളും ഓടിക്കയറിയതല്ലാതെ ഗോളുകള്‍ പിറന്നില്ല. ലോകഫുട്ബാള്‍ ആരാധകര്‍ ആവേശത്തോടെ കാത്തിരുന്ന എല്‍ക്ളാസികോയുടെ പകിട്ടില്ലാത്തൊരു ഒന്നാം പകുതി. സുവാരസും നെയ്മറും ഡാനി ആല്‍വസും തൊടുത്തുവിട്ട ഏതാനും മികച്ച ഷോട്ടുകളുമായി ബാഴ്സ നടത്തിയ മുന്നേറ്റമല്ലാതെ കാര്യമായൊരു നീക്കവും കണ്ടില്ല. പക്ഷേ, രണ്ടാം പകുതിയില്‍ തിരക്കഥ തീര്‍ത്തും മാറി. എതിരാളിയുടെ തട്ടകം പഠിച്ചുകഴിഞ്ഞ റയലും ആക്രമണം ശക്തമാക്കിയതോടെ കളിക്ക് വേഗമേറി. ഏത് ഗോള്‍മുഖവും കുലുങ്ങാമെന്ന അവസ്ഥ. റയലിന്‍െറ കെയ്ലര്‍ നവാസിനും ബാഴ്സയുടെ ക്ളോഡിയോ ബ്രാവോക്കും പണിയായി. ഇതിനിടയിലാണ് ആദ്യ ഗോള്‍ പിറന്നത്. 56ാം മിനിറ്റില്‍ ഇവാന്‍ റാകിടിച് തൊടുത്ത കോര്‍ണറിന് റയല്‍ പ്രതിരോധപ്പൂട്ട് തകര്‍ത്ത് പിക്വെതലവെച്ചപ്പോള്‍ ബാഴ്സ മുന്നില്‍. മാര്‍ക്കിങ്ങിന് നിയോഗിച്ച പെപെക്ക് അടിതെറ്റിയപ്പോഴായിരുന്നു പിക്വെുടെ ഗോള്‍. സൂപ്പര്‍ താരങ്ങളെ മാര്‍ക്ക് ചെയ്യാന്‍ ആരോഗ്യം മുഴുവന്‍ ചെലവഴിച്ച റയലിന് കിട്ടിയ ഷോക്ക്.
പക്ഷേ, വീഴ്ചയില്‍നിന്ന് ആവേശത്തിലേക്കാണ് റയല്‍ കയറിയത്. ഒരു ഗോളിന്‍െറ ലീഡ് നിലനിര്‍ത്താന്‍ സമയം നല്‍കാതെ മറുപടിക്കായുള്ള പോരാട്ടം 62ാം മിനിറ്റില്‍ ലക്ഷ്യംകണ്ടു. കരിം ബെന്‍സേമക്കായിരുന്നു നിയോഗം. മാഴ്സലോയിലൂടെ കണക്ട് ചെയ്ത പന്ത് വിങ്ങില്‍നിന്ന് ടോണി ക്രൂസ് പതിഞ്ഞ ഷോട്ടിലൂടെ മറിച്ചപ്പോള്‍ ആകാശത്തിലുയര്‍ന്ന് ബൈസിക്ള്‍ കിക്കിലൂടെ ബെന്‍സേമ വലയിലിട്ടു. നൂകാംപിലെ റയല്‍ ആരാധകരെ ഇരിപ്പിടം വിട്ടെഴുന്നേല്‍പിച്ച ഗോള്‍.
സമനിലയില്‍ പകച്ച ബാഴ്സ എം.എസ്.എന്നിലൂടെ വീണ്ടും ആക്രമണം ശക്തമാക്കി. പക്ഷേ, പെപെയും സെര്‍ജിയോ റാമോസും തീര്‍ത്ത പ്രതിരോധച്ചുഴി കടക്കാന്‍ ഒന്നിനും കഴിഞ്ഞില്ല. മികച്ച ചില ഷോട്ടുകളാവട്ടെ, വഴിതെറ്റുകയും ചെയ്തു. 80ാം മിനിറ്റില്‍ ഗാരെത് ബെയ്ലിലൂടെ വലകുലുങ്ങിയെങ്കിലും ഓഫ്സൈഡായി. ഗോളാഘോഷവും കഴിഞ്ഞ ശേഷം മാത്രമേ ഓഫ്സൈഡ് വിവരമറിഞ്ഞുള്ളൂ. 83ാം മിനിറ്റില്‍ രണ്ടാം മഞ്ഞക്കാര്‍ഡുമായി സെര്‍ജിയോ റാമോസ് പുറത്തായി അംഗസംഖ്യ പത്തിലേക്ക് ചുരുങ്ങി രണ്ടു മിനിറ്റിനകമായിരുന്നു റയലിന്‍െറ വിജയഗോള്‍. വലതുവിങ്ങില്‍നിന്ന് ബോക്സിനു നെടുകെ ബെയ്ല്‍ നല്‍കിയ ക്രോസ് നിലംപറ്റെ ഷോട്ടിലൂടെ ക്രിസ്റ്റ്യാനോ വലയിലാക്കി.
റയലിനും സിദാനും മധുരിക്കുന്ന ജയം. ഒപ്പം, തോല്‍വിയറിയാത്ത 39 മത്സരങ്ങളിലെ ബാഴ്സയുടെ കുതിപ്പിന് അന്ത്യവും. ടീമിന്‍െറ പ്രകടനത്തില്‍ കോച്ച് സിദാനും നൂറുനാവ്. ‘പ്രതിരോധത്തിലും ആക്രമണത്തിലും മികച്ചുനിന്ന ടീമിന്‍െറ പ്രകടനത്തില്‍ അഭിമാനമുണ്ട്. ശക്തരായ എതിരാളിക്കെതിരെ ഗംഭീര പ്രകടനമായിരുന്നു. സഹതാരങ്ങള്‍ക്കുവേണ്ടി ഓരോരുത്തരും കളിക്കുന്ന രീതി ഒരു കോച്ചിനെ സന്തോഷിപ്പിക്കും. ഇനി ലക്ഷ്യം കിരീടത്തിലേക്കുള്ള കുതിപ്പാണ്’ -സിദാന്‍ പറഞ്ഞു.31 കളിയില്‍ ബാഴ്സക്ക് 76 പോയന്‍റും അത്ലറ്റികോ മഡ്രിഡിന് 70ഉം റയലിന് 69ഉം പോയന്‍റാണുള്ളത്. ഏഴു മത്സരങ്ങള്‍ ബാക്കിനില്‍ക്കെ സ്പെയിനിലെ കിരീടപ്പോരാട്ടവും നിര്‍ണായകമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.