അണ്ടര്‍ 17 ലോകകപ്പ്: സ്റ്റേഡിയം നവീകരണം സെപ്റ്റംബറില്‍ പൂര്‍ത്തിയാക്കും
text_fieldsകൊച്ചി: അണ്ടര്‍ 17 ലോകകപ്പ് വേദിയായ കലൂര്‍ രാജ്യാന്തര സ്റ്റേഡിയത്തിന്‍െറയും പരിശീലന മൈതാനങ്ങുടെയും നവീകരണ പ്രവര്‍ത്തനങ്ങള്‍ ഫിഫ സംഘം വിലയിരുത്തി. കലൂര്‍ സ്റ്റേഡിയത്തിന്‍െറയും പരിശീലന മൈതാനങ്ങളുടെയും നിര്‍മാണപ്രവര്‍ത്തനങ്ങള്‍ സെപ്റ്റംബര്‍ 30നകം പൂര്‍ത്തിയാക്കാനാണ് തീരുമാനം. കുഫോസ് സ്റ്റേഡിയത്തിന് പകരം ഫോര്‍ട്ട് കൊച്ചി പരേഡ് ഗ്രൗണ്ട് പരിശീലന മൈതാനമായി ഉള്‍പ്പെടുത്താനും വെള്ളിയാഴ്ച ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചതായി അണ്ടര്‍ 17 ലോകകപ്പ് നോഡല്‍ ഓഫിസര്‍ എ.പി.എം മുഹമ്മദ് ഹനീഷ് പറഞ്ഞു.
ഗ്രൗണ്ട് നന്നാക്കല്‍, കോമ്പറ്റീഷന്‍ ഏരിയ നവീകരണം, ഫയര്‍ ആന്‍ഡ് സേഫ്ടി, സ്വീവേജ് സംവിധാനം, പ്ളംബിങ് എന്നിവ പൂര്‍ത്തിയാക്കണം. മീഡിയ സെന്‍റര്‍, കോണ്‍ഫറന്‍സ് ഹാള്‍, ഡ്രസിങ് റൂമുകള്‍, ജിംനേഷ്യം ഉള്‍പ്പെടെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തണം. വി.ഐ.പി പവിലിയനില്‍ ഉള്‍പ്പെടെ സീറ്റുകള്‍ മാറ്റിസ്ഥാപിക്കണം. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് എസ്റ്റിമേറ്റ് തയാറാക്കിയതോടെ ടെന്‍ഡര്‍ നടപടിക്കും തുടക്കമിട്ടു. പ്രവര്‍ത്തനങ്ങള്‍ മേയ് 15ഓടെ ആരംഭിച്ച് സെപ്റ്റംബര്‍ 30നകം പൂര്‍ത്തിയാക്കി ഐ.എസ്.എല്ലിനുമുമ്പ് സ്റ്റേഡിയം ഫിഫയെ ഏല്‍പിക്കും.
പ്രധാന വേദിക്കൊപ്പം പരിശീലന മൈതാനങ്ങളും പൂര്‍ണസജ്ജമാക്കുന്ന തരത്തിലാണ് പ്രവര്‍ത്തനങ്ങള്‍. പനമ്പിള്ളി നഗറിലെ സ്പോര്‍ട്സ് അക്കാദമി, മഹാരാജാസ് കോളജ് ഗ്രൗണ്ട്, ഫോര്‍ട്ട് കൊച്ചി വെളി എന്നിവയാണ് മറ്റു പരിശീലന മൈതാനങ്ങള്‍. 12.44 കോടി രൂപ വീതം 24.88 കോടിയാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ വിഹിതം. നിയമസഭാ തെരഞ്ഞെടുപ്പ് കഴിയുന്നതോടെ തുക ലഭിക്കുമെന്നാണ് കരുതുന്നതെന്നും മുഹമ്മദ് ഹനീഷ് പറഞ്ഞു. സ്റ്റേഡിയത്തില്‍ നടന്ന യോഗത്തില്‍ വേദികളുടെ തലവന്‍ റോമ ഖന്ന, ടൂര്‍ണമെന്‍റ് ഡയറക്ടര്‍ ജെവിയര്‍ സെപ്പി ഉള്‍പ്പെടെ ഫിഫ സംഘാംഗങ്ങളും ജി.സി.ഡി.എ ചെയര്‍മാന്‍ എന്‍. വേണുഗോപാല്‍, കെ.എഫ്.എ സെക്രട്ടറി പി. അനില്‍ കുമാര്‍, കോര്‍പറേഷന്‍ സെക്രട്ടറി അമിത് വീണ, ജി.സി.ഡി.എ സെക്രട്ടറി ആര്‍. ലാലു തുടങ്ങിയവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.