ഒറ്റയാന്‍ ആക്രമണം
text_fieldsമഡ്രിഡ്: ബയേണ്‍ മ്യൂണിക്കിനെ കളിപഠിപ്പിക്കുന്ന പെപ് ഗ്വാര്‍ഡിയോള പോലും സൈഡ് ബെഞ്ചിലിരുന്ന് ഞെട്ടിത്തരിച്ച നിമിഷം. ചാമ്പ്യന്‍സ് ലീഗ് രണ്ടാം സെമിയുടെ ആദ്യപാദത്തില്‍ അത്ലറ്റികോ മഡ്രിഡും ബയേണ്‍ മ്യൂണിക്കും തമ്മിലുള്ള ഏക വ്യത്യാസവും ആ നിമിഷമായിരുന്നു. അണ്ടര്‍ 21 സ്പാനിഷ് താരമായ സോള്‍ നിഗെസ് 11ാം മിനിറ്റിലാണ് ഗാലറിയെ ഞെട്ടിച്ചത്. നാലു ബയേണ്‍ പ്രതിരോധതാരങ്ങളെ വെട്ടിച്ച് ഒറ്റക്കു മുന്നേറിയ നിഗെസ് തൊടുത്ത ഗ്രൗണ്ടര്‍ ഷോട്ട് ലോക ഒന്നാം നമ്പര്‍ ഗോളി മാനുവല്‍ നോയറെയും മറികടന്ന് ഇടത് പോസ്റ്റില്‍ തട്ടി വലയിലേക്ക് കയറിയപ്പോള്‍ അത്ലറ്റികോയുടെ ഗാലറി ഇളകിമറിഞ്ഞു.
കളിയുടെ തുടക്കത്തിലേ ലഭിച്ച ഒരു ഗോളിന്‍െറ ആനുകൂല്യത്തില്‍ കോട്ടകെട്ടിയ അത്ലറ്റികോയുടെ പ്രതിരോധം ബയേണ്‍ ആക്രമണനിരക്ക് ഇളക്കാന്‍ സാധിക്കാത്തതോടെ ആദ്യപാദത്തില്‍ 1-0ത്തിന്‍െറ നിര്‍ണായക ലീഡും അത്ലറ്റികോ സ്വന്തമാക്കി. അടുത്ത ചൊവ്വാഴ്ച ബയേണിന്‍െറ തട്ടകത്തിലാണ് രണ്ടാംപാദ മത്സരം. സൂപ്പര്‍ താരങ്ങളായ തോമസ് മുള്ളറെയും ഫ്രാങ്ക് റിബറിയെയും കരക്കിരുത്തിയാണ് ഗ്വാര്‍ഡിയോള ആദ്യ ഇലവനെ ഇറക്കിയത്. ഇരുവര്‍ക്കും പകരം ഡഗ്ളസ് കോസ്റ്റയും കിങ്സ്ലി കോമാനും ചുമതലയേറ്റെടുത്തു. റിബറിയെയും മുള്ളറെയും ആദ്യ ഇലവനില്‍ കളിപ്പിക്കാതിരുന്നത് മണ്ടത്തരമായെന്ന് മത്സരശേഷം ഗ്വാര്‍ഡിയോളക്കെതിരെ വിമര്‍ശമുയര്‍ന്നു.
അത്ലറ്റികോയുടെ ആക്രമണചുമതല ഫെര്‍ണാണ്ടോ ടോറസിനും അന്‍േറാണിയോ ഗ്രീസ്മാനുമായിരുന്നു. ഇരുവരും തുടക്കത്തിലേ ബയേണ്‍ ഗോള്‍മുഖത്ത് ആക്രമണ ഭീതിപരത്തി. 11ാം മിനിറ്റിലായിരുന്നു സോള്‍ നിഗസിന്‍െറ ‘സോള്‍’ മുന്നേറ്റം. പെനാല്‍റ്റി ബോക്സിനു പുറത്തുനിന്ന് ലഭിച്ച പന്തുമായി കുതിച്ച നെഗസിനെ തടയാന്‍ നിരവധി പ്രതിരോധ താരങ്ങളുണ്ടായിരുന്നു. എന്നാല്‍, ഏവരെയും അമ്പരപ്പിച്ച് സോള്‍ നടത്തിയ ബുദ്ധിപൂര്‍വമായ മുന്നേറ്റം ഫലംകണ്ടു. ഗോള്‍ വീണതോടെ മടക്കാനുള്ള ശ്രമം ബയേണിന്‍െറ ഭാഗത്തുനിന്നുമുണ്ടായി. അര്‍തുറോ വിദാലിന്‍െറ ഉഗ്രന്‍ ശ്രമം ജോസ് ഗീമെന്‍സിന്‍െറ ഇടപെടലില്‍ വിഫലമായി. ബോക്സിനു വെളിയില്‍നിന്ന് കോസ്റ്റ തൊടുത്ത ഫ്രീകിക്കും ലക്ഷ്യത്തിലത്തെിയില്ല. രണ്ടാം പകുതിയിലും ബയേണിനായിരുന്നു ആധിപത്യം. എന്നാല്‍, അത്ലറ്റികോയുടെ പ്രതിരോധക്കോട്ട പൊളിക്കാന്‍ അവര്‍ക്കായില്ല. 54ാം മിനിറ്റില്‍ സോളിന് സമാനമായി ബയേണ്‍ താരം ഡേവിഡ് ആല്‍ബ നടത്തിയ മുന്നേറ്റവും ഗോളില്‍നിന്ന് വഴിമാറി. 35 വാര അകലെനിന്ന് ആല്‍ബ തൊടുത്ത പൊള്ളുന്ന ഷോട്ട് വഴിമാറി. 64ാം മിനിറ്റില്‍ ബയേണ്‍ മുന്നേറ്റതാരം റോബര്‍ട്ട് ലെവന്‍ഡോവ്സ്കി കോര്‍ണര്‍ കിക്കില്‍നിന്ന് ലഭിച്ച അവസരം നഷ്ടപ്പെടുത്തി.
മുന്നേറ്റക്കാര്‍ക്ക് ഗോള്‍ കണ്ടത്തൊന്‍ സാധിക്കാത്തതോടെ ഗ്വാര്‍ഡിയോള 64ാം മിനിറ്റില്‍ കിങ്സ്ലി കോമാനെ പിന്‍വലിച്ച് ഫ്രാങ്ക് റിബറിയെയും 70ാം മിനിറ്റില്‍ തിയാഗോ അല്‍ക്കന്‍താരെയെ പിന്‍വലിച്ച് തോമസ് മുള്ളറെയും കളത്തിലിറക്കി. ഇതിനിടയില്‍ ബയേണ്‍ ഗോള്‍മുഖം ലക്ഷ്യംവെച്ച് ടോറസും ഗ്രീസ്മാനും ചില ഒറ്റപ്പെട്ട ആക്രമണങ്ങള്‍ നടത്തിയെങ്കിലും ലീഡ് വര്‍ധിപ്പിക്കാനായില്ല. എപ്പോഴും ഗോളിലേക്കാണ് എന്‍െറ ലക്ഷ്യം. ബയേണിനെതിരെയുള്ള ഗോള്‍ ഞാന്‍ നേടിയതില്‍വെച്ച് മനോഹരവും പ്രധാനപ്പെട്ടതുമായിരുന്നു -മത്സരശേഷം സോള്‍ നിഗെസ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.