അങ്ങനെ ഒരു നാഗ്ജിക്കാലത്ത്!
text_fieldsപെനാല്‍റ്റി കിക്ക് കാത്തുകിടക്കുന്ന ഗോള്‍കീപ്പറുടെ ഏകാന്തതയെക്കുറിച്ച് എന്‍.എസ്. മാധവന്‍ എഴുതിയത് വായിക്കുന്നതിന് എത്രയോ മുമ്പാണ്, കൈകള്‍ നെഞ്ചത്തേക്ക് കൂട്ടിപ്പിടിച്ച് പച്ചത്തുള്ളനെപ്പോലെ നില്‍ക്കുന്ന ഗോള്‍കീപ്പര്‍ ബ്രഹ്മാനന്ദിന്‍െറ ഏകാന്തത നേരിട്ടുകണ്ടത്. മാജിക്കല്‍ റിയലിസം സങ്കേതമാക്കിയ നോവലിലെന്നപോലെ ചാട്ടം അരക്കുമുകളിലത്തെിയപ്പോള്‍, വായുവില്‍ ഒന്ന് അമര്‍ത്തി അയാള്‍ പോസ്റ്റിന്‍െറ അറ്റത്തേക്ക് നീന്തി പന്തുതട്ടുന്നത് നേരിട്ടുകണ്ട് ഈ ലേഖകന്‍ അന്ധാളിച്ചുപോയിട്ടുണ്ട്. വായുവിനെ കുഷ്യനാക്കി മാറ്റുന്ന ഇന്ദ്രജാലം, സാല്‍ഗോക്കറിന്‍െറ ക്യാപ്റ്റന്‍ കൂടിയായ ഈ ഗോവക്കാരന്‍െറ കൈയിലുണ്ടോ, അതോ കളിയാവേശത്തില്‍ അയാള്‍ നീന്തുന്നതായി തോന്നിയതാണോ എന്നൊന്നും അറിയില്ല. എങ്ങനെയെങ്കിലും കളി കാണാനായി എന്‍.സി.സി വളന്‍റിയര്‍മാരായി, പന്തുപെറുക്കികളുടെ രൂപത്തില്‍ കോഴിക്കോട് സ്റ്റേഡിയത്തിലത്തെിയ, ഞങ്ങളുടെ സ്കൂള്‍ സംഘത്തിന് 1988ലെ നാഗ്ജി ഫുട്ബാളിലെ ഏറ്റവും വലിയ ഹീറോ ഗോള്‍കീപ്പര്‍ ബ്രഹ്മാനന്ദായിരുന്നു. അയാളെപ്പോലെ ഞങ്ങള്‍ മുടിമുറിച്ചു. അയാളെപ്പോലെ പന്ത് മൂന്നുതവണ നിലത്തുകുത്തി നീണ്ട ഗോള്‍ കിക്കെടുക്കാന്‍ ശ്രമിച്ചു. അയാളെപ്പോലെ പറക്കാന്‍ ശ്രമിച്ച് ഞങ്ങളില്‍ പലരും പോസ്റ്റില്‍ തലയടിച്ചുവീണു.
ഇത് ഒരു തലമുറയുടെ മാത്രം പ്രശ്നമല്ല. കോഴിക്കോട്ടെ ഏതു കാല്‍പന്തുപ്രേമിയോട് ചോദിച്ചാലും നാഗ്ജിയെക്കുറിച്ചുള്ള ‘ഐതിഹ്യങ്ങള്‍’ കേള്‍ക്കാം. തഞ്ചാവൂര്‍ കിട്ടുവിന്‍െറ കോര്‍ണര്‍കിക്ക് എവിടെയും തൊടാതെ ഗോളായത്, വിദേശതാരം ചെങ്കാസി മധ്യവരയില്‍നിന്ന് പോസ്റ്റിലേക്ക് നേരിട്ട് ഷോട്ട് തൊടുത്തത്... എന്നിങ്ങനെ. ചലഞ്ചേഴ്സ് മുഹമ്മദന്‍സിനെ സമനിലയില്‍ പിടിച്ചതുപോലുള്ള അതിശയോക്തിയില്ലാത്ത സത്യങ്ങള്‍ വേറെയും.
മിത്തും യാഥാര്‍ഥ്യവും കൂടിക്കലര്‍ന്ന് ശരിക്കും കോഴിക്കോടിന്‍െറ ദേശീയ ഉത്സവമായിരുന്നു നാഗ്ജി ഫുട്ബാള്‍. വൈകീട്ട് നടക്കുന്ന കളിക്കായി രാവിലെ 11 മണിക്കുതന്നെ സ്റ്റേഡിയം വലംവെച്ചെന്നോണമുള്ള നീണ്ടനിര ഇന്ന് എവിടെയെങ്കിലും കാണാനാവുമോ. താല്‍ക്കാലിക ഗാലറി പലപ്പോഴും തകരുന്നതുപോലെ ഇരച്ചുകയറുന്ന ആള്‍ക്കൂട്ടം. അത് ഈ നഗരത്തിന്‍െറ മാത്രമാണ്. 88ലെ നാഗ്ജിയില്‍ സാല്‍ഗോക്കറിന്‍െറയും പറക്കുംഗോളി ബ്രഹ്മാനന്ദിന്‍െറയും പ്രകടനവും കോഴിക്കോട്ടുകാരുടെ മനസ്സില്‍നിന്ന് മാഞ്ഞുപോകില്ല. കലാശക്കളിയില്‍ ബ്രഹ്മാനന്ദിന്‍െറ ഒറ്റമിടുക്കിലാണ്, മുഹമ്മദന്‍സിനെ ഒറ്റഗോളിന് മറികടന്ന് കിരീടം ഗോവക്ക് കൊണ്ടുപോകുന്നത്. തൊട്ടുമുമ്പായി നെഹ്റു കപ്പ് നടന്നതിന്‍െറ ആവേശത്തിലായിരുന്നു കോഴിക്കോട്. ഇന്നുകാണുന്ന വലിയ ഹോട്ടലുകളും സമുച്ചയങ്ങളുമൊക്കെയുണ്ടായി കോഴിക്കോട് ഏറെ മാറിയതും അക്കാലത്താണ്.
ഹൂളിഗന്‍സ് അല്ല കോഴിക്കോട്ടെ കാണികള്‍
ആഫ്രിക്കയില്‍നിന്ന് ഇന്ത്യയിലത്തെി ഇവിടത്തെ ഫുട്ബാള്‍പ്രേമികളുടെ മനംകവര്‍ന്ന ചീമ ഒകേരി എന്ന കോഴിക്കോട്ടുകാരുടെ പ്രിയപ്പെട്ട ‘ചീമാക്കോറി’ (നമ്മുടെ ഐ.എം. വിജയനെ ഇംഗ്ളീഷ് പഠിപ്പിച്ച് ഒടുവില്‍ സ്വയം മലയാളം പഠിച്ചെന്ന കഥയിലെ നായകന്‍!) ഒരു അഭിമുഖത്തില്‍ പറഞ്ഞത്, കോഴിക്കോട്ടെ കാണികളെപ്പോലെ നിലവാരമുള്ള ഒരു ഗാലറി താന്‍ എവിടെയും കണ്ടിട്ടില്ളെന്ന്. സ്വന്തം ടീം തെറ്റുചെയ്താല്‍പ്പോലും അത് അംഗീകരിക്കാനുള്ള മനസ്സാണ് ചീമ ചൂണ്ടിക്കാട്ടിയത്. ഇഷ്ട ടീം തോറ്റാല്‍ പ്രദേശമാകെ അടിച്ചുപൊളിച്ച് അലങ്കോലമാക്കുന്ന യൂറോപ്യന്‍ ഹൂളിഗന്‍സ് അല്ല കോഴിക്കോട്ടെ കാണികള്‍. റഫറിയിങ്ങിലെ പോരായ്മകള്‍പോലും അവര്‍ സൂക്ഷ്മമായി വിലയിരുത്തും. അഭിപ്രായം പറയും. ടെലിവിഷന്‍തരംഗം വന്നിട്ടില്ലാത്ത അക്കാലത്തും കോഴിക്കോടന്‍ കാണികള്‍ക്ക് ലോകത്തെ ഏത് ടൂര്‍ണമെന്‍റിനെക്കുറിച്ചും കളിക്കാരെക്കുറിച്ചുമുള്ള അപാരമായ അറിവ് തന്നെ ഞെട്ടിച്ചിട്ടുണ്ടെന്ന് മോഹന്‍ ബഗാന്‍െറ മുന്‍ കോച്ച് പി.കെ. ബാനര്‍ജി ഒരിക്കല്‍ എഴുതിയിരുന്നു.
പൊരുതിക്കളിച്ചാല്‍ ഏത് ടീമിനും കോഴിക്കോട് ഹോം ഗ്രൗണ്ടാകും. ടൈറ്റാനിയം എന്ന ടീം നിറഞ്ഞുനില്‍ക്കുന്ന 80കളുടെ അവസാനത്തിലും ഒരു ദുര്‍ബലരായ ടീം ടൈറ്റാനിയത്തിനെതിരെ നല്ല പ്രകടനം കാഴ്ചവെച്ചാല്‍ ഗ്രൗണ്ട് സപ്പോര്‍ട്ട് മൊത്തത്തില്‍ അങ്ങോട്ടാവും. ഹോം ടീം എതിരാളികളെ ഫൗള്‍ചെയ്താലും ജനം മൊത്തം തിരിയും. പക്ഷേ, നാഗ്ജിക്കാലത്തെന്നപോലെ ഇന്നും കോഴിക്കോടന്‍ ഫുട്ബാള്‍ ആരാധകര്‍ക്ക് ചില നിര്‍ബന്ധങ്ങളുണ്ട്. ബാക്ക് പാസ് കൊടുക്കുന്നവരെ അവര്‍ക്ക് കണ്ണിന് കണ്ടുകൂടാ. രണ്ടു ഗോള്‍ അടിച്ചതല്ളേ, ഇനി തട്ടിമുട്ടി പാസിട്ട് സമയം കളയാം എന്നു വിചാരിച്ചാല്‍ ഗാലറിയില്‍നിന്ന് ഓരിയിടലായിരിക്കും മറുപടി. അതുപോലത്തെന്നെ ഗോളടിക്കാനായി പെനാല്‍റ്റി ബോക്സിനടുത്ത് പെറ്റുകിടക്കുന്നവനെയും പുച്ഛമാണ്. ഇന്ത്യയിലെ ഏറ്റവും നല്ല സ്ട്രൈക്കര്‍മാരില്‍ ഒരാളായിരുന്നു മോഹന്‍ ബഗാന്‍െറ ബാബുമണി. എന്നാല്‍, കോഴിക്കോടന്‍ ആരാധകര്‍ക്ക് ബാബുമണിയെ അത്രക്ക് മതിപ്പില്ല. അവന്‍ കാപ്പിക്കച്ചവടക്കാരനാണ് (പെനാല്‍റ്റി ബോക്സിനടുത്ത് ഗോളടിക്കാനുള്ള പന്തും പ്രതീക്ഷിച്ച് കാപ്പിക്കച്ചവടം ചെയ്ത് കൂടുകയാണ് ബാബുമണിയെന്നാണ് ഇതിനര്‍ഥം) എന്നാണ് പതിവ് കാണികള്‍ പറയുക. ബാബുമണിക്ക് പന്തുകിട്ടുമ്പോഴേക്കും ‘കാപ്പി കാപ്പി‘ എന്ന വലിയ ആരവവും സ്റ്റേഡിയത്തില്‍ മുഴങ്ങും. സിസര്‍കട്ടാണ് ജനപ്രീതിയുടെ ഏറ്റവും വലിയ ഘടകം. (ഇതു മനസ്സിലാക്കിയെന്നോണം ഐ.എം. വിജയനൊക്കെ മലബാറില്‍ എവിടെ കളിക്കുമ്പോഴും സിസര്‍കട്ടിനുള്ള ചെറിയ അവസരംപോലും പാഴാക്കാറില്ല!) അധ്വാനിച്ചുകളിക്കുന്നവരെ വലിയ കാര്യമാണ്. ഗോവയുടെ പ്ളേമേക്കറും ഷാര്‍പ്പ് ഷൂട്ടറുമായ സാവിയേ മഡേര, മോഹന്‍ ബഗാന്‍െറ ശിശിര്‍ഘോഷ് തുടങ്ങിയവര്‍ക്കും ആഫ്രിക്കന്‍താരങ്ങളായ ചീമ ഒകേരി, എമേഗ എസ്യൂഗ, വാലന്‍റീന്‍ ഇസീഗോ എന്നിവര്‍ക്കൊക്കെ ഇവിടെ നല്ല കൈയടിയാണ്. മുഖര്‍ജിമാരും ചാറ്റര്‍ജിമാരും ഭട്ടാചാര്യമാരും സര്‍ക്കാറുകളും അണിനിരന്ന ബംഗാള്‍ ചേരിയോട് കാണികള്‍ക്കുള്ള കമ്പം കാണേണ്ടതായിരുന്നു. (അന്ന് ബംഗാള്‍ എന്ന വാക്കുകേട്ടാല്‍ ഇതരസംസ്ഥാന തൊഴിലാളികളുടെ പുകയിലക്കറപിടിച്ച ദൈന്യമായ ചിരിയല്ല, ഇവരുടെ കാലുകളാണ് ഓര്‍മവരുക). സ്വര്‍ണനിറമുള്ള ഗോവക്കാരും ആജാനുബാഹുക്കളായ പഞ്ചാബികളുമൊക്കെ ഗാലറികളെ ത്രസിപ്പിച്ചു. സ്വന്തം ഗോള്‍പോസ്റ്റിന്‍െറ കുമ്മായവരകളില്‍നിന്ന് തുടങ്ങി എതിര്‍ ഗോള്‍പോസ്റ്റുവരെ, മലവെള്ളത്തില്‍ വരാല്‍ എന്ന കണക്കെ വളഞ്ഞുപുളഞ്ഞ് മുന്നേറുന്ന യു. ഷറഫലി പില്‍ക്കാലത്ത് ഈ നഗരത്തിന്‍െറ പ്രിയ താരമായതിനുപിന്നിലും കളംനിറഞ്ഞുകളിക്കുന്നവനോടുള്ള കമ്പംതന്നെയായിരിക്കും.
നാഗ്ജി നിലച്ച് കുറച്ചുകാലത്തിനുശേഷം ഇവിടെ വിരുന്നത്തെിയ സിസേഴ്സ് കപ്പില്‍ ബൈച്യുങ് ബൂട്ടിയ വന്നതും കാണേണ്ട കാഴ്ചയായിരുന്നു. കൊച്ചു പയ്യനായതിനാല്‍ അവസാനത്തെ 10 മിനിറ്റൊക്കെയാണ് ബൂട്ടിയക്ക് ആദ്യത്തെ കളിയില്‍ കിട്ടിയത്. മിന്നല്‍ചലനങ്ങളും തകര്‍പ്പന്‍ ഷോട്ടുകളും കോര്‍ണര്‍കിക്കിന് തകര്‍പ്പനൊരു സിസര്‍കട്ടുമായി കിട്ടിയ സമയംകൊണ്ട് ബൂട്ടിയ കടന്നുകൂടിയത് കോഴിക്കോടന്‍ കാണികളുടെ ഹൃദയത്തിലേക്കാണ്. പിന്നീടങ്ങോട്ട് ഈസ്റ്റ് ബംഗാള്‍ ലേസ് കെട്ടി ഇറങ്ങുമ്പോഴേക്കും ‘ബൂട്ടിയ ബൂട്ടിയ‘ എന്ന ആരവങ്ങളായിരുന്നു. അവസാനത്തെ 10 മിനിറ്റിലെ ബൂട്ടിയപ്രവേശം രണ്ടാംപകുതി മുഴുവനായി മാറാന്‍ അധികം സമയമെടുത്തില്ല. താരങ്ങളെ സൃഷ്ടിക്കുന്നത് കാണികള്‍കൂടിയാണെന്നതിന് കൂടുതല്‍ തെളിവെന്തിന്. നാഗ്ജി കഴിഞ്ഞ് ടീമുകള്‍ മടങ്ങുന്നതും പഴമക്കാര്‍ക്ക് മറക്കാനാവത്ത അനുഭവമാണ്. പാക്ക് ചെയ്യാവുന്നതിന്‍െറ പരമാവധി വിഭവങ്ങള്‍ കൊടുത്തുവിട്ടാണ് മുന്‍കാലത്ത് ഫുട്ബാള്‍പ്രേമികള്‍ തങ്ങളുടെ പ്രിയതാരങ്ങളെ യാത്രയാക്കിയത്. 80കളില്‍ കോഴിക്കോട് നഗരത്തില്‍നിന്ന് എന്ത് സാധനം വാങ്ങിയാലും നാട്ടുകാര്‍ തന്നില്‍നിന്ന് കാശുവാങ്ങിക്കില്ളെന്ന് സാല്‍ഗോക്കറിന്‍െറ ഗോള്‍കീപ്പര്‍ ബ്രഹ്മാനന്ദ് ഈയിടെ സോണി മാക്സ് ചാനലിനു കൊടുത്ത അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. കൊല്‍ക്കത്ത കഴിഞ്ഞാല്‍ ഇന്ത്യയില്‍ എവിടെയും ഇതുപോലൊരു അനുഭവമില്ളെന്നും കോഴിക്കോടിന്‍െറ പറക്കും ഗോള്‍കീപ്പര്‍ ചൂണ്ടിക്കാട്ടുന്നു.
വീണ്ടും വസന്തം വരുമ്പോള്‍
80കളുടെ അവസാനമായപ്പോള്‍തന്നെ നാഗ്ജി ഊര്‍ധ്വന്‍ വലിച്ചുതുടങ്ങിയിരുന്നു. പല വര്‍ഷങ്ങളിലും ടൂര്‍ണമെന്‍റ് മുടങ്ങി. അനിശ്ചിതമായി നടന്ന കോഴിക്കോട്ടെ സ്റ്റേഡിയം പണിയും വില്ലനായി. അങ്ങനെ 95ല്‍ ജെ.സി.ടി ഫഗ്വാരയെ അവസാനമായി ചാമ്പ്യന്മാരാക്കി ഈ പൈതൃക ഫുട്ബാള്‍ നിലച്ചു.
ബി ഡിവിഷനിലൊക്കെ മുട്ടിനിന്നിരുന്ന കാല്‍പന്തുലമ്പടന്മാരായ ഞങ്ങളുടെയൊക്കെ ലോകകപ്പായിരുന്നു നാഗ്ജി. കോഴിക്കോട്ടെ ഓരോ സെവന്‍സ് കളിക്കാരന്‍െറയും ഏറ്റവും വലിയ ആഗ്രഹമായിരുന്നു ഇവിടെ ബൂട്ടുകെട്ടല്‍. മൂന്ന് കോര്‍ണര്‍കിക്കുകള്‍ തുടര്‍ച്ചയായി വന്നാല്‍ പെനാല്‍റ്റി അടിക്കുക, ഒരേസമയം രണ്ടില്‍ കൂടുതല്‍ പേര്‍ ഒരാളോട് പന്തിനുവേണ്ടി പൊരുതിയാല്‍ അത് ഫ്രീകിക്കാവുക തുടങ്ങിയ വിചിത്രമായ നിയമങ്ങളിലൂടെയും കാടന്‍ഫൗളുകളിലൂടെയും കളിച്ചുവന്ന ഞങ്ങള്‍ക്കൊക്കെ ശാസ്ത്രീയ ഫുട്ബാള്‍ കാണിച്ചുതന്നത് നാഗ്ജിയായിരുന്നു. അത് നിലച്ചതിന്‍െറ എല്ലാ പിന്നാക്കാവസ്ഥയും പില്‍ക്കാലത്ത് കോഴിക്കോടന്‍ ഫുട്ബാളില്‍ ഉണ്ടായി.അവസാനമായി ഇവിടെയത്തെിയ നായനാര്‍ കപ്പ് ഫുട്ബാളിന് വേണ്ടത്ര ആള്‍ക്കൂട്ടത്തെയും ആകര്‍ഷിക്കാനായില്ളെന്നതും ഞെട്ടിപ്പിക്കുന്നതായിരുന്നു. അങ്ങനെ കോഴിക്കോടിന്‍െറ ഫുട്ബാള്‍ പാരമ്പര്യം നഷ്ടമാകുമോയെന്ന് കരുതിയിരിക്കുമ്പോഴാണ് വീണ്ടും നാഗ്ജി പൂര്‍വാധികം ശക്തിയോടെ എത്തുന്നത്. അതുകൊണ്ടുതന്നെ കോഴിക്കോടിന് ഇത് ഏറ്റെടുത്തേ മതിയാവൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.