മാഞ്ചസ്റ്റര്‍ സിറ്റിയെ 5-1ന് കെട്ടുകെട്ടിച്ച് ചെല്‍സി- വിഡിയോ
text_fieldsലണ്ടന്‍: പ്രമുഖരെല്ലാം ഗോള്‍ പട്ടികയില്‍ ഇടംപിടിച്ച ഗ്ളാമര്‍ പോരില്‍ മാഞ്ചസ്റ്റര്‍ സിറ്റിയെ 5-1ന് കെട്ടുകെട്ടിച്ച് ചെല്‍സി എഫ്.എ കപ്പ് ക്വാര്‍ട്ടറിലേക്ക് മുന്നേറി. ബുധനാഴ്ച നടക്കാനിരിക്കുന്ന ചാമ്പ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടര്‍ കണക്കിലെടുത്തും പരിക്ക് കാരണവും യുവനിരയെ പരീക്ഷിച്ച സിറ്റി മാനേജര്‍ മാനുവല്‍ പെല്ളെഗ്രിനിയെ തകര്‍ക്കുന്ന പ്രകടനമാണ് സ്വന്തം തട്ടകത്തില്‍ ചെല്‍സി കാഴ്ചവെച്ചത്. അഞ്ചു താരങ്ങളാണ് സിറ്റിക്കായി ഈ മത്സരത്തിലൂടെ അരങ്ങേറ്റം നടത്തിയത്. ഡീഗോ കോസ്റ്റ, വില്യന്‍, ഗാരി കാഹില്‍, ഏഡന്‍ ഹസാര്‍ഡ്, ബെര്‍ട്രാന്‍ഡ് ട്രവോര്‍ എന്നിവരാണ് ചെല്‍സിക്കായി വലകുലുക്കിയത്.
ആദ്യ പകുതിയില്‍ സ്കോര്‍ നിലയില്‍ തുല്യതയിലായിരുന്നു. 35ാം മിനിറ്റിലെ ഡീഗോ കോസ്റ്റയുടെ ഗോളിന് 37ാം മിനിറ്റില്‍ സിറ്റിയുടെ ഫ്രഞ്ചുകാരനായ അരങ്ങേറ്റ താരം ഡേവിഡ് ഫൗപാല മറുപടി നല്‍കി. 1-1ന് പിരിഞ്ഞ ഇടവേളക്കുശേഷം തിരിച്ചത്തെിയപ്പോഴാണ് ചെല്‍സിയുടെ മികവ് സിറ്റി ശരിക്കുമറിഞ്ഞത്. 48ാം മിനിറ്റില്‍ വില്യനും 53ാം മിനിറ്റില്‍ കാഹിലും വലകുലുക്കിയതോടെ സിറ്റി കുലുങ്ങി. പരിചയസമ്പന്നരായ ഗോള്‍ കീപ്പര്‍ വില്ലി കബല്ളെറോയും റൈറ്റ് ബാക്ക് പാബ്ളോ സബലേറ്റയും തീര്‍ത്തും നിറംമങ്ങി. പിന്നാലെ 67ാം മിനിറ്റില്‍ ഫ്രീകിക്കിലൂടെ ഹസാര്‍ഡും ഗോള്‍ കണ്ടത്തെി. ഓസ്കാര്‍ എടുത്ത പെനാല്‍റ്റി കബല്ളെറോ വലത്തേക്കുചാടി തടഞ്ഞില്ലായിരുന്നെങ്കില്‍ 75ാം മിനിറ്റില്‍ ചെല്‍സി സ്കോര്‍ നില 5-1 ആകുമായിരുന്നു. 89ാം മിനിറ്റിലെ ഗോളിലൂടെ ട്രവോര്‍ പട്ടിക തികച്ചു. ക്വാര്‍ട്ടറില്‍ എവര്‍ട്ടനാണ് ചെല്‍സിയുടെ എതിരാളി. മറ്റു പോരാട്ടങ്ങളില്‍ വെസ്റ്റ് ഹാം യുനൈറ്റഡ് ബ്ളാക്ബേണ്‍ റോവേഴ്സിനെ 5-1ന് മുട്ടുകുത്തിച്ചു. ക്രിസ്റ്റല്‍ പാലസ് ടോട്ടന്‍ഹാം ഹോട്സ്പറിനെ 1-0ത്തിനും തോല്‍പിച്ചു. ക്രിസ്റ്റല്‍ പാലസ് ക്വാര്‍ട്ടറില്‍ റീഡിങ്ങിനെ നേരിടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.