സാഫ് കപ്പ് ഫൈനല്‍ നാളെ; ഇന്ത്യക്ക് പ്രതിരോധം തലവേദന
text_fieldsതിരുവനന്തപുരം: സാഫ് കപ്പ് ഫുട്ബാളില്‍ കിരീടം വീണ്ടെടുക്കാനൊരുങ്ങുന്ന ഇന്ത്യക്ക് പ്രതിരോധത്തിലെ പാളിച്ച തലവേദനയാവുന്നു. തുടര്‍ച്ചയായ മൂന്നാംതവണയും ഫൈനലില്‍ എതിരിടുന്ന അഫ്ഗാനിസ്താന്‍െറ കരുത്തളക്കുമ്പോള്‍ പ്രതിരോധത്തിലെ പാളിച്ചകള്‍ പരിഹരിക്കാനായില്ളെങ്കില്‍ കാര്യങ്ങള്‍ കൈവിടുമെന്ന ചിന്തയില്‍ തന്ത്രങ്ങള്‍ക്ക് രൂപംനല്‍കുകയാണ് കോച്ച് സ്റ്റീഫന്‍ കോണ്‍സ്റ്റന്‍ൈറന്‍.
സെമിയില്‍ മാലദ്വീപിനെതിരെ മധ്യനിരയും മുന്നേറ്റനിരയും കൂടുതല്‍ ഒത്തിണക്കത്തോടെ കളിച്ചിട്ടും വിജയത്തിന് കൂടുതല്‍ തിളക്കംകിട്ടാതെ പോയത് പ്രതിരോധത്തിലെ പിഴവിലൂടെ വഴങ്ങിയ രണ്ടു ഗോളുകളാണ്. പ്രാഥമിക റൗണ്ടില്‍ നേപ്പാളിനെതിരെ വഴങ്ങിയ ഗോളും നിസ്സാര പിഴവില്‍നിന്നായിരുന്നു. ഏത് പ്രതിരോധവും വേഗംകൊണ്ടും തന്ത്രം കൊണ്ടും കീറിമുറിക്കാന്‍ കഴിയുന്ന അഫ്ഗാന് മുന്നില്‍ പിഴവുകള്‍ ആവര്‍ത്തിച്ചാല്‍ ഞായറാഴ്ചത്തെ കലാശക്കളിയില്‍ ആതിഥേയര്‍ വലയും.
കിട്ടിയ അവസരങ്ങളില്‍ ഏറെയും തുലക്കുകയും മാലദ്വീപ് അവസരങ്ങള്‍ മുതലെടുക്കുകയും ചെയ്തത് ചൂണ്ടിക്കാട്ടിയ കോണ്‍സ്റ്റന്‍ൈറന്‍ യുവനിര തെറ്റില്‍നിന്ന് പാഠങ്ങളുള്‍ക്കൊണ്ട് പരിഹാരക്രിയ ചെയ്യുമെന്ന ആത്മവിശ്വാസത്തിലാണ്. പരിചയക്കുറവിലൂടെയുള്ള തെറ്റുകള്‍ സ്വാഭാവികമാണ്. ആവര്‍ത്തിക്കാതിരിക്കാനാണ് ശ്രമിക്കേണ്ടത്. സെമി വിജയത്തില്‍ വേണ്ടത്ര തൃപ്തിയില്ലാതെ കോച്ച് പറഞ്ഞു. മത്സരപരിചയം ഇവരെ കൂടുതല്‍ നന്നായി കളിക്കാന്‍ പ്രാപ്തരാക്കുമെന്നും കോച്ച് വിശ്വാസം പ്രകടിപ്പിച്ചു.രണ്ടാം സെമിയില്‍ എതിരാളികളുടെ കരുത്തറിഞ്ഞു കളിച്ച ലങ്ക ആദ്യപകുതിയില്‍ പൂര്‍ണപ്രതിരോധം തീര്‍ത്തിട്ടും അവ ഭേദിച്ച അഫ്ഗാന്‍ തന്ത്രം തടയാനുള്ള മന്ത്രം തേടുകയാണ് ഇന്ത്യക്കാര്‍.
അര്‍ണാബ് മണ്ഡലിന് മാത്രമാണ് ആതിഥേയ പ്രതിരോധനിരയില്‍ കൂടുതല്‍ അന്താരാഷ്ട്ര മത്സരം കളിച്ചതിന്‍െറ പരിചയമുള്ളത്. സഹതാരങ്ങളായ അഗസ്റ്റിന്‍ ഫെര്‍ണാണ്ടസും പ്രീതം കോട്ടാലും നാരായണ്‍ ദാസും ഏറെക്കുറെ തുടക്കക്കാരാണ്. ഐ.എസ്.എല്‍ മികവില്‍ ടീമിലത്തെിയ സന്ദേശ് ജിങ്കാനും ആദ്യാവസരം ലഭിച്ച അനസ് എടത്തൊടികയും പരിക്കേറ്റ് പിന്മാറിയ ടൂര്‍ണമെന്‍റില്‍ കൗസിക് സര്‍ക്കാറും ലാല്‍ ചീവാന്‍ മാവിയയുമാണ് പ്രതിരോധത്തിലെ മറ്റു രണ്ടുപേര്‍. ഛേത്രിക്കൊപ്പം ജെജെയും നര്‍സാരിയും കൂടുതല്‍ മികവ് കാട്ടിയത് പരിക്കേറ്റ റോബിന്‍ സിങ്ങിന്‍െറ അഭാവത്തില്‍ ഇന്ത്യക്ക് ആശ്വാസംപകരുന്ന ഘടകങ്ങളാണ്. ഗോളി ഗുര്‍പ്രീത് സിങ് സന്ധുവും ഞായറാഴ്ച കാര്യമായി പരീക്ഷിക്കപ്പെടും.
ജേതാക്കള്‍ക്ക് അരലക്ഷം ഡോളര്‍
തിരുവനന്തപുരം: സാഫ് കപ്പ് ഫുട്ബാളില്‍ ജേതാക്കളെ കാത്തിരിക്കുന്നത് അരലക്ഷം ഡോളര്‍ സമ്മാനത്തുക. രണ്ടാം സ്ഥാനക്കാര്‍ക്ക് 25,000 ഡോളര്‍ ലഭിക്കും. സെമിയില്‍ തോറ്റ് പുറത്തായ മാലദ്വീപിനും ശ്രീലങ്കക്കും 10,000 ഡോളര്‍ വീതം ലഭിക്കും. ടൂര്‍ണമെന്‍റിലെ മികച്ചകളിക്കാരനും 10,000 ഡോളര്‍ സമ്മാനിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.