കനല്‍വഴികള്‍ താണ്ടിയെത്തിയ അഫ്ഗാന്‍ സിംഹങ്ങള്‍
text_fieldsതിരുവനന്തപുരം: കലഹവും കാലുഷ്യവും നെരിപ്പോട് തീര്‍ത്ത മണ്ണില്‍ ചിതറിയ ചോരയുടെ മണവും തുകല്‍പന്തുമായി കളത്തിലിറങ്ങിയവരാണ് ഈ യൗവനം. നിലക്കാത്ത വെടിയൊച്ചകളുടെയും തീരാത്ത ദുരിതങ്ങളുടെയും നടുവില്‍ തളരാത്ത ആവേശവുമായി കാല്‍പന്തുകളിയെ നെഞ്ചേറ്റിയവരുടെ ഹൃദയവികാരങ്ങളാണിവര്‍. അതുകൊണ്ടുതന്നെ ആ ജനതയുടെ സ്വപ്നങ്ങള്‍ക്ക് നിറച്ചാര്‍ത്തേകി ഒരിക്കല്‍കൂടി സാഫ് കപ്പുമായി കാബൂളിലേക്ക് പറക്കാനാണ് ചുവന്നകുപ്പായക്കാര്‍ ഒരുക്കം കൂട്ടുന്നത്.
ലക്ഷ്യത്തിലേക്ക് അവര്‍ക്കുമുന്നില്‍ ആതിഥേയരായ ഇന്ത്യമാത്രം. ഞായറാഴ്ചത്തെ ഫൈനലില്‍ അനന്തപുരിയിലെ പച്ചപ്പാടത്ത് എന്ത് സംഭവിച്ചാലും അഫ്ഗാനിസ്താന്‍ മടങ്ങുന്നത് കളിയെ അത്രമേല്‍ സ്നേഹിക്കുന്ന കൈരളിയുടെ മനം കവര്‍ന്നാണ്. കളത്തിലെ അച്ചടക്കത്തിനും മാന്യതക്കും 2014ല്‍ ഫിഫയുടെ ഫെയര്‍ പ്ളേ അവാര്‍ഡുമായി ലോകത്തിനുമുന്നില്‍ നിറഞ്ഞുനിന്നവരാണിവര്‍.
പ്രതിസന്ധികളെ തരണംചെയ്താണ് അഫ്ഗാന്‍ കളിക്കളത്തില്‍ തിരിച്ചത്തെിയത്. 1984 മുതല്‍ 2002 വരെ ഒന്നര വ്യാഴവട്ടക്കാലം ഇരുളടഞ്ഞതായിരുന്നു അവരുടെ കളിക്കാലം. യുദ്ധങ്ങളും താലിബാന്‍ ഭരണകൂടവും അവരുടെ ഫുട്ബാള്‍ സ്വപ്നങ്ങളെ തകര്‍ത്തു. ദേശീയ ടീം ഒറ്റ ടൂര്‍ണമെന്‍റ് പോലും കളിക്കാതിരുന്ന കാലം അവര്‍ സിരകളില്‍ ബാക്കിവെച്ചത് കാലംതളര്‍ത്താത്ത പോരാട്ടവീര്യംമാത്രമായിരുന്നു. പതിയെ അവര്‍ ദക്ഷിണേഷ്യയില്‍ ഇന്ത്യക്ക് വെല്ലുവിളിയായി വളര്‍ന്നു. 2011 സാഫ് കപ്പില്‍ ഫൈനലില്‍ ഇന്ത്യയോട് തോറ്റ അഫ്ഗാന്‍ അടുത്ത തവണ ആ തോല്‍വിക്ക് കണക്കുതീര്‍ത്ത് ആദ്യമായി ഒരന്താരാഷ്ട്ര ടൂര്‍ണമെന്‍റില്‍ കിരീടം നേടുകയും ചെയ്തു. ആ കിരീടം നിലനിര്‍ത്താനാണ്് ഞായറാഴ്ച അങ്കപുറപ്പാട്. പുതുതായി രൂപവത്കരിച്ച മധ്യേഷന്‍ ഫുട്ബാള്‍ കോണ്‍ഫെഡറേഷനില്‍ അംഗത്വമെടുത്ത അഫ്ഗാന്‍െറ അവസാനത്തെ സാഫ് കപ്പ് കൂടിയാണിത്.
സ്വന്തം മണ്ണില്‍ കളിച്ചുവളരാന്‍ വിധിയില്ലാത്തവരുടെ കരളുറപ്പും ചങ്കുറപ്പുമാണ് അഫ്ഗാന്‍ താരങ്ങളില്‍ തുടികൊള്ളുന്നത്. മൈതാനത്തെ ഓരോ പോരാട്ടങ്ങളും അവര്‍ക്ക് ഓരോ യുദ്ധങ്ങളാണ്. അശാന്തിയോട് പൊരുതുന്ന ഒരു ജനതക്കുവേണ്ടി. എവിടെ കളിക്കുന്നുവെന്നതിലല്ല, ആര്‍ക്കുവേണ്ടി കളിക്കുന്നുവെന്നതിലാണ് കാര്യം. ഭിഷ്വഗരനായ പിതാവിനൊപ്പം ഹോളണ്ടില്‍ കുടിയേറി അവിടെ ജൂനിയര്‍തലത്തില്‍ രാജ്യാന്തര മത്സരങ്ങള്‍ കളിച്ചു വളര്‍ന്ന അഫ്ഗാന്‍ നായകന്‍ ഫൈസല്‍ ഷെയ്സ്തെ പറയുന്നു -‘രാജ്യത്തിന്‍െറ കുപ്പായമണിയുമ്പോള്‍ മനംനിറയെ അടങ്ങാത്ത വിജയതൃഷ്ണയാണ്’. ഫൈസലിനെപ്പോലെതന്നെയാണ് നാലു ഗോളടിച്ച് ടോപ് സ്കോററായി നില്‍ക്കുന്ന ഖൈബര്‍ അമാനിയും. ജനിച്ചത് ജര്‍മനിയിലാണെങ്കിലും സ്വന്തം വേരുകളിലെ അടങ്ങാത്ത ആവേശം നിറക്കുന്നു. അഫ്ഗാന്‍ ടീമിലെ ഏറെക്കുറെ മുഴുവന്‍പേരും യൂറോപ്പില്‍ കളിച്ചുവളരുന്നവരാണ്. അവരുടെ കരുത്തും അതാണ്.
മൂന്നുവര്‍ഷം മുമ്പുവരെ ഫിഫ റാങ്കിങ്ങില്‍ 196ാം സ്ഥാനത്തായിരുന്ന അഫ്ഗാന്‍ ഇപ്പോള്‍ 150ല്‍ എത്തിനില്‍ക്കുന്നു. ലോക ഫുട്ബാളില്‍ സമീപകാലത്ത് ഒരു രാജ്യവും റാങ്കിങ്ങില്‍ ഇത്രവലിയ കുതിപ്പ് നടത്തിയിട്ടില്ല. ലോകകപ്പ് യോഗ്യതാറൗണ്ടില്‍ സിറിയയോടും ജപ്പാനോടും കനത്തതോല്‍വി രുചിച്ച ടീമിന്‍െറ ശിക്ഷണമേറ്റെടുത്ത ക്രൊയേഷ്യക്കാരനായ പീറ്റര്‍ സെഗ്രട്ടിന്‍െറ കീഴില്‍ അഫ്ഗാനികള്‍ കൂടുതല്‍ കരുത്താര്‍ജിക്കുന്നു.
കരുത്തരായ എതിരാളികളോട് മാറ്റുരച്ച് ശക്തമായ ടീമിനെ വാര്‍ത്തെടുക്കുകയെന്ന് ലക്ഷ്യമിടുന്ന പീറ്ററിന്‍െറ സങ്കല്‍പങ്ങള്‍ക്കൊപ്പം വളരുന്നവരാണ് ഓരോ കളിക്കാരും. സാഫില്‍നിന്ന് പിന്മാറുമ്പോള്‍ അവര്‍ കൊതിക്കുന്നതും മധ്യേഷ്യയിലെ കരുത്തരായ എതിരാളികളെയാണ്. പത്തു വര്‍ഷത്തിനകം ലോകകപ്പ് കളിക്കുകയാണ് പോരാട്ടങ്ങളുടെ തീച്ചൂളയില്‍ വളരുന്ന, ഇനിയും ഏഷ്യാകപ്പ് പോലും കളിച്ചിട്ടില്ലാത്ത ടീമംഗങ്ങളുടെ മോഹം. ഇത് കേവലമൊരു സ്വപ്നമാകില്ളെന്ന് പീറ്റര്‍ പറയുന്നു. ഒരുനാടിന്‍െറ മുഴുവന്‍ പിന്തുണയും അവര്‍ക്കുണ്ടുതാനും. അതിനുള്ള സാക്ഷ്യപ്പെടുത്തലായാണ് അഫ്ഗാനില്‍നിന്നുള്ള ഒരുസംഘം വിദ്യാര്‍ഥികള്‍ കാര്യവട്ടത്തത്തെിയത്. ശ്രീലങ്കക്കെതിരെ വിജയംനേടിയ ടീമംഗങ്ങളും കോച്ചും നേരെചെന്ന് അഭിവാദ്യമര്‍പ്പിച്ചതും അവര്‍ക്കായിരുന്നു.
ഫുട്ബാള്‍ ഞങ്ങള്‍ക്ക് ജീവനാണ്. ഏത് പ്രതിസന്ധിയെയും ഫുട്ബാളിലൂടെ അതിജയിക്കാന്‍ അഫ്ഗാന്‍ ജനതക്കാവും ടീമിന് പിന്തുണയുമായി തിരുവനന്തപുരത്തത്തെിയ ബംഗളൂരു ജെ. എന്‍.യുവില്‍ ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിയായ മസൂദ് മഹമൂദും സുഹൃത്തുക്കളും ഒരുപോലെ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.