Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightകരിയില കിക്കിന്‍െറ...

കരിയില കിക്കിന്‍െറ തമ്പുരാന്‍

text_fields
bookmark_border
കരിയില കിക്കിന്‍െറ തമ്പുരാന്‍
cancel

ബ്രസീലിന് എന്നും മനോഹരമായ സൂര്യാസ്തമയ കാഴ്ചയൊരുക്കുന്ന ഗ്വയ്ബ തടാകത്തിന്‍െറ തീരനഗരം പാര്‍ടോ അലെഗ്രൊയെ വിസ്മയിപ്പിച്ച് റൊണാള്‍ഡോ ഡി അസിസ് മൊറീറ എന്ന ബാലന്‍ പന്തില്‍ സാംബാ നൃത്തച്ചുവടുകള്‍ തീര്‍ക്കുന്നതായിരുന്നു അന്നത്തെ വിശേഷം. പന്തില്‍ അവന്‍ കാണിക്കുന്ന മായാജാലത്തിന്‍െറ കാഴ്ചക്കാരായിരുന്നു ആ നാട്. കൊള്ളിമീന്‍ പോലെ കുതിച്ചും, ഡ്രിബ്ള്‍ ചെയ്തും അവന്‍ നൃത്തം ചെയ്യുമ്പോള്‍ കൈയടിച്ച് അവര്‍ ഒപ്പം കൂടി.
മഞ്ഞക്കുപ്പായക്കാരുടെ യുവസംഘത്തിലേക്ക് ഇതിഹാസ താരം പെലെയുടെ പിന്‍ഗാമിയായി സാക്ഷാല്‍ റൊണാള്‍ഡോ കടന്നുവരുന്ന കാലമായിരുന്നു അത്. റിയോ ഡെ ജനീറോയില്‍നിന്നുള്ള സൂപ്പര്‍ താരം റൊണാള്‍ഡോ ഇരിക്കേ മറ്റൊരു റൊണാള്‍ഡോകൂടി വേണ്ടെന്ന് കരുതി നാട്ടുകാരും കളിക്കൂട്ടുകാരും പോര്‍ട്ടോ അലെഗ്രൊയിലെ ‘റൊണാള്‍ഡോയുടെ’ പേരുമാറ്റി. ‘കുഞ്ഞു റൊണാള്‍ഡോ’ എന്ന് അര്‍ഥം വരുന്ന പോര്‍ച്ചുഗീസ് ഭാഷയിലെ റൊണാള്‍ഡീന്യോ എന്ന വാക്ക് ഉപയോഗിച്ചു. ലോകം വാഴ്ത്തിയ, ഇന്ന് മലയാള മണ്ണില്‍ പാദമൂന്നുന്ന റൊണാള്‍ഡീന്യോയുടെ കഥ.
കളിക്കൂട്ടുകാര്‍ നല്‍കിയ  വിളിപ്പേരുമായി അവന്‍ പതുക്കെ വളര്‍ന്നു. ഏഴാം വയസ്സില്‍ നാട്ടിലെ ക്ളബായ ഗ്രീമിയോയിലൂടെ പ്രഫഷനല്‍ ഫുട്ബാളിലേക്ക് അരങ്ങേറ്റം. ബ്രസീലിന് അണ്ടര്‍ 17 ലോക കിരീടം സമ്മാനിച്ചതിനു പിന്നാലെ ദേശീയ സീനിയര്‍ ടീമിലിടം. റിവാള്‍ഡോ-റൊണാള്‍ഡോ കൂട്ടിന് പിന്തുണയുമായി റൊണാള്‍ഡീന്യോ കൂടി അവതരിച്ചതോടെ അറുപതുകളിലെ പെലെ-ഗരിഞ്ച-ദിദി ഇതിഹാസ സംഘത്തിന്‍െറ പുനരവതാരമായി  ഫുട്ബാള്‍ ലോകം വിളിച്ചു. ഇതിന്‍െറ ഫലമായിരുന്നു 2002 ലോകകപ്പില്‍ മഞ്ഞപ്പടയുടെ ലോക കിരീട നേട്ടം.

***
പന്തുകള്‍ നിറഞ്ഞ വീട്ടിലേക്കായിരുന്നു ‘കുഞ്ഞു റൊണാള്‍ഡോ’യുടെ ജനനം. നാട്ടിലെ ഫുട്ബാള്‍ കളിക്കാരായി പേരെടുത്ത അച്ഛന്‍ ജൊവോ മൊറീറയുടെയും, മുതിര്‍ന്ന സഹോദരന്‍ റോബര്‍ടോയുടെയും അമ്മാവന്മാരുടെയും ഫുട്ബാള്‍ കഥകള്‍ കേട്ടുവളര്‍ന്ന കൊച്ചു താരത്തിന്‍െറ കൂട്ടും കാറ്റുനിറച്ച തുകല്‍പന്തായിരുന്നു. പന്തിനൊപ്പം പിച്ചവെച്ചു തുടങ്ങിയപ്പോള്‍ ബാലപാഠങ്ങള്‍ പകര്‍ന്നു നല്‍കി ഷിപ്യാര്‍ഡ് ജീവനക്കാരനായ അച്ഛന്‍ ബ്രസീലുകാര്‍ നെഞ്ചേറ്റിയ ഒരു ഫുട്ബാള്‍ ഇതിഹാസത്തിന് അടിത്തറയിട്ടു.
ശരീരവും മനസ്സും പന്തും ഒന്നായി മാറിയ മകന്‍ കളിക്കളത്തില്‍ അമാനുഷികനായി വളര്‍ന്നുവലുതായപ്പോഴേക്കും അച്ഛന്‍ ഓര്‍മയായി. വീട്ടിലെ നീന്തല്‍കുളത്തില്‍ മൊറീറോ മരിക്കുമ്പോള്‍ റൊണാള്‍ഡീന്യോക്ക് പ്രായം ഏഴു വയസ്സ്. പക്ഷേ, ആ കളിജീവിതത്തിന് വെളിച്ചമാവുന്ന പാഠങ്ങള്‍ പകര്‍ന്നു നല്‍കിയായിരുന്നു പിതാവിന്‍െറ യാത്ര.  
പോര്‍ടൊ അലെഗ്രോയിലെ തെരുവില്‍ കൂട്ടുകാര്‍ക്കൊപ്പം ഫുട്സാലും ബീച്ച് ഫുട്ബാളും കളിച്ചു നടന്ന റൊണാള്‍ഡീന്യോയെ സഹോദരനാണ് ഗ്രീമിയോ ക്ളബിലത്തെിച്ചത്. പിന്നീട് ലോകം കണ്ടതെല്ലാം ചരിത്രം. 11 വര്‍ഷം പോര്‍ടോ അലെഗ്രെയിലെ ക്ളബിന്‍െറ യൂത്ത് ടീമംഗമായിരുന്ന റൊണാള്‍ഡീന്യോ ഒരു മത്സരത്തില്‍ 23 ഗോളടിച്ചു കൂട്ടിയതോടെ ദേശീയ ശ്രദ്ധയിലുമത്തെി. ലോക ഫുട്ബാളിലെ ഒരുപാട് ഇതിഹാസങ്ങള്‍ക്ക് ജന്മമേകിയ മണ്ണ് അങ്ങനെ മറ്റൊരു കൗമാര പ്രതിഭയുടെ വിസ്മയങ്ങളിലേക്കും കണ്ണു തുറന്നു തുടങ്ങി. ഇതിനിടെയാണ് ബ്രസീല്‍ അണ്ടര്‍ 17 ലോകകപ്പ് ടീമിലേക്ക് 1996ല്‍ വിളിയത്തെുന്നത്. ഈജിപ്തില്‍ നടന്ന ലോക ചാമ്പ്യന്‍ഷിപ്പില്‍ മഞ്ഞപ്പടയെ നയിക്കാനുള്ള നിയോഗം ചുരുണ്ട് നീണ്ട തലമുടിയും മോണയുന്തിയ പല്ലുമായി ആരാധകശ്രദ്ധ കവര്‍ന്ന അഞ്ചടി 11 ഇഞ്ചുകാരനിലത്തെി. മഞ്ഞപ്പടക്ക് ആദ്യ കിരീടം സമ്മാനിച്ച റൊണാള്‍ഡീന്യോ ടൂര്‍ണമെന്‍റിലെ മികച്ച താരമായും മാറി. ഇതേ വര്‍ഷം, ഗ്രീമിയോയുടെ സീനിയര്‍ ടീമിലേക്ക് അരങ്ങേറ്റം കുറിച്ച താരം ബ്രസീലിലെ ആഘോഷതാരമായുംമാറി.

ഇതിഹാസപ്പിറവി

1999 ജൂണ്‍ 26നായിരുന്നു ബ്രസീലിയന്‍ ദേശീയ ടീമില്‍ റൊണാള്‍ഡീന്യോയുടെ അരങ്ങേറ്റം. കോപ അമേരിക്കക്ക് തൊട്ടുമുമ്പ് ലാത്വിയക്കെതിരായ സന്നാഹ മത്സരം. നാലു ദിവസം കഴിഞ്ഞ് കോപയില്‍ വെനിസ്വേലക്കെതിരെ പ്ളെയിങ് ഇലവനിലിറങ്ങിയ റൊണാള്‍ഡീന്യോ നേടിയ ഗോള്‍ ലോക ഫുട്ബാളിനെയും കോരിത്തരിപ്പിച്ചു. ഒരു ഡിഫന്‍ഡറെ ലോപ്പ് ചെയ്തും മറ്റൊരാളെ കാഴ്ചക്കാരനാക്കിയും റൊണാള്‍ഡീന്യോ സ്കോര്‍ ചെയ്തപ്പോള്‍ കോപ അമേരിക്കയിലേക്ക് ബ്രസീല്‍ സ്വപ്നക്കുതിപ്പ് തുടങ്ങി. ബ്രസീല്‍ കിരീടമണിഞ്ഞ ചാമ്പ്യന്‍ഷിപ്പില്‍ ഒരു ഗോളേ നേടിയുള്ളൂവെങ്കിലും അതുമതിയായിരുന്നു റൊണാള്‍ഡീന്യോയുടെ പേരും പെരുമയും വന്‍കരകളുടെ അതിര്‍ത്തികള്‍ ഭേദിക്കാന്‍.

സുന്ദരഗോള്‍ പലവട്ടം ടെലിവിഷനുകള്‍ ‘റീപ്ളേ’ ചെയ്തപ്പോള്‍ കമന്‍േററ്റര്‍മാര്‍ ഇതുകൂടി പറഞ്ഞു: ഇതാ പെലെയുടെ ശരിയായ രണ്ടാംവരവ്!
മിന്നുന്ന പ്രകടനത്തില്‍ കണ്ണുമഞ്ഞളിച്ച യൂറോപ്യന്‍ ക്ളബുകള്‍ അന്വേഷണങ്ങളുമായത്തെിയതോടെ ഗ്രീമിയോ മാനേജ്മെന്‍റിനും പൊറുതിമുട്ടായി. മാഞ്ചസ്റ്റര്‍ യുനൈറ്റഡായിരുന്നു മുന്‍പന്തിയില്‍. പക്ഷേ, ബ്രസീല്‍ ക്ളബ് വിട്ടുനല്‍കാന്‍ തയാറായില്ല. ഒടുവില്‍, സഹോദരന്‍ റോബര്‍ട്ടോയുടെ ഇടപെടലില്‍ റൊണാള്‍ഡീന്യോ ഫ്രഞ്ച് ക്ളബ് പാരിസ് സെന്‍റ് ജര്‍മനിലേക്ക് കുടിയേറി. 2001ലായിരുന്നു ഇത്. അഞ്ചുവര്‍ഷത്തെ കരാറായിരുന്നുവെങ്കിലും പി.എസ്.ജിയിലെ കളിജീവിതം അത്ര സുഖകരമായിരുന്നില്ല. കൊറിയയും ജപ്പാനും വേദിയായ 2002 ഫിഫ ലോകകപ്പിന് ബ്രസീല്‍ ഒരുങ്ങുമ്പോള്‍ റൊണാള്‍ഡോ-റിവാള്‍ഡോ എന്നിവര്‍ക്കൊപ്പം റൊണാള്‍ഡീന്യോയുമുണ്ടായിരുന്നു. ഫൈനലില്‍ ജര്‍മനിയെ തോല്‍പിച്ച് ബ്രസീല്‍ കപ്പുയര്‍ത്തുകയും റൊണാള്‍ഡോ എട്ട് ഗോളുമായി ഗോള്‍ഡന്‍ താരമാവുകയും ചെയ്തെങ്കിലും റൊണാള്‍ഡീന്യോ തന്നെയായിരുന്നു ആരാധക മനസ്സിലെ സൂപ്പര്‍ താരം.

ഇംഗ്ളണ്ടിനെതിരായ ക്വാര്‍ട്ടറില്‍ മഞ്ഞപ്പട ഒപ്പത്തിനൊപ്പം നില്‍ക്കുന്ന നിമിഷം. 50ാം മിനിറ്റിലും കളി 1-1ന് ഇഴഞ്ഞു നീങ്ങുമ്പോഴാണ് ആ മുഹൂര്‍ത്തം പിറന്നത്. ഇംഗ്ളീഷ് ഡിഫന്‍ഡര്‍ ഷോള്‍സിന്‍െറ ഫൗളില്‍ ഗോള്‍പോസ്റ്റിന് പത്തിരുപതു വാര അകലെ പിറന്ന ഫ്രീകിക്ക്. അനായാസം പന്ത് നിലത്തിട്ട് തൊടുത്ത വലംകാലന്‍ ഷോട്ടിനു മുന്നില്‍ പന്തിന്‍െറ ഗതിയറിയാതെ ഇംഗ്ളീഷ് ഗോളി ഡേവിഡ് സീമാനും പ്രതിരോധ നിരക്കാരും നിന്നു.

റൊണാള്‍ഡിന്യോ ഡി മൊറീറ (റൊണാള്‍ഡിന്യോ)

ജനനം: 1980 മാര്‍ച്ച് 21, 35 വയസ്സ്

ബാഴ്സലോണയിലെ
നൂ കാംപിലും ജപ്പാനിലെ
ഷിസൂകയിലും
പന്തിനെക്കൊണ്ട്
കഥപറയിച്ച
പൊന്‍കാലുകള്‍ ഇന്ന്
കോഴിക്കോടന്‍ മണ്ണില്‍ നിലംതൊടുമ്പോള്‍
ഉറക്കംവിട്ടെഴുന്നേല്‍ക്കുന്ന
ഫുട്ബാള്‍ ആരവം നൂറ്റാണ്ടുകള്‍
അലയടിക്കട്ടേയെന്ന്
പ്രാര്‍ഥിക്കാം.


ബ്രസീല്‍

  • 1999-2013 - 97 കളി 33 ഗോള്‍

ക്ളബുകള്‍ (കളി, ഗോള്‍ ക്രമത്തില്‍)

  • 1998-2001: ഗ്രീമിയോ (52-21)
  • 2001-03 പി.എസ്.ജി (55-17)
  • 2003-08 ബാഴ്സലോണ (145-70)
  • 2008-11 എ.സി മിലാന്‍ (76-20)
  • 2011-12 ഫ്ളെമെങ്കോ (33-15)
  • 2012-14 അത്ലറ്റികോ മിനീറോ (48-17)
  • 2014-15 ക്യുറെറ്റാറോ (25-8)
  • 2015 ഫ്ളൂമിനിസെ (9-0)

നേട്ടങ്ങള്‍

  • ബ്രസീല്‍ കോപ അമേരിക്ക (1999), ഫിഫ ലോകകപ്പ് (2002),
  • ഫിഫ കോണ്‍ഫെഡറേഷന്‍ കപ്പ് (2005). അ.17 ലോകകപ്പ് (1997)
  • ബാഴ്സലോണ ലാ ലിഗ (2005, 2006), ചാമ്പ്യന്‍സ് ലീഗ് (2006),
  • ക്ളബ് വേള്‍ഡ് കപ്പ് റണ്ണര്‍ അപ്പ് (2006)
  • എ.സി മിലാന്‍ സീരി ‘എ’ 2011
  • അത്ലറ്റികോ മിനീറോ കോപ ലിബര്‍റ്റഡോറസ് (2013)

വ്യക്തിഗതം

  • ഫിഫ പ്ളെയര്‍ ഓഫ് ദി ഇയര്‍
  • 2004, 2005.
  • ബാലണ്‍ ഡി ഓര്‍ 2005,
  • ഫിഫ്പ്രൊ ലോക ഇലവന്‍:
  • 2005, 2006, 2007.

വായുവിലൂടെ വിസ്മയപാത തീര്‍ത്ത പന്ത് പോസ്റ്റിനു മീതെ പറന്നുപോകുമെന്ന് ഗോളിയും മറ്റുള്ളവരും കരുതി. കുമ്മായവരക്കു പുറത്ത് കോച്ച് എറിക്സനും ആശ്വാസം കൊണ്ടു. പക്ഷേ, മറ്റൊരു വഴിത്തിരിവ് പിറക്കുകയായിരുന്നു. പൊഴിഞ്ഞുവീഴുന്നൊരു കരിയിലപോലെ വേഗം കുറഞ്ഞ്, മുന്നേറ്റപാത വിട്ട്, സ്ലോമോഷനില്‍ താഴേക്ക്.... ഗോളിലേക്ക്്. ബ്രസീലുകാര്‍ ഗരിഞ്ചയുടെ ആത്മാവ് റൊണാള്‍ഡീന്യോയിലൂടെ പറന്നിറങ്ങിയെന്ന് വിശ്വസിച്ചു. സ്നേഹത്തോടെ അവര്‍ വിളിച്ച ‘ഫോഞ്ഞ സീക്ക’ (കരിയില കിക്ക്) ലോകവും ഏറ്റെടുത്തു.
കാല്‍പന്തു ചരിത്രത്തില്‍ ഒട്ടനവധി തവണ ഇതേ ഗോളുകള്‍ പിറന്നെങ്കിലും റൊണാള്‍ഡീന്യോയുടെ ഗോള്‍ ആരാധക മനസ്സില്‍ ഇപ്പോഴുമുണ്ട്. 2006 ലോകകപ്പിലും മഞ്ഞപ്പടയണിയില്‍ റൊണാള്‍ഡീന്യോ ഉണ്ടായിരുന്നു. പക്ഷേ, ക്വാര്‍ട്ടറില്‍ ഫ്രാന്‍സിനോട് തോറ്റ് അവര്‍ മടങ്ങി. 2010 ദക്ഷിണാഫ്രിക്ക ലോകകപ്പില്‍ ഇടം നേടാനാവാതെ പോയതോടെ കരിയിലക്കിക്കിന്‍െറ തമ്പുരാന്‍െറ ബ്രസീല്‍ കരിയറും അസ്തമിച്ചു തുടങ്ങി. 97 കളിയില്‍ 33 ഗോളുകളാണ് ബ്രസീല്‍ ജഴ്സിയിലെ സമ്പാദ്യം. കരിയിലക്കിക്കിന്‍െറ പെരുമയില്‍ 2003ല്‍ ബാഴ്സലോണയിലേക്ക് റെക്കോഡ് പ്രതിഫലത്തിന് മാറിയ റൊണാള്‍ഡീന്യോ അവിടെയും വിസ്മയം വിരിയിച്ചു. രണ്ട് ലാ ലിഗ കിരീടം, ഒരു യുവേഫ ചാമ്പ്യന്‍സ് ലീഗ്, രണ്ട് സൂപ്പര്‍ കപ്പുകള്‍ എന്നിവയുമായി ഉജ്ജ്വല പ്രകടനം. 2004ലും, 2005ലുമായി രണ്ടുതവണ ഫിഫ ലോക ഫുട്ബാളര്‍ പുരസ്കാരവും. 2008ല്‍ ബാഴ്സ വിട്ട ശേഷം 2011വരെ എ.സി മിലാനില്‍. പിന്നീട് ജന്മനാട്ടിലേക്കുള്ള മടക്കം.

ഫുട്ബാള്‍ മണ്ണിനെ ഉണര്‍ത്താന്‍
ദേശീയ കുപ്പായം രണ്ടു വര്‍ഷം മുമ്പ് അഴിച്ചെങ്കിലും 35ാം വയസ്സിലും റൊണാള്‍ഡീന്യോ കളിക്കളത്തിലുണ്ട്. കഴിഞ്ഞ ഞായറാഴ്ച ഫ്ളൂമിനിസെക്കുവേണ്ടി ഫ്ളോറിഡ കപ്പില്‍ ഷാക്തര്‍ ഡൊണസ്കിനെതിരെ കളിച്ച ആവേശവുമായാണ് ബ്രസീല്‍ താരത്തിന്‍െറ വരവ്. പെലെയും മെസ്സിയും കൊല്‍ക്കത്തയിലത്തെിയപ്പോഴും മറഡോണ കേരളത്തിലത്തെിയപ്പോഴും ആരാധനകൊണ്ട് വീര്‍പ്പുമുട്ടിയാണ് മടങ്ങിയത്.
ബാഴ്സലോണയിലെ നൂ കാംപിലും ജപ്പാനിലെ ഷിസൂകയിലും പന്തിനെക്കൊണ്ട് കഥപറയിച്ച പൊന്‍കാലുകള്‍ ഇന്ന് കോഴിക്കോടന്‍ മണ്ണില്‍ നിലംതൊടുമ്പോള്‍ ഉറക്കംവിട്ടെഴുന്നേല്‍ക്കുന്ന ഫുട്ബാള്‍ ആരവം നൂറ്റാണ്ടുകള്‍ അലയടിക്കട്ടേയെന്ന് പ്രാര്‍ഥിക്കാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ronaldinhonagjee club football
Next Story