റൊണാള്‍ഡീന്യോ മടങ്ങി
text_fieldsകോഴിക്കോട്: ഫുട്ബാളിനെ പ്രാണവായുവാക്കിയ മണ്ണിന്‍െറ ആതിഥ്യം രണ്ടു ദിനംകൊണ്ട് മനംനിറയെ അനുഭവിച്ച് കളിയുടെ താരരാജാവ് യാത്രപറഞ്ഞു. ഞായറാഴ്ച രാവിലെ നെടുമ്പാശ്ശേരിയില്‍ വിമാനമിറങ്ങിയതു മുതല്‍, തിങ്കളാഴ്ച ഉച്ചയോടെ ദുബൈയിലേക്ക് മടങ്ങും വരെ പിന്തുടര്‍ന്ന ആരാധക ലക്ഷങ്ങളോട് പോര്‍ചുഗീസിലെ നന്ദിവാക്കായ ‘ഒബ്രിഗാദോ’ ചൊല്ലി ബ്രസീലിയന്‍ ഇതിഹാസം റൊണാള്‍ഡീന്യോ യാത്രപറഞ്ഞു. ഇനി, വിധിയൊത്താല്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ പന്തുതട്ടുന്നതു കാണാം. 21 വര്‍ഷത്തെ ഉറക്കംവിട്ടെഴുന്നേല്‍ക്കുന്ന നാഗ്ജി ഇന്‍റര്‍നാഷനല്‍ ക്ളബ് ഫുട്ബാള്‍ ചാമ്പ്യന്‍ഷിപ് നാടിന് സമര്‍പ്പിച്ചും ലോകസമാധാനത്തിലേക്ക് ഫുട്ബാളിനെ പ്രചരിപ്പിച്ചുമാണ് റൊണാള്‍ഡീന്യോ തിങ്കളാഴ്ച മടങ്ങിയത്. കരിപ്പൂരില്‍നിന്ന് ചാര്‍ട്ടര്‍ചെയ്ത വിമാനത്തില്‍ നെടുമ്പാശ്ശേരിയിലത്തെിയായിരുന്നു ദുബൈ യാത്ര.
ഞായറാഴ്ച കോഴിക്കോട് കടപ്പുറത്തെ നാഗ്ജി കപ്പ് ഉദ്ഘാടന ചടങ്ങു കഴിഞ്ഞ് വിശ്രമിച്ച താരത്തിന് തിങ്കളാഴ്ച ഫുട്ബാള്‍ ഫോര്‍ പീസ് പ്രചാരണാര്‍ഥം നടക്കാവ് ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ഒരു പരിപാടി മാത്രമേ ഉണ്ടായിരുന്നുള്ളൂ.
ഫുട്ബാള്‍ ഫോര്‍ പീസ് ചാരിറ്റി സംഘടന സ്ഥാപകനും പാക് ഫുട്ബാളറുമായ കാഷിഫ് സിദ്ദീഖിയോടൊപ്പമായിരുന്നു നടക്കാവ് സ്കൂളിലെ ആരവങ്ങള്‍ക്കിടയിലേക്ക് റൊണാള്‍ഡീന്യോ എത്തിയത്.
രാവിലെ പത്തോടെ എത്തിയ താരത്തെ സ്കൂളിലെ സ്റ്റുഡന്‍റ്സ് പൊലീസിന്‍െറ നേതൃത്വത്തില്‍ ആനയിച്ചു. പൊലീസും സംഘാടകരും ചേര്‍ന്നൊരുക്കിയ കനത്ത സുരക്ഷാവലയത്തിലത്തെിയ ബ്രസീല്‍ ഫുട്ബാളറെ ഗ്രൗണ്ടിന് ചുറ്റും നിരന്ന വിദ്യാര്‍ഥികള്‍ ഹര്‍ഷാരവങ്ങളോടെ അഭിവാദ്യം ചെയ്തപ്പോള്‍ റോ തിരിച്ചും കൈവീശി അഭിവാദ്യമര്‍പ്പിച്ചു.
ആസ്ട്രോ ടര്‍ഫില്‍ കാഷിഫ് സിദ്ദീഖിയോടൊപ്പം പന്തുകളിച്ച പെണ്‍കുട്ടികള്‍ക്കിടയിലേക്ക് റൊണാള്‍ഡീന്യോ ഇറങ്ങിവന്നു. പന്തില്‍ പ്രകടനങ്ങളൊന്നും പുറത്തെടുത്തില്ളെങ്കിലും കളിക്കാരെ ഹസ്തദാനം ചെയ്തും അവര്‍ക്കൊപ്പം ഫോട്ടോയെടുത്തും താരം 10 മിനിറ്റോളം ഗ്രൗണ്ടില്‍ ചെലവഴിച്ചു. ദേശീയപാതയും സ്കൂള്‍ പരിസരവും ആരാധകരെക്കൊണ്ട് നിറഞ്ഞ അന്തരീക്ഷത്തിലായിരുന്നു ഫുട്ബാള്‍ ഫോര്‍ പീസ് പരിപാടിയുടെ പ്രചാരണാര്‍ഥം സര്‍ക്കാര്‍ സ്കൂള്‍ സന്ദര്‍ശിച്ചത്. സംസ്ഥാന ടീമിലേക്ക് നിരവധി വനിതാ താരങ്ങളെ സംഭാവന ചെയ്ത സ്കൂള്‍ കൂടിയാണിത്. മടക്കയാത്രയില്‍ സ്കൂള്‍ കവാടത്തോട് കടക്കുന്നിടത്ത് കാറിനു മുന്നിലേക്ക് ട്രാഫിക് സിഗ്നല്‍ കടപുഴകിയത് പരിഭ്രാന്തി പരത്തിയെങ്കിലും നിമിഷവേഗത്തില്‍ പൊലീസ് തടസ്സം നീക്കി. ആരാധകര്‍ക്കിടയില്‍ കുടുങ്ങിയ കാര്‍ ഒരു നിമിഷം വൈകിയതിനാല്‍ വന്‍ ദുരന്തം ഒഴിവാകുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.