ഇതിഹാസകാവ്യം
text_fieldsപാരിസ്: അലകടലിലെ കാറ്റിലും കോളിലും കുലുങ്ങാതെ പുതിയ ദേശങ്ങള്‍ തേടി യാത്രപോയ നാവികരുടെ വീരകഥകള്‍ ഏറെ പറഞ്ഞുകേട്ട നാടാണ് പോര്‍ചുഗല്‍. സമുദ്രം കോപിക്കുമ്പോള്‍ അവര്‍ക്ക് പലപ്പോഴും കപ്പിത്താനെയും പടനായകരെയും നഷ്ടമായെങ്കിലും വിജയകരമായി തീരമണയുന്നതില്‍ ഒന്നും തടസ്സമായില്ല. യൂറോ ഫൈനല്‍ വേദിയായ പാരിസിലെ ‘സ്റ്റെഡ് ഡി ഫ്രാന്‍സ്’ കളിമുറ്റത്ത് പറങ്കിപ്പട ഇറങ്ങിയപ്പോഴും അവരുടെ സിരകളില്‍ പൂര്‍വികരുടെ പതറാത്ത പോരാട്ടവീര്യത്തിന്‍െറ രക്തമൊഴുകുന്നത് ഫുട്ബാള്‍ ലോകം കണ്ടു.
ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെന്ന ഒറ്റയാന്‍െറ തോളിലേറിയായിരുന്നു പോര്‍ചുഗല്‍ ഫുട്ബാളിന്‍െറ സ്വപ്നങ്ങള്‍ നെയ്തത്. കഴിഞ്ഞ ഒന്നരപ്പതിറ്റാണ്ടായി ഫുട്ബാള്‍ ലോകം കണ്ട ആ കുതിപ്പിന്‍െറ കൈ്ളമാക്സിനായിരുന്നു തിങ്കളാഴ്ച പുലര്‍ച്ചെ ആരാധകര്‍ കണ്‍പാര്‍ത്തിരുന്നത്. പക്ഷേ, പറങ്കിക്കപ്പല്‍, ഫ്രഞ്ച് പടയുടെ എതിര്‍പ്പും കടന്ന് തീരമടുക്കുംമുമ്പ് പടനായകന്‍ വീണു. പിന്നെ കുമ്മായവരക്ക് പുറത്തായിരുന്നു ക്രിസ്റ്റ്യാനോയുടെ സ്ഥാനം. അതുവരെ മുന്നണിയില്‍നിന്ന് ടീമിന്‍െറ നെടുന്തൂണായി മാറിയ സൂപ്പര്‍താരം കണ്ണീരോടെ കളംവിട്ടപ്പോള്‍ നാനിയും പെപെയും റിക്കാര്‍ഡോ ക്വറെസ്മയും റൂയി പട്രീഷ്യയുമെല്ലാം പടനായകരായി. ഒടുവില്‍, പോരാട്ടം അധികസമയത്തേക്ക് നീങ്ങിയപ്പോള്‍ 109ാം മിനിറ്റില്‍ എഡര്‍ എന്ന 28കാരന്‍ കിരീട ഭാഗ്യമത്തെിച്ചു. ബാന്‍ഡേജിട്ട കാലുമായി കുമ്മായവരക്ക് പുറത്തെ ബെഞ്ചില്‍ ഇരിപ്പുറക്കാതെ ഉലാത്തിയ ഇതിഹാസപുത്രനുവേണ്ടി. ഫുട്ബാളിന്‍െറ കാവ്യനീതിപോലൊരു കിരീടം.
ഒരു നൂറ്റാണ്ടിന്‍െറ ഫുട്ബാള്‍ പാരമ്പര്യമുള്ള പോര്‍ചുഗല്‍ മണ്ണിന്‍െറ ചരിത്രത്തിലെ അവിസ്മരണീയ മുഹൂര്‍ത്തമായിരുന്നു അത്. ലോകകപ്പിലും യൂറോകപ്പിലും ഒളിമ്പിക്സിലുമെല്ലാം പന്തുതട്ടിയിട്ടും അഭിമാനിക്കാനൊരു കിരീടമില്ലാത്ത പോര്‍ചുഗലിന്‍െറ ഷെല്‍ഫിലേക്ക് യൂസേബിയോക്കും ലൂയി ഫിഗോക്കും കഴിയാത്ത നേട്ടം ക്രിസ്റ്റ്യാനോ സമ്മാനിച്ചു.
എഡര്‍ എന്ന ഹീറോ
കലാശപ്പോരാട്ടത്തിന് ഇറങ്ങുമ്പോള്‍ ആതിഥേയരായ എതിരാളിയുടെ ഗെയിം പ്ളാന്‍ മനസ്സില്‍കണ്ട് കൃത്യമായ കണക്കുകൂട്ടലോടെയാണ് പോര്‍ചുഗല്‍ കോച്ച് ഫെര്‍ണാണ്ടോ സാന്‍േറാസ് ടീമിനെ ഒരുക്കിയത്. സെമിയില്‍ ടീമിന് പുറത്തിരുന്ന പെപെ, വില്യം കാര്‍വാലോ എന്നിവരെ പ്ളെയിങ് ഇലവനിലത്തെിച്ചു. അതേസമയം, ക്വാര്‍ട്ടറില്‍ ഐസ്ലന്‍ഡിനെയും സെമിയില്‍ ലോകചാമ്പ്യന്മാരായ ജര്‍മനിയെയും തകര്‍ത്ത അതേ ടീമുമായാണ് ദിദിയര്‍ ദെഷാംപ്സ് ഇറങ്ങിയത്. കളി മുറുകിയപ്പോള്‍ പ്രതീക്ഷിച്ചപോലെ ഫ്രാന്‍സിന്‍െറ കുതിപ്പ്. വിങ്ങിലൂടെ മൗസ സിസോകയും പോള്‍ പൊഗ്ബയും തുടക്കമിട്ട ആക്രമണങ്ങളില്‍ പോര്‍ചുഗല്‍ പ്രതിരോധം വിറകൊണ്ടു. എന്നാല്‍, പെപെയും ജോസ് ഫൊന്‍െറയും റാഫേല്‍ ഗരീറോയും ചേര്‍ന്നൊരുക്കിയ പ്രതിരോധവലയില്‍ തട്ടിമടങ്ങാനായിരുന്നു യോഗം. ഇവരെ കടന്നത്തെുന്ന നീക്കങ്ങള്‍ ഗോള്‍കീപ്പര്‍ റൂയി പട്രീഷ്യോയുടെ സുരക്ഷിത കരങ്ങളില്‍ തട്ടി അകലുകയും ചെയ്തു. ഇതിനിടെയാണ് ഏഴാം മിനിറ്റില്‍ ഫ്രഞ്ച് മധ്യനിര താരം ദിമിത്രി പായെറ്റിന്‍െറ നിരുപദ്രവകരമായ ടാക്ളിങ്ങില്‍ ക്രിസ്റ്റ്യാനോ വീണത്. പക്ഷേ, കടിച്ചമര്‍ത്തിയ മുഖവുമായി നായകന്‍ വീണുരുണ്ടതോടെ ഗാലറിയിലും ആശങ്കയായി. ചികിത്സതേടി ക്രിസ്റ്റ്യാനോ തിരിച്ചിറങ്ങിയെങ്കിലും കാല്‍മുട്ടിലെ വേദനയില്‍ താരം വലയുന്നതായി അനുഭവപ്പെട്ടു. 16ാം മിനിറ്റില്‍ വീണ്ടും ചികിത്സതേടി തിരിച്ചത്തെിയ താരം 25ാം മിനിറ്റില്‍ ഒരടിപോലും മുന്നോട്ടുവെക്കാനാവാതെ മൈതാനത്ത് വീണു. കണ്ണീരുമായി ക്രിസ്റ്റ്യാനോ കളംവിട്ടപ്പോള്‍ ആരാധകരും സഹതാരങ്ങളും ഞെട്ടി. റിക്കാര്‍ഡോ ക്വറെസ്മ പകരമത്തെിയെങ്കിലും നെടുന്തൂണ്‍ തകര്‍ന്ന പരിഭവം പോര്‍ചുഗലിനെ വിട്ടൊഴിഞ്ഞില്ല.
ഇതിനിടെ, ഫ്രഞ്ചുകാര്‍ ഗ്രീസ്മാന്‍-ജിറൂഡ് കൂട്ടിലൂടെ പറങ്കികളുടെ ഗോള്‍മുഖത്ത് ആക്രമണം സജീവമാക്കി. 33ാം മിനിറ്റില്‍ സിസോകോയുടെ ക്രോസില്‍ പായെറ്റ് തൊടുത്ത ബുള്ളറ്റ് ഷോട്ട് ഗോളി പട്രീഷ്യോ തട്ടിത്തെറുപ്പിച്ചപ്പോള്‍ ഗാലറിയും കുലുങ്ങിപ്പോയി. ക്രിസ്റ്റ്യാനോയില്ലാത്ത പറങ്കിനിരയിലേക്ക് ആക്രമണങ്ങള്‍ സൃഷ്ടിക്കാനല്ലാതെ ഗോളാക്കാന്‍ ഫ്രഞ്ചുകാര്‍ക്കായില്ല. ആതിഥേയരുടെ പൂര്‍ണ മേധാവിത്വം കണ്ട ഒന്നാംപകുതി പിരിഞ്ഞു.
രണ്ടാം പകുതിയില്‍ ആത്മവിശ്വാസം കുത്തിവെച്ചായിരുന്നു പോര്‍ചുഗലിന്‍െറ വരവ്. ഡ്രസിങ് റൂമില്‍ ക്രിസ്റ്റ്യാനോ നല്‍കിയ പ്രചോദനങ്ങള്‍ മൈതാനത്ത് കണ്ടു. പ്രതിരോധം കോട്ടകെട്ടിയതിനൊപ്പം നാനിയും സാഞ്ചസും ചേര്‍ന്ന് ഉജ്ജ്വല മുന്നേറ്റങ്ങളും നടത്തി. ഇതിനിടെ, പായെറ്റിനെ പിന്‍വലിച്ച് കിങ്സ്ലെ കോമാന്‍ ഫ്രഞ്ച് നിരയിലത്തെി. സിസോകക്കൊപ്പം മികച്ച ചില അവസരങ്ങള്‍ ഒരുക്കാന്‍ കഴിഞ്ഞതല്ലാതെ കോമാന് വലകുലുക്കാനായില്ല. തൊട്ടുപിന്നാലെ ഇരുനിരയിലും ശ്രദ്ധേയ മാറ്റങ്ങള്‍. ജിറൂഡിന് പകരം ജിഗ്നാകും പോര്‍ചുഗലിനായി സാഞ്ചസിനു പകരം എഡറുമത്തെി. പതിവുകാര്‍ മാറിയതോടെ കളിയുടെ മൂഡും മാറി. പൊഗ്ബയും സിസോകയുമായിരുന്ന ഫ്രാന്‍സിന്‍െറ ആസൂത്രകര്‍. ഇവരില്‍നിന്നത്തെുന്ന പന്തുകള്‍ ഗ്രീസ്മാന്‍ അപകടകരമാംവിധം എതിര്‍ ഗോള്‍മുഖത്തേക്ക് എയ്ത് വിട്ടപ്പോള്‍ ഏതുനിമിഷവും ഗോള്‍ പിറക്കുമെന്ന അവസ്ഥയായിരുന്നു. ഇഞ്ചുറി ടൈമില്‍ ആന്ദ്രെ ജിഗ്നാകിന്‍െറ ഉജ്ജ്വല പ്ളേസിങ് പോസ്റ്റില്‍ തട്ടിയകന്നപ്പോള്‍ ഫ്രാന്‍സിന് നഷ്ടമായത് കപ്പായിരുന്നു.
അധികസമയം തുടങ്ങിയപ്പോള്‍ പോര്‍ചുഗല്‍ ഇരുവിങ്ങും ആക്രമണാത്മകമാക്കി. 94ാം മിനിറ്റില്‍ പെപെയുടെ ഉജ്ജ്വല ഫ്രീകിക്ക് പോസ്റ്റില്‍ തൊട്ടുരുമ്മി പറന്നു. രണ്ടാം പകുതിയിലായിരുന്നു വിജയം പിറന്ന ഗോള്‍ വന്നത്. ഗരീറോയുടെ കിക്ക് ബാറില്‍ തട്ടിമടങ്ങിയതിനു പിന്നാലെ പന്ത് എഡറുടെ ബൂട്ടില്‍. തുറന്നുകിടന്ന ഫ്രഞ്ച് പ്രതിരോധ നിരക്കിടയിലൂടെ 25 വാര അകലെനിന്നും നിലംപറ്റെ ഷോട്ടുതിര്‍ക്കുമ്പോള്‍ ദീര്‍ഘകായനായ ഫ്രഞ്ച് ഗോളി ലോറിസിന്‍െറ കൈകളില്‍ തൊട്ടുരുമ്മിയെന്ന നിലയില്‍ പന്ത് വലയിലേക്ക്. പറങ്കികള്‍ക്ക് ചരിത്രനിമിഷമായി കിരീടമുറപ്പിച്ച ഗോള്‍. അപ്രതീക്ഷിതഗോളില്‍ പതറിപ്പോയ ഫ്രാന്‍സിന് തിരിച്ചുവരാന്‍ ബാക്കിയുണ്ടായിരുന്നത് പത്ത് മിനിറ്റ് മാത്രം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.