Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightകണി കാണാം കോപ

കണി കാണാം കോപ

text_fields
bookmark_border
കണി കാണാം കോപ
cancel

കാലിഫോര്‍ണിയ: ഇനിയുള്ള മൂന്നാഴ്ചയിലെ പുലര്‍വേളകളില്‍ കോപ അമേരിക്ക ഫുട്ബാള്‍ കണികണ്ടുണരാം. ലാറ്റിനമേരിക്കന്‍ രാജ്യങ്ങളുടെ ലോകകപ്പായ കോപ അമേരിക്കയുടെ നൂറാം വാര്‍ഷിക ടൂര്‍ണമെന്‍റിന് വെള്ളിയാഴ്ച രാത്രി 9.30ന് അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ തുടക്കമാവും. ഇങ്ങേയറ്റത്തുള്ള ഇന്ത്യയില്‍ ശനിയാഴ്ച രാവിലെ 7.00 മണി മുതല്‍ മത്സരങ്ങള്‍ ടെലിവിഷനിലൂടെ കാണാം.
ലാറ്റിനമേരിക്കയിലെ കരുത്തര്‍ക്ക് പുറമെ ആതിഥേയരായ യു.എസ്.എയടക്കമുള്ള വടക്കനമേരിക്കന്‍ ഫുട്ബാള്‍ രാഷ്ട്രങ്ങളുടെ സംഘടനയായ  കോണ്‍കകാഫിലെ പ്രമുഖ ടീമുകളും ഇത്തവണത്തെ കോപയില്‍ പോരാട്ടവീര്യം നിറക്കും. ശതാബ്ദി ടൂര്‍ണമെന്‍റായതിനാല്‍ ജേതാക്കള്‍ക്ക് എന്നെന്നേക്കും ട്രോഫി സ്വന്തമാക്കാമെന്ന പ്രത്യേകതയും ഇത്തവണത്തെ ടൂര്‍ണമെന്‍റിനുണ്ട്. ഈ മാസം 26 വരെ നീളുന്ന ടൂര്‍ണമെന്‍റ് പത്ത് നഗരങ്ങളിലായാണ് അരങ്ങേറുന്നത്.

 ഗ്രൂപ് എയില്‍ യു.എസ്.എയും കൊളംബിയയും തമ്മിലാണ് ഉദ്ഘാടന അങ്കം. ഫിഫ റാങ്കിങ്ങില്‍ 29ാം സ്ഥാനത്താണ്  യു.എസ്.എ. നാലാം റാങ്കുള്ള കൊളംബിയയുമായി മാറ്റുരക്കുമ്പോള്‍ ആതിഥേയര്‍ക്ക് ഏറെ വിയര്‍ക്കേണ്ടി വരും. പരഗ്വെ കോസ്റ്ററീക എന്നീ ടീമുകളും ചേരുമ്പോള്‍ ഗ്രൂപ്പ് എയില്‍ പോരാട്ടം കടുക്കും.ജര്‍മന്‍കാരന്‍ യുര്‍ഗന്‍ ക്ളിന്‍സ്മാന്‍ പരിശീലിപ്പിക്കുന്ന അമരിക്കന്‍ ടീമില്‍ ക്യാപ്റ്റന്‍ മൈക്കല്‍ ബ്രാഡ്ലി (മിഡ്ഫീല്‍ഡ്), ജെഫ് കാമറൂണ്‍ (ഡിഫന്‍ഡ്സ്), ക്ളിന്‍ഡ് ഡെംപ്സി (ഫോര്‍വേഡ്) എന്നിവരാണ് ശ്രദ്ധേയ താരങ്ങള്‍.
മുന്നേറ്റനിരയിലെ ജോസി ആള്‍ട്ടിഡോര്‍ കളിക്കാത്തത് ആതിഥേയര്‍ക്ക് വിനയാകും. ഇതിനൊപ്പം കൊളംബിയക്കാരുടെ പരുക്കന്‍ കളിയും വെല്ലുവിളിയാണ്.മറുഭാഗത്ത് ക്യാപ്റ്റന്‍  ജെയിംസ് റോഡ്രിഗ്വസടക്കമുള്ള കൊളംബിയന്‍ താരങ്ങള്‍ കപ്പുയര്‍ത്താന്‍ കെല്‍പുള്ളവരാണ്. തന്ത്രങ്ങളുടെ ആശാനായ ജോസ് പെക്കര്‍മാന്‍െറ പരിശീലനവും കൊളംബിയക്കാര്‍ക്ക് പ്ളസ് പോയന്‍റാണ്.

ജമൈക്ക

ഫിഫ റാങ്കിങ്: 55
ബെസ്റ്റ് ഇന്‍ കോപ: ഗ്രൂപ് ഘട്ടം
2015 കോപയിലെ പ്രകടനം: ഗ്രൂപ് ഘട്ടം
ശ്രദ്ധേയ താരങ്ങള്‍: ആന്ദ്രെ ബ്ളെയ്ക്, ഗൈല്‍സ് ബാര്‍നെസ്, വെസ് മോര്‍ഗന്‍
കോച്ച്: വിന്‍ഫ്രഡ് ഷാഫര്‍
ക്യാപ്റ്റന്‍: റൊഡോള്‍ഫ് ഓസ്റ്റിന്‍
കഴിഞ്ഞ വര്‍ഷം നടന്ന കോണ്‍കകാഫ് ഗോള്‍ഡ് കപ്പിലെ അതിശയ ടീമായിരുന്നു ജമൈക്ക. സെമിഫൈനലില്‍ യു.എസ്.എയെയും തോല്‍പിച്ച് ഫൈനല്‍ വരെയത്തെിയ അവര്‍ മെക്സികോയോടാണു അടിയറവു പറഞ്ഞത്്. കോപയില്‍ കഴിഞ്ഞ വര്‍ഷം ക്ഷണിതാവായി എത്തിയ അവര്‍ ഗ്രൂപ് ഘട്ടത്തില്‍തന്നെ പുറത്താവുകയായിരുന്നു. 2014 കരീബിയന്‍ കപ്പ് ജേതാക്കളെന്ന നിലയിലാണു ഇത്തവണ ജമൈക്ക കോപ കളിക്കാന്‍ യോഗ്യത നേടിയത്. ജമൈക്കയുടെ നേട്ടങ്ങള്‍ക്കെല്ലാം നന്ദി പറയേണ്ടത് കോച്ച് വിന്‍ഫ്രഡ് ഷാഫറിനോടാണ്. 2013 ജൂലൈയില്‍ വെറും നാലു മാസത്തെ കരാറില്‍ പരിശീലകനായത്തെിയതായിരുന്നു ഷാഫര്‍. തുടക്കത്തില്‍ പതറിയെങ്കിലും പിന്നീട് ടീമിനെ വിജയങ്ങളിലേക്കു കൊണ്ടുവരാന്‍ അദ്ദേഹത്തിനായി. ഗോളി ഡൈ്വന്‍ മില്ലറുടെ അഭാവമാണു എടുത്തുപറയേണ്ടത്. ഉറുഗ്വായും മെക്സികോയുമടങ്ങുന്ന ഗ്രൂപ്പില്‍നിന്ന് ക്വാര്‍ട്ടര്‍ പ്രവേശം ഒട്ടും എളുപ്പമാവില്ല. എങ്കിലും ‘അതിശയ’ ടീമിനെ തള്ളിക്കളയാനാവില്ളെന്നാണു വിലയിരുത്തല്‍.

മെക്സികോ

ഫിഫ റാങ്കിങ്: 16
ബെസ്റ്റ് ഇന്‍ കോപ: രണ്ടുതവണ ഫൈനലിസ്റ്റുകള്‍
2015 കോപയിലെ പ്രകടനം: ഗ്രൂപ് ഘട്ടം
ശ്രദ്ധേയ താരങ്ങള്‍: ഒറിബെ പെരള്‍ട്ട, ഹെക്ടര്‍ ഹെരേര, പൗള്‍ അഗ്വിലാര്‍
കോച്ച്: യുവാന്‍ കാര്‍ലോസ് ഒസോറിയോ
ക്യാപ്റ്റന്‍: റാഫേല്‍ മാര്‍ക്വസ്
യുവാന്‍ കാര്‍ലോസ് ഒസോറിയോ പരിശീലകനായി സ്ഥാനമേറ്റ ശേഷം മെക്സികോ പങ്കെടുക്കുന്ന ആദ്യ അന്താരാഷ്ട്ര ടൂര്‍ണമെന്‍റായിരിക്കും ഇത്തവണത്തെ കോപ. ചില ആഭ്യന്തര പ്രശ്നങ്ങളുണ്ടെങ്കിലും മികച്ച ലൈനപ്പുമായി തന്നെയാണു മെക്സികോയത്തെുന്നത്. അറ്റാക്കിങ് മിഡ്ഫീല്‍ഡര്‍ ജിയോവാനി ഡോസ് സാന്‍േറാസും സ്ട്രൈക്കര്‍ കാര്‍ലോസ് വെലയും ഇല്ലാതെയാണ് ഇത്തവണ മെക്സികോയിറങ്ങുന്നത്. എന്നാല്‍ പ്രധാനതാരം യാവിയര്‍ ‘ചിച്ചാരിറ്റോ’ ഹെര്‍ണാണ്ടസ് മികച്ച ഫോമിലാണെന്നത് മെക്സികോയുടെ പ്രതീക്ഷകളുയര്‍ത്തുന്നു. ഈ സീസണില്‍ ബയര്‍ ലവര്‍കൂസനു വേണ്ടി 26 ഗോളുകള്‍ അടിച്ചുകൂട്ടിയ താരത്തിനു മെക്സികോയുടെ എക്കാലത്തെയും മികച്ച ഗോള്‍വേട്ടക്കാരനാകാന്‍ ഇനി നാലു ഗോളുകള്‍കൂടി നേടിയാല്‍ മതി. ക്യാപറ്റന്‍ റഫേല്‍ മാര്‍ക്വെ് 37ലത്തെിയെങ്കിലും ഇപ്പോഴും ടീമിന്‍െറ അവിഭാജ്യഘടകം തന്നെയാണ്. മധ്യനിരതാരം ആന്ദ്രെസ് ഗ്വഡ്രാഡോയും മെക്സികോയുടെ പ്രതീക്ഷയാണ്. ടീമിനു കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ നേടാനായത് രണ്ടു ഗോള്‍ഡന്‍ കപ്പുകള്‍ മാത്രം. ഉറുഗ്വായ് പ്രശ്നമായാലും ജമൈക്കയെയും വെനിസ്വേലയെയും തോല്‍പിച്ച് ക്വാര്‍ട്ടറില്‍ കടക്കാമെന്നാണു ടീമിന്‍െറ കണക്കുകൂട്ടല്‍.

ഉറുഗ്വായ്

ഫിഫ റാങ്കിങ്: 7
ബെസ്റ്റ് ഇന്‍ കോപ:
15 തവണ ചാമ്പ്യന്മാര്‍
2015 കോപയിലെ പ്രകടനം: ക്വാര്‍ട്ടര്‍ ഫൈനല്‍
ശ്രദ്ധേയ താരങ്ങള്‍: ഡീഗോ ഗോഡിന്‍, ക്രിസ്റ്റ്യന്‍ റോഡ്രിഗസ്, മാക്സ് പെരേര
കോച്ച്: ഓസ്കര്‍ ടബാരെസ്
ക്യാപ്റ്റന്‍: ഡീഗോ ഗോഡിന്‍
ഏറ്റവും കൂടുതല്‍ തവണ കോപ ഉയര്‍ത്തിയ ടീം (15). സ്റ്റാര്‍ സ്ട്രൈക്കര്‍ ലൂയിസ് സുവാരസിന്‍െറ പരിക്കാണു ഉറുഗ്വായിയെ അലട്ടുന്നത്. കോപ ഡെല്‍ റേ ഫൈനലില്‍ പരിക്കേറ്റതിനെ തുടര്‍ന്ന് വിശ്രമത്തിലുള്ള താരം വിവിധ ടൂര്‍ണമെന്‍റുകളിലായി 59 ഗോളുകളാണു ബാഴ്സക്കുവേണ്ടി അടിച്ചുകൂട്ടിയത്. കഴിഞ്ഞ തവണത്തെ ലോകഫുട്ബാളര്‍ പോരാട്ടത്തില്‍ അവസാന റൗണ്ടിലത്തെിയ താരം ഇത്തവണയും മുന്നില്‍തന്നെയുണ്ട്. നോക്കൗട്ട് റൗണ്ട് വരെ സുവാരസിനു പുറത്തിരിക്കേണ്ടിവരുമെന്നാണു റിപ്പോര്‍ട്ടുകള്‍. എഡിസന്‍ കവാനി ടീമിനോടൊപ്പമുണ്ടെങ്കിലും സുവാരസിന്‍െറ അസാന്നിധ്യം നികത്താന്‍ അതുമാത്രം പോര. സുവാരസില്ലാതെയും തങ്ങള്‍ക്ക് ജയിക്കാനാവുമെന്ന് തെളിയിക്കാനുള്ള അവസരമാണിത്. ടൂര്‍ണമെന്‍റില്‍ ഒമ്പതു ദിവസത്തിനിടെ 8,400 കിലോമീറ്ററുകള്‍ താണ്ടി മൂന്നു മത്സരങ്ങള്‍ കളിക്കേണ്ടിവരുക എന്നതും അവരെ സംബന്ധിച്ച് ക്ഷീണമാണ്. ക്വാര്‍ട്ടറിലെ എതിരാളികള്‍ നിലവിലെ ചാമ്പ്യന്മാരായ ചിലിയോ അര്‍ജന്‍റീനയോ ആകാനാണു സാധ്യത എന്നിരിക്കെ ക്വാര്‍ട്ടറില്‍ സുവാരസിനെ കൂടിയേ തീരൂ.

  വെനിസ്വേല

ഫിഫ റാങ്കിങ്: 74
ബെസ്റ്റ് ഇന്‍ കോപ: സെമിഫൈനല്‍
2015 കോപയിലെ പ്രകടനം: ഗ്രൂപ് ഘട്ടം
ശ്രദ്ധേയ താരങ്ങള്‍: ജോസഫ് മാര്‍ട്ടിനസ്,
റോബര്‍ട്ടോ റൊസാലസ്, തോമസ് റിന്‍കോണ്‍
കോച്ച്: റഫേല്‍ ദുദാമേല്‍
ക്യാപ്റ്റന്‍: തോമസ് റിന്‍കോണ്‍
2013നു ശേഷം 38 റാങ്ക് പിന്നോട്ടുപോയ വെനിസ്വേല ഇപ്പോള്‍ റാങ്കിങ്ങില്‍ 74ാം സ്ഥാനത്താണ്. ലോകകപ്പ് യോഗ്യതാ മത്സരങ്ങളില്‍ മോശം ഫോം തുടരുന്ന ടീം. യോഗ്യതാ മത്സരങ്ങളില്‍ തുടര്‍ച്ചയായി ആറു കളികളില്‍ തോല്‍വി നേരിട്ട ഏക ലാറ്റിനമേരിക്കന്‍ ടീമും വെനിസ്വേലയാണ്. ഗ്രൂപ്പിലെ പ്രമുഖ ടീമായ മെക്സികോയെ ചരിത്രത്തിലിന്നേവരെ വെനിസ്വേലക്ക് തോല്‍പിക്കാനായിട്ടില്ല. 28 തവണ പരസ്പരം ഏറ്റുമുട്ടിയെങ്കിലും ഉറുഗ്വായോട് നാലു തവണ മാത്രമേ ജയിക്കാനുമായിട്ടുള്ളൂ. അതിശയങ്ങളൊന്നും സംഭവിച്ചില്ളെങ്കില്‍ വെനിസ്വേല ഗ്രൂപ് ഘട്ടത്തില്‍ തന്നെ തീരാനാണു സാധ്യത. ഏപ്രിലില്‍ പുതിയ പരിശീലകനായി സ്ഥാനമേറ്റെടുത്ത മുന്‍ ഗോളി റഫേല്‍ ദുദാമേലിലാണ് വെനിസ്വേലക്കാരുടെ കണ്ണുകള്‍ മുഴുവനും. വെസ്റ്റ്ബ്രോംവിച്ചിനു കളിക്കുന്ന സ്ട്രൈക്കര്‍ സലോമന്‍ റോണ്ടാനിലും ഫ്രഞ്ച് ക്ളബ് നാന്‍റസിന്‍െറ ക്യാപ്റ്റന്‍ പ്രതിരോധതാരം ഒസ്വാല്‍ഡോ വിസ്കരോണ്ടോയിലും കോച്ച് വിശ്വാസം വെച്ചുപുലര്‍ത്തുന്നു.

കോപ അമേരിക്ക ഫിക്സ്ചര്‍  

ജൂണ്‍ 4  യു.എസ്.എ-കൊളംബിയ  ഇന്ത്യന്‍ സമയം രാവിലെ 7.00
ജൂണ്‍ 5  കോസ്റ്ററീക-പരഗ്വെരാവിലെ 2.30
ജൂണ്‍ 5   ഹെയ്തി -പെറു രാവിലെ 5.00
ജൂണ്‍ 5 ബ്രസീല്‍-ഇക്വഡോര്‍ രാവിലെ 7.30
ജൂണ്‍ 6  ജമൈക്ക-വെനിസ്വേല രാവിലെ 2.30
ജൂണ്‍ 6  മെക്സികോ-ഉറുഗ്വായ് രാവിലെ 5.30
ജൂണ്‍ 7 പാനമ- ബൊളീവിയ രാവിലെ 4.30
ജൂണ്‍ 7 അര്‍ജന്‍റീന-ചിലി  രാവിലെ 7.30
ജൂണ്‍ 8 യു.എസ്.എ-കോസ്റ്ററീക രാവിലെ 5.30
ജൂണ്‍ 8 കൊളംബിയ-പരഗ്വെരാവിലെ  8.00
ജൂണ്‍ 9 ബ്രസീല്‍-ഹെയ്തി രാവിലെ 5.00
ജൂണ്‍ 9 ഇക്വഡോര്‍-പെറു രാവിലെ 7.30
ജൂണ്‍ 10 ഉറുഗ്വായ്-വെനിസ്വേല രാവിലെ 5.00
ജൂണ്‍ 10 മെക്സികോ- ജമൈക്ക രാവിലെ 7.30
ജൂണ്‍ 11 ചിലി-ബൊളീവിയ രാവിലെ 4.30
ജൂണ്‍ 11 അര്‍ജന്‍റീന-പാനമ രാവിലെ 7.00
ജൂണ്‍ 12 യു.എസ്.എ-പരഗ്വെരാവിലെ 4.30
ജൂണ്‍ 12 കൊളംബിയ-കോസ്റ്ററീക രാവിലെ 6. 30
ജൂണ്‍ 13 ഇക്വഡോര്‍- ഹെയ്തി രാവിലെ 4.00
ജൂണ്‍ 13  ബ്രസീല്‍- പെറു രാവിലെ 6.00
ജൂണ്‍ 14 മെക്സികോ-വെനിസ്വേല രാവിലെ 5.30
ജൂണ്‍ 14 ഉറുഗ്വായ് -ജമൈക്ക രാവിലെ 7.30
ജൂണ്‍ 15 ചിലി-പാനമ രാവിലെ 5.30
ജൂണ്‍ 15  അര്‍ജന്‍റീന-ബൊളീവിയ രാവിലെ 7.30
ജൂണ്‍ 17 ക്വാര്‍ട്ടര്‍ ഫൈനല്‍ രാവിലെ 7.00
ജൂണ്‍ 18 ക്വാര്‍ട്ടര്‍ ഫൈനല്‍ രാവിലെ 5.30
ജൂണ്‍ 19 ക്വാര്‍ട്ടര്‍ ഫൈനല്‍ രാവിലെ 4.30
ജൂണ്‍  19  ക്വാര്‍ട്ടര്‍ ഫൈനല്‍ രാവിലെ 7.30
ജൂണ്‍  22 ഒന്നാം സെമി ഫൈനല്‍ രാവിലെ 6.30
ജൂണ്‍ 23 രണ്ടാം സെമി ഫൈനല്‍ രാവിലെ 5.30
ജൂണ്‍ 26 ലൂസേഴ്സ് ഫൈനല്‍ രാവിലെ 5.30
ജൂണ്‍ 27 ഫൈനല്‍ രാവിലെ 5.30

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:copa america
Next Story