കോപ അമേരിക്കയിൽ ആദ്യ ജയം കൊളംബിയക്ക്
text_fieldsകാലിഫോര്‍ണിയ: ആതിഥേയരുടെ കണ്ണീര്‍വീഴ്ത്തി ശതാബ്ദി കോപക്ക് ആവേശത്തുടക്കം. വടക്കന്‍ കാലിഫോര്‍ണിയയിലെ ലെവിസ് സ്റ്റേഡിയത്തില്‍ തിങ്ങിക്കൂടിയവര്‍ക്ക് നിരാശ സമ്മാനിച്ച് ക്രിസ്റ്റ്യന്‍ സപാറ്റയും ജെയിംസ് റോഡ്രിഗസും നിറയൊഴിച്ച ആദ്യ മത്സരത്തില്‍ അമേരിക്കക്കുമേല്‍ കൊളംബിയക്ക് ആധികാരിക ജയം. കിക്കോഫ് മുതല്‍ ഫൈനല്‍ വിസില്‍ വരെ കൊളംബിയയുടെ അപ്രമാദിത്വം ദൃശ്യമായ പോരാട്ടത്തില്‍ മറുപടിയില്ലാത്ത രണ്ട് ഗോളിനായിരുന്നു അമേരിക്കയുടെ കീഴടങ്ങല്‍. ശതാബ്ദി കോപക്ക് വിരുന്നൊരുക്കാനത്തെിയ 67,439 കാണികള്‍ക്ക് നടുവിലായിരുന്നു ‘എ’ ഗ്രൂപ്പിലെയും ടൂര്‍ണമെന്‍റിലെയും ആദ്യ പോരാട്ടം അരങ്ങേറിയത്. എട്ടാം മിനിറ്റില്‍ സപാറ്റയും 41ാം മിനിറ്റില്‍ റോഡ്രിഗസുമാണ് ആതിഥേയരുടെ പ്രതീക്ഷകള്‍ക്കുമേല്‍ വരവീഴ്ത്തിയത്.
തുടക്കംമുതല്‍ കാര്യങ്ങള്‍ വ്യക്തമായിരുന്നു. എട്ടാം മിനിറ്റില്‍ കൊളംബിയക്ക് ലഭിച്ച കോര്‍ണറാണ് അമേരിക്കയുടെ ആദ്യ വിധിയെഴുതിയത്. വലതുവിങ്ങില്‍നിന്ന് കര്‍ണോഡയെടുത്ത കോര്‍ണര്‍ വലതുകാലില്‍ കുരുക്കി ലക്ഷ്യത്തിലേക്ക് തൊടുത്ത പ്രതിരോധനിര താരം സപാറ്റക്ക് പിഴച്ചില്ല. ജെഫ് കാമറണിനെ മറികടന്നത്തെിയ സപാറ്റ പോസ്റ്റിനും ഗോളിക്കുമിടയിലൂടെ പന്ത് വലയിലത്തെിച്ചു. 15 മിനിറ്റിനുശേഷം കാര്‍ഡോണയുടെ രൂപത്തില്‍ വീണ്ടുമൊരു ആക്രമണം നടന്നെങ്കിലും ഗോളി ബ്രാഡ് ഗുസാന്‍ രക്ഷകനായത്തെി. നിശ്ശബ്ദമായ സ്റ്റേഡിയത്തെ ഇളക്കിമറിച്ച് 34ാം മിനിറ്റില്‍ ക്ളിന്‍റ് ഡെംബ്സിയുടെ ഷോട്ട് കൊളംബിയന്‍ ഗോള്‍വലക്കരികിലൂടെ പാഞ്ഞു. സാര്‍ദേസില്‍നിന്ന് പാസ് സ്വീകരിച്ച ഡംബ്സി ലക്ഷ്യത്തിലേക്ക് തൊടുത്തെങ്കിലും ഇഞ്ചുകളുടെ വ്യത്യാസത്തില്‍ പുറത്തേക്കുപോയി. ഏറെ വൈകാതെ കൊളംബിയയുടെ രണ്ടാം ഗോളത്തെി. ആദ്യ ഗോളിലെ വില്ലന്‍ കോര്‍ണറായിരുന്നെങ്കില്‍ ഇത്തവണ പെനാല്‍റ്റിയാണ് അമേരിക്കയെ ചതിച്ചത്. പോസ്റ്റ് ലക്ഷ്യമിട്ട് ഡയസ് തീര്‍ത്ത ഇടങ്കാലന്‍ ഷോട്ട് അലക്സാണ്‍ട്രോ ബെഡോയയുടെ കൈയില്‍ തട്ടിയതോടെ റഫറിയുടെ വിരല്‍ പെനാല്‍റ്റി ബോക്സിലേക്ക് നീണ്ടു. കിക്കെടുക്കാന്‍ നിയോഗിക്കപ്പെട്ട റയല്‍ മഡ്രിഡ് താരം റോഡ്രിഗസിന് തെറ്റിയില്ല. ബ്രാഡ് ഗുസാന് ചിന്തിക്കാന്‍ സമയം കിട്ടുന്നതിനുമുമ്പേ റോഡ്രിഗസിന്‍െറ ഷോട്ട് ലക്ഷ്യത്തിലത്തെി. ആദ്യ പകുതിയില്‍തന്നെ അമേരിക്കയുടെ പതനമുറപ്പിച്ചാണ് കൊളംബിയ വിശ്രമിക്കാന്‍ പോയത്.
രണ്ടാം പകുതിയിലും കൊളംബിയന്‍ ആധിപത്യം വ്യക്തമായിരുന്നു. 52ാം മിനിറ്റില്‍ ബോക്സിനുള്ളിലെ കൂട്ടപ്പൊരിച്ചിലിനൊടുവില്‍ ഭാഗ്യം തുണച്ചതോടെയാണ് ഗോള്‍ വീഴാതെ അമേരിക്ക രക്ഷപ്പെട്ടത്. അഞ്ചുമിനിറ്റിനുശേഷം ബെഡോയക്ക് മഞ്ഞക്കാര്‍ഡും കിട്ടി. 64ാം മിനിറ്റില്‍ ഗോള്‍ ഡെംബ്സിയെടുത്ത ഫ്രീകിക്കും ആതിഥേയര്‍ക്ക് സമ്മാനിച്ചത് നിരാശ മാത്രം. ആഴ്സനല്‍ ഗോളി ഡേവിഡ് ഒസ്പിനയുടെ മികച്ച സേവ് ഗാലറിയെ തണുപ്പിച്ചു. 73ാം മിനിറ്റില്‍ കൊളംബിയക്ക് ആശങ്ക സമ്മാനിച്ച് റോഡ്രിഗസിന്‍െറ തോളില്‍ പരിക്കേറ്റു. മൈതാനത്തുവീണ റോഡ്രിഗസിനെ മത്സരം തീരാന്‍ 15 മിനിറ്റ് ബാക്കിനില്‍ക്കെ പെക്കര്‍മാന്‍ പിന്‍വലിച്ചു. ഇതിന് തൊട്ടുപിന്നാലെ ബെക്കയുടെ ഷോട്ട് അമേരിക്കന്‍ ക്രോസ്ബാറില്‍ തട്ടി പുറത്തേക്ക് തെറിച്ചു. ഫൈനല്‍ വിസില്‍ മുഴങ്ങുംവരെ കൊളംബിയന്‍ ആക്രമണം തുടര്‍ന്നെങ്കിലും ഗോള്‍ മാത്രം മാറിനിന്നു. ഇതോടെ കോപ അമേരിക്കയില്‍ കൊളംബിയയോടേറ്റുമുട്ടിയ മൂന്ന് മത്സരങ്ങളും തോറ്റെന്ന ചീത്തപ്പേര് അമേരിക്ക നിലനിര്‍ത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.