അര്‍ജന്‍റീന x ചിലി പോരാട്ടം ഇന്ന്
text_fieldsകാലിഫോര്‍ണിയ: ആവേശച്ചൂട് കണ്ട 44ാമത് കോപ അമേരിക്ക കിരീടപ്പോരാട്ടത്തിന്‍െറ ഓര്‍മകള്‍ക്ക് ഒരു വയസ്സാകാന്‍ ഒരുമാസം മാത്രം ശേഷിക്കെ അന്നത്തെ എതിരാളികള്‍ വീണ്ടുമൊരു കോപ പോരിന് ചൊവ്വാഴ്ചയിറങ്ങുന്നു. ശതാബ്ദി പോരിന്‍െറ മികവില്‍ നടക്കുന്ന ടൂര്‍ണമെന്‍റിലെ ഏറ്റവും ശ്രദ്ധേയമായ മത്സരത്തിലേക്കാണ് നിലവിലെ ചാമ്പ്യനായ ചിലിയും റണ്ണറപ്പായ അര്‍ജന്‍റീനയും ബൂട്ടുകെട്ടുന്നത്. സാന്‍റ ക്ളാരയിലെ ലെവിസ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരം ഗ്രൂപ് ഡിയിലെ ഇരു ടീമുകളുടെയും ഉദ്ഘാടന പോര് കൂടിയാണ്. ജയത്തോടെ തുടങ്ങാന്‍ ഇരുവമ്പന്മാരും കോപ്പുകൂട്ടുമ്പോള്‍ ആദ്യാവസാനം തകര്‍പ്പന്‍ മത്സരമാകും ഫുട്ബാള്‍ പ്രേമികള്‍ക്ക് വിരുന്നാകുക. പരിക്കിന്‍െറ ഭീഷണിയുള്ള സൂപ്പര്‍ താരം ലയണല്‍ മെസ്സി കഴിഞ്ഞദിവസം ഒറ്റക്ക് പരിശീലനത്തിനിറങ്ങിയിരുന്നു.
ടീമിന് പൂര്‍ണ പ്രതീക്ഷനല്‍കുന്ന രീതിയിലായിരുന്നു താരത്തിന്‍െറ പരിശീലനം. മെസ്സിയെക്കൂടാതെ സെര്‍ജിയോ അഗ്യൂറോ, ഗോണ്‍സാലോ ഹിഗ്വെ്ന്‍, എയ്ഞ്ചല്‍ ഡി മരിയ, യാവിയര്‍ മഷറാനോ, കീപ്പര്‍ സെര്‍ജിയോ റൊമേറോ തുടങ്ങിയ പ്രമുഖരെല്ലാം അര്‍ജന്‍റീന നിരയില്‍ കരുത്തുപകരാനുണ്ട്. മറുപക്ഷത്ത്, കഴിഞ്ഞവര്‍ഷം കിരീടനേട്ടത്തിലേക്ക് ചിലിയെ നയിച്ച അലക്സിസ് സാഞ്ചസ്, ആര്‍തുറോ വിദാല്‍, ഗാരി മെദല്‍, എഡ്വാഡോ വര്‍ഗാസ്, കീപ്പര്‍ ക്ളോഡിയോ ബ്രാവോ എന്നിവരുടെ ശക്തമായ നിരയുമുണ്ട്. ചിലിയെ പരാജയപ്പെടുത്തി കഴിഞ്ഞതവണത്തെ കിരീടനഷ്ടത്തിനൊരു മധുരപ്രതികാരവും അതിലൂടെ ടൂര്‍ണമെന്‍റിന് ആത്മവിശ്വാസം നിറഞ്ഞ തുടക്കവുമാണ് അര്‍ജന്‍റീന ലക്ഷ്യമിടുന്നത്. കഴിഞ്ഞ ഫൈനലിന്‍െറ ഓര്‍മകള്‍ നല്‍കുന്ന ഊര്‍ജത്തിനപ്പുറം മികവുറ്റ കളി പുറത്തെടുത്ത് ലോക ഒന്നാം നമ്പര്‍ ടീമെന്ന ലേബലില്‍ ഇറങ്ങുന്ന അര്‍ജന്‍റീനക്കെതിരെ ജയം നേടാനാകുമെന്ന വിശ്വാസത്തിലാണ് ചിലി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.