കൊളംബിയ ക്വാര്‍ട്ടറില്‍
text_fieldsകാലിഫോര്‍ണിയ: ഗോളടിച്ച ഹാമിഷ് റോഡ്രിഗസോ കാര്‍ലോസ് ബാകയോ അല്ല, ഗോള്‍പോസ്റ്റിനുമുന്നില്‍ നെടുനീളന്‍ ഡൈവുമായി നിറഞ്ഞാടിയ ഡേവിഡ് ഒസ്പിനയായിരുന്നു താരം.
കൊളംബിയന്‍ പെനാല്‍റ്റി ബോക്സിന്‍െറ ഇടതും വലതും മൂലയില്‍നിന്ന് പരഗ്വേയുടെ ഡാരിയോ ലെസ്കാനോയും എഡ്ഗാര്‍ ബെനിറ്റസും തൊടുത്തുവിടുന്ന വെടിയുണ്ടകള്‍ക്കുമേല്‍ അസാമാന്യ മെയ്വഴക്കത്തോടെ ചാടിവീണ ഒസ്പിന സ്വന്തം ടീമിന് ക്വാര്‍ട്ടര്‍ ഫൈനല്‍ ബര്‍ത്തും പരഗ്വേക്ക് പുറത്തേക്കുള്ള വഴിയും ഉറപ്പിച്ചു. കളിയുടെ ആദ്യ പകുതിയില്‍ പിറന്ന രണ്ടു ഗോളുകളാണ് കൊളംബിയക്ക് കോപ അമേരിക്ക ശതാബ്ദി ചാമ്പ്യന്‍ഷിപ്പിലെ തുടര്‍ച്ചയായ രണ്ടാംജയം സമ്മാനിച്ചത്. 12ാം മിനിറ്റില്‍ വലതുവിങ്ങില്‍നിന്നും റോഡ്രിഗസ് ഉയര്‍ത്തിനല്‍കിയ കോര്‍ണര്‍ കിക്ക് ബാക ഹെഡറിലൂടെ വലയിലേക്ക് കുത്തിക്കയറ്റി. ക്രിസ്റ്റ്യന്‍ സപാറ്റയുടെ ഹെഡര്‍ ക്ളിയര്‍ ചെയ്യുന്നതിനിടെയായിരുന്നു ഗോളിലേക്കുള്ള കോര്‍ണര്‍ പിറന്നത്.
ഗോള്‍വീണ ഞെട്ടലില്‍ പരഗ്വേ ഉണര്‍ന്നുകളിച്ചു. 22ാം മിനിറ്റില്‍ റോബര്‍ട്ട് പിറിസ് മോട്ട തൊടുത്തുവിട്ട ഷോട്ട് കൊളംബിയന്‍ ഗോള്‍മുഖത്ത് ആശങ്കപരത്തിയെങ്കിലും ഒസ്പിനയുടെ കരങ്ങളില്‍ എല്ലാം ഭദ്രം. കാടിളക്കി പായുന്ന കൊമ്പന്മാരെ അടക്കിനിര്‍ത്താനെറിയുന്ന തീപ്പന്തം പോലെയായിരുന്നു ഒസ്പിനോയുടെ ഓരോ സേവും. ഹൈബാളും നീളന്‍ ക്രോസുകളുമെല്ലാം കണക്ട് ചെയ്യപ്പെടുംമുമ്പേ പരിചയസമ്പന്നായ ഗോള്‍ കീപ്പര്‍ തട്ടിയകറ്റി. ഇതിനിടെ, 30ാം മിനിറ്റില്‍ റോഡ്രിഗസ് കൊളംബിയന്‍ ലീഡുയര്‍ത്തി. രണ്ടു പരഗ്വേ താരങ്ങള്‍ക്കിടയിലൂടെ ഓടിക്കയറിയ ബാകയില്‍നിന്നു പന്ത് കര്‍ഡോണയിലേക്ക്. ഡിഫന്‍ഡര്‍മാര്‍ വളയുംമുമ്പേ കര്‍ഡോണ റോഡ്രിഗസിന് പാകമായി പന്ത് മറിച്ചുനല്‍കി. എതിര്‍ ഗോളി ജസ്റ്റോ വിയ്യാറിന് അവസരംനല്‍കാതെ പന്ത് വലയിലേക്ക്. 2-0ത്തിന് കൊളംബിയ മുന്നില്‍. 33ാം മിനിറ്റില്‍ പരഗ്വേ ഫ്രീകിക്ക് ഹെഡറിലൂടെ സ്കോര്‍ ചെയ്തെങ്കിലും ഓഫ്സൈഡ് കെണിയില്‍ ആഹ്ളാദം കെട്ടടങ്ങി.
രണ്ടാം പകുതിയിലും ആവേശം ചോരാതെ പരഗ്വേ വിങ്ങുകളിലൂടെ ആക്രമണം ശക്തമാക്കിയപ്പോള്‍ കളിക്കും ചന്തംകൂടി. 71ാം മിനിറ്റിലെ മറുപടി ഗോള്‍ ഒസ്പിനയുടെ എല്ലാ മിടുക്കും ചോര്‍ത്തിക്കളഞ്ഞു. വാരകള്‍ അകലെനിന്നും വിക്ടര്‍ അയാള പറത്തിവിട്ട ഷോട്ട് പ്രതിരോധ മലക്കും ഒസ്പിനയുടെ പാതാളകൈകള്‍ക്കും മുകളിലൂടെ വലയുടെ മൂലയില്‍. പരഗ്വേക്ക് ആശ്വാസ ഗോള്‍. ഒരു ഗോള്‍ കൂടി നേടി ഒപ്പമത്തൊനുള്ള ശ്രമങ്ങള്‍ക്കിടെ ഒസ്കാര്‍ റൊമീറോ ചുവപ്പുകാര്‍ഡുമായി പുറത്തായപ്പോള്‍ പരഗ്വേയുടെ പോരാട്ടമെല്ലാം കെട്ടടങ്ങി. ആദ്യ കളിയില്‍ കോസ്റ്ററീകയോട് സമനില വഴങ്ങിയ ടീമിന്‍െറ നോക്കൗട്ട് സാധ്യതയും മങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.