ഉറുഗ്വെയെ അട്ടിമറിച്ച് വെനിസ്വേല ക്വാർട്ടറിൽ
text_fieldsഫിലഡെല്‍ഫിയ: 15 തവണ കോപ അമേരിക്കയില്‍ മുത്തമിട്ട ഉറുഗ്വായ്ക്ക് നാട്ടിലേക്ക് തിരിച്ചുപോകാം. പരിക്കുകാരണം രണ്ടാം മത്സരവും കളിക്കാതിരുന്ന ബാഴ്സലോണയുടെ സൂപ്പര്‍ താരം ലൂയി സുവാരസിനെ സാക്ഷിയാക്കി കോപ അമേരിക്ക ശതാബ്ദി ടൂര്‍ണമെന്‍റിന്‍െറ ഗ്രൂപ് സി പോരാട്ടത്തില്‍ വെനിസ്വേലയാണ് ഉറുഗ്വായ്യെ 1-0ത്തിന് അട്ടിമറിച്ചത്. ഈ ജയത്തോടെ വെനിസ്വേലയും ഒപ്പം ജമൈക്കയെ 2-0ത്തിന് തോല്‍പിച്ച മെക്സികോയും ക്വാര്‍ട്ടര്‍ ഫൈനല്‍ ഉറപ്പിച്ചു. 36ാം മിനിറ്റില്‍ സലോമന്‍ റോന്‍ഡനാണ് ഉറുഗ്വായ്യുടെ നെഞ്ചുപിളര്‍ത്തിയ ഗോള്‍ നേടിയത്.
മെക്സികോയോട് 1-3ന് തോറ്റ ടീമില്‍ നാല് മാറ്റങ്ങള്‍ ഉറുഗ്വായ് കോച്ച് ഓസ്കര്‍ ടബാരസ് വരുത്തി. ക്രിസ്റ്റ്യന്‍ സ്റ്റുവാനി, ഗാസ്റ്റണ്‍ റാമിറസ്, അല്‍വാരോ ഗോണ്‍സാലസ്, ഗാസ്റ്റണ്‍ സില്‍വ എന്നിവര്‍ ആദ്യ ഇലവനില്‍ ഇടംനേടി. ഡീഗോ റോളന്‍, നികളസ് ലോഡിറോ, മത്യാസ് വെസീനോ, അല്‍വാരോ പെരീറ എന്നിവര്‍ സൈഡ്ബെഞ്ചിലേക്ക് മാറി. വെനിസ്വേല കോച്ച് റാഫേല്‍ ഡുഡാമല്‍ ഒരുമാറ്റവുമായാണ് ടീമിനെ ഇറക്കിയത്.
മെക്സികോക്കെതിരെ പാളിയ ഉറുഗ്വായ് പ്രതിരോധം താരതമ്യേന ദുര്‍ബലരായ വെനിസ്വേലക്ക് മുന്നിലും ഇടക്കിടെ ആടിയുലഞ്ഞു. എന്നാല്‍, ആക്രമണത്തിന് മുര്‍ച്ച കുറവുമില്ലായിരുന്നു. 15ാം മിനിറ്റില്‍ പാരിസ് സെന്‍റ് ജര്‍മയ്ന്‍ താരം എഡിസണ്‍ കവാനിക്ക് ഉറുഗ്വായ്യെ മുന്നിലത്തെിക്കാന്‍ കിട്ടിയ അവസരം മുതലാക്കാനായില്ല. കളി അരമണിക്കൂര്‍ പിന്നിട്ടപ്പോള്‍ കവാനിക്ക് മറ്റൊരു അവസരംകൂടി കിട്ടി. പിന്നാലെ കവാനിയുടെ ഷോട്ട് ഗോളിയെ മറികടന്നെങ്കിലും പോസ്റ്റും കടന്ന് പുറത്തേക്കാണ് ഉരുണ്ടത്. ഇതിനിടെ റഫറി ഓഫ്സൈഡും വിളിച്ചിരുന്നു.36ാം മിനിറ്റില്‍ അലയാന്‍ട്രോ ഗുവേരയുടെ ഷോട്ട് ഉറുഗ്വായ് ഗോളി ഫെര്‍ണാണ്ടോ മുസ്ലേര ബാറിന് മുകളിലുടെ തട്ടിയകറ്റുന്നതിനിടെ അവസരം മുതലെടുത്ത റോന്‍ഡന്‍ പന്ത് വലയിലത്തെിച്ചു.
ഒരു ഗോളിന് പിന്നിലായിട്ടും രണ്ടാം പകുതിയുടെ തുടക്കത്തില്‍ ടീമില്‍ മാറ്റങ്ങള്‍ക്ക് ഉറുഗ്വായ് കോച്ച് മുതിര്‍ന്നില്ല. കവാനിയും സ്റ്റുവാനിയും ഗോള്‍ തിരിച്ചടിക്കാന്‍ കിണഞ്ഞുശ്രമിച്ചു. മറുഭാഗത്ത് പെനരന്‍ഡയുടെ ഷോട്ട് ഇറുഗ്വായ് ഗോളി രക്ഷപ്പെടുത്തി. കളിയുടെ അവസാനഘട്ടത്തില്‍ ഉറുഗ്വായ് നിരയില്‍ മൂന്നുതാരങ്ങള്‍ പകരക്കാരായി ഇറങ്ങി.പകരക്കാരിലൊരാളായ റൊമുലോ ഒടേരയും കവാനിയും കളിതീരാന്‍ സെക്കന്‍ഡുകള്‍ ബാക്കിനില്‍ക്കുമ്പോഴും ഗോള്‍ തേടി അലഞ്ഞെങ്കിലും ആദ്യ റൗണ്ടില്‍തന്നെ പുറത്തുപോകാനായിരുന്നു ടീമിന്‍െറ വിധി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.