ഒടുവില്‍ ചിലി ചിരിച്ചു
text_fieldsമസാചൂസറ്റ്: 100 മിനിറ്റ് നീണ്ട പോരാട്ടത്തിനൊടുവില്‍ ചിലിക്ക് പെനാല്‍റ്റി ഭാഗ്യത്തിലൂടെ നാടകീയ ജയം. പരുക്കനടവുകളും കൈയാങ്കളിയും ആവോളം നിറഞ്ഞ മത്സരത്തില്‍ ഇരട്ടഗോള്‍ നേടിയ അര്‍തുറോ വിദാലാണ് നിലവിലെ ചാമ്പ്യന്മാര്‍ക്ക് ജീവശ്വാസം പകര്‍ന്ന ജയമൊരുക്കിയത്.ചിലിക്കനുകൂലമയി അരഡസനോളം അവസരങ്ങള്‍ പിറന്നെങ്കിലും ഒരിക്കല്‍പോലും വലകുലുക്കാതെയായിരുന്നു ഒന്നാം പകുതി അവസാനിച്ചത്. പക്ഷേ, രണ്ടാം പകുതിയുടെ കിക്കോഫിനു പിന്നാലെ വിദാല്‍ സ്കോര്‍ ചെയ്തു. ഇടതു വിങ്ങില്‍നിന്നും പിന്നില നല്‍കിയ ക്രോസ് ബോക്സിനകത്തുനിന്നും വിദാല്‍ വലയിലാക്കി. ആദ്യ അങ്കത്തില്‍ അര്‍ജന്‍റീനയോട് തോല്‍വി വഴങ്ങിയ ചാമ്പ്യന്മാര്‍ക്ക് നോക്കൗട്ട് സാധ്യത നിലനിര്‍ത്താന്‍ ജയം അനിവാര്യമായ ഘട്ടത്തിലെ നിര്‍ണായക ഗോള്‍. പക്ഷേ, ബൊളീവിയയുടെ പ്രത്യാക്രമണത്തിന് വേഗം കൂടുതലായിരുന്നു.
മധ്യവരക്ക് പുറത്തുനിന്നും ലഭിക്കുന്ന പന്തുമായി അതിവേഗത്തില്‍ കുതിക്കുന്നവര്‍ ക്ളോഡിയോ ബ്രാവോയുടെ മുന്നില്‍ പരാജയപ്പെട്ടു. പക്ഷേ, 61ാം മിനിറ്റില്‍ ലഭിച്ച ഫ്രീകിക്ക് അതിമനോഹരമായി വലയിലേക്ക് ലാന്‍ഡ് ചെയ്യിച്ച് ജസ്മാനി ഡവാലോസ് ബൊളീവിയയെ ഒപ്പമത്തെിച്ചു. 30 വാര അകലെനിന്നും തൊടുത്തുവിട്ട ഷോട്ട് വെടിയുണ്ട കണക്കെ വലയില്‍ പതിച്ചപ്പോള്‍ പകുതിയിലേറെ നിറഞ്ഞ ചിലി ആരാധകര്‍ ഞെട്ടി.പിന്നെ ബലപരീക്ഷണത്തിന്‍െറ നിമിഷങ്ങളായിരുന്നു. സാഞ്ചസും വിദാലും വര്‍ഗാസുമെല്ലാം നടത്തിയ ഉജ്ജ്വല മുന്നേറ്റങ്ങള്‍ തലനാരിഴ വ്യത്യാസത്തില്‍ വഴിമാറി. 12 മിനിറ്റ് അധികസമയം അനുവദിച്ചതോടെ മുന്നേറ്റത്തിന് വീണ്ടും വേഗം കൂടി. ഒടുവില്‍ ഇഞ്ചുറിയിലെ പത്താം മിനിറ്റില്‍ റഫറിയുടെ വിവാദ തീരുമാനവും പെനാല്‍റ്റി ഗോളും. സാഞ്ചസിന്‍െറ ഷോട്ട് ബോക്സിനകത്ത് ബൊളീവിയന്‍ താരം ഗ്വിറ്ററസ് ഹെരീറയുടെ കൈയില്‍ തട്ടിയതിനായിരുന്നു പെനാല്‍റ്റി. എന്നാല്‍, ടെലിവിഷന്‍ റീപ്ളേകളില്‍ കൈ ഒതുക്കിവെക്കുന്നത് ദൃശ്യമായിരുന്നു. ബൊളീവിയന്‍ താരങ്ങളുടെ പ്രതിഷേധത്തിനിടെ കിക്കെടുത്ത വിദാലിന് പിഴച്ചില്ല. വിജയമുറപ്പിച്ച് വലകുലുങ്ങി. ചിലിക്ക് ആശ്വാസമായി ജയവും രണ്ടാം തോല്‍വിയോടെ ബൊളീവിയ പുറത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.