വിജയം തുടരാന്‍ ഫ്രഞ്ച് പട
text_fieldsമാഴ്സെ: ഉദ്ഘാടന മത്സരത്തിലെ ത്രസിപ്പിക്കുന്ന ജയം സമ്മാനിച്ച ആവേശവുമായി ആതിഥേയരായ ഫ്രാന്‍സ് ബുധനാഴ്ച വീണ്ടും കളത്തില്‍. ഗ്രൂപ് ‘എ’യിലെ രണ്ടാം അങ്കത്തില്‍ അല്‍ബേനിയയാണ് എതിരാളികള്‍. ഇന്ത്യന്‍ സമയം രാത്രി 12.30നാണ് മത്സരം.
ആദ്യ മത്സരത്തില്‍ കരുത്തരായ റുമേനിയക്കെതിരെ 2-1ന് ജയിച്ചെങ്കിലും മധ്യനിരയിലെയും പ്രതിരോധത്തിലെയും തുറന്നുകാട്ടപ്പെട്ട വിള്ളലുകള്‍ അടച്ചുകൊണ്ടാവും കോച്ച് ദിദിയര്‍ ദെഷാംപ്സ് ടീമിനെ ഇറക്കുക. തന്ത്രപരമായ മാറ്റങ്ങള്‍ ഇന്ന് വരുത്തുമെന്നും കോച്ച് ഉറപ്പുനല്‍കുന്നു. 4-3-3 ശൈലിയില്‍ ജിറൂഡ്-ഗ്രീസ്മാന്‍-ദിമിത്രി പായറ്റ് എന്നിവരെ മുന്നില്‍ നിയോഗിച്ച് റുമേനിയയെ നേരിട്ട ടീമില്‍ കളിയുടെ പകുതിസമയത്ത് രണ്ടുമാറ്റങ്ങള്‍ വരുത്തിയാണ് ഫ്രാന്‍സ് കളിയില്‍ തിരിച്ചത്തെിയത്. വിങ്ങിലെ വേഗക്കാരായ ആന്‍റണി മാര്‍ഷല്‍, കിങ്സ്ലെ കോമാന്‍ എന്നിവരെ പരീക്ഷിച്ച് കണ്ട വിജയം ദെഷാംപ്സ് ഇന്നും ആവര്‍ത്തിച്ചല്‍ അദ്ഭുതപ്പെടേണ്ട. 4-2-3-1 ഫോര്‍മേഷനിലാവും അല്‍ബേനിയയെ നേരിടുക. സോളോ സ്ട്രൈക്കര്‍ ജിറൂഡിന് പിന്തുണയുമായി മാര്‍ഷലും കോമാനും തന്നെ വിങ്ങുകളിലൂടെ പന്തത്തെിക്കും. അതേമസയം, പോഗ്ബ, ഗ്രീസ്മാന്‍ എന്നിവര്‍ക്ക് വിശ്രമം നല്‍കാനും സാധ്യതയുണ്ട്. പേമേക്കറുടെ റോളിലേക്ക് ആദ്യകളിയിലെ വിസ്മയ ഗോളിന് ഉടമ ദിമിത്രി പായറ്റിനാവും ചുമതല.അതേസമയം, റുമേനിയയെക്കാള്‍ അപകടകാരിയാണ് അല്‍ബേനിയ. ആദ്യ മത്സരത്തില്‍ സ്വിറ്റ്സര്‍ലന്‍ഡിനെ വിറപ്പിച്ച് കീഴടങ്ങിയവരുടെ പ്രത്യാക്രമണ മികവ് ഫ്രഞ്ച് പ്രതിരോധക്കോട്ടക്ക് തലവേദനയാവും.
ബുധനാഴ്ചത്തെ ആദ്യ മത്സരത്തില്‍ റഷ്യ -സ്ലോവാക്യയെ നേരിടും. ഇംഗ്ളണ്ടിനെതിരായ മത്സരം സമനില പിടിച്ച വീര്യവുമായാണ് റഷ്യ ഇറങ്ങുന്നത്. അതേസമയം, ആരാധകര്‍ അക്രമം അഴിച്ചുവിട്ടത് കാരണം ഗ്രൗണ്ടിന് പുറത്തും ടീം സമ്മര്‍ദത്തിലാണ്. സംഘര്‍ഷം ആവര്‍ത്തിച്ചാല്‍ യൂറോയില്‍നിന്ന് വിലക്കുമെന്ന യുവേഫയുടെ മുന്നറിയിപ്പിനിടെയാണ് കളത്തിലിറങ്ങുന്നത്. 9.30ന് നടക്കുന്ന മത്സരത്തില്‍ റുമേനിയ സ്വിറ്റ്സര്‍ലന്‍ഡിനെ നേരിടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.