88ാം മിനിറ്റിൽ ഗോൾ; സ്വീഡനെ കീഴടക്കി ഇറ്റലി (1-0)
text_fieldsതൗലോസ്: ബഫണ് മുന്നില്‍ ഇബ്രയും രക്ഷപ്പെട്ടില്ല. സ്വീഡിഷ് ആക്രമണത്തിന് മുന്നില്‍ മലപോലെ നിന്ന നായകന്‍ ഗിയാന്‍ ല്യൂഗി ബഫണിന്‍െറയും പ്രതിരോധകോട്ട കാത്ത ജോര്‍ജിയോ ചെല്ലിനിയുടെയും കരുത്തില്‍ ഇറ്റലിക്ക് രണ്ടാം ജയം. സ്വീഡന്‍െറ ആക്രമണവും അസൂരികളുടെ വിജയവുംകണ്ട മത്സരത്തില്‍ ഇന്‍ജ്വറി ടൈമിന് തൊട്ടുമുമ്പ് എഡെര്‍ മാര്‍ട്ടിന്‍സ് നേടിയ മാസ്മരിക ഗോളാണ് വിധിനിര്‍ണയിച്ചത് (1-0). ആദ്യ മത്സരത്തില്‍ ബെല്‍ജിയത്തിനെ കെട്ടുകെട്ടിച്ച ഇറ്റലി ഇതോടെ യൂറോ കപ്പിന്‍െറ പ്രീ ക്വാര്‍ട്ടറില്‍ ഇടംപിടിച്ചു.
ഇക്കുറിയും ബഫണിന്‍െറ വല അനക്കമില്ലാതെ നില്‍ക്കുന്നതാണ് വെള്ളിയാഴ്ച കണ്ടത്. മഞ്ഞയില്‍ കളിച്ചാടിയ ഡി തൗലൂസ് സ്റ്റേഡിയത്തില്‍ പെല്ളെയെയും എഡെറെയും ഇടംവലം നിര്‍ത്തി 3-5-2 ശൈലിയിലായിരുന്നു ഇറ്റലിയുടെ തുടക്കം. മറുവശത്ത് ഇബ്രക്കൊപ്പം ജോണ്‍ ഗുഡേറ്റിയെ മുന്നില്‍നിര്‍ത്തി 4-4-2 ശൈലിയില്‍ സ്വീഡനും തുടങ്ങി. ഇബ്രാഹിമോവിച്ചിന്‍െറ ആക്രമണം കണ്ടാണ് ഗ്രൗണ്ട് ഉണര്‍ന്നത്. മൂന്നാം മിനിറ്റില്‍ ബഫണിന്‍െറ വലയില്‍ പന്തത്തെുമെന്ന് തോന്നിച്ച ഘട്ടത്തില്‍ രക്ഷകനായി അവതരിച്ചത് ചെല്ലിനിയായിരുന്നു. കിം കോള്‍സ്ട്രോമിന്‍െറ പാസിന് ഗോള്‍ പോസ്റ്റിന് നേരെ ഇബ്ര തലനീട്ടിയെങ്കിലും തൊട്ടടുത്ത് മറ്റൊരു തലയുമായി ചെല്ലിനിയിലെ രക്ഷകന്‍ അവതരിച്ചു. പത്താം മിനിറ്റില്‍ ഒരുവട്ടം കൂടി ഇറ്റാലിയന്‍ ഗോള്‍മുഖത്ത് സ്വീഡനത്തെി. ഇക്കുറി രക്ഷകനായി നായകന്‍ ബഫണ്‍ നിറഞ്ഞുനിന്നു.
19ാം മിനിറ്റില്‍ ഇറ്റാലിയന്‍ ആക്രമണം ഇടിച്ച് തെറിപ്പിച്ച് സ്വീഡിഷ് ഗോളി അന്‍േറാണിയോ കാന്‍ഡ്രാവ രക്ഷകനായി. 27ാം മിനിറ്റില്‍ ഇബ്രയുടെ ഫ്രീകിക്ക് എത്തിയെങ്കിലും ബഫണെ മറികടക്കാനുള്ള കരുത്ത് അതിനില്ലായിരുന്നു. ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് തുടര്‍ച്ചയായ രണ്ട് തവണ ഇബ്രാഹിമോവിച്ചും ഗുഡേറ്റിയും ഇറ്റാലിയന്‍ ഗോള്‍മുഖത്തേക്ക് ഇരച്ചുകയറി. എന്നാല്‍, ചെല്ലിനിയുടെയും ബൊനൂസിയുടെയും ബര്‍സാഗിന്‍െറയും പ്രതിരോധക്കോട്ട തകര്‍ക്കാനായില്ല. ഇബ്രയെ പറക്കാന്‍വിടാതെ വട്ടമിട്ട് പിടിച്ചു മൂവരും. ആദ്യ പകുതിയില്‍ 17 തവണ ഇറ്റാലിയന്‍ ഗോള്‍മുഖം സ്വീഡന്‍ ആക്രമിച്ചപ്പോള്‍ എട്ട് തവണ മാത്രമാണ് സ്വീഡിഷ് പ്രതിരോധ നിരയിലേക്ക് ബാളത്തെിയത്.
രണ്ടാം പകുതിയുടെ തുടക്കത്തില്‍ ഇറ്റലിയാണ് ആക്രമണം തുടങ്ങിയത്. പെനാല്‍റ്റി ബോക്സിന് പുറത്തുനിന്ന് തൊടുത്ത പെല്ളെയുടെ ഷോട്ട് കാണികളെ ലക്ഷ്യമാക്കി പറന്നകന്നു. 69ാം മിനിറ്റില്‍ ആദ്യ മഞ്ഞക്കാര്‍ഡ് ഇറ്റലിക്ക് വേണ്ടി ഡി റോസി സ്വന്തമാക്കി. തൊട്ടുപിന്നാലെ ഡി റോസിയെ പുറത്തേക്ക് വലിച്ച് തിയാഗോ മോട്ടയെ ഗ്രൗണ്ടിലിറക്കി. ഇതിനിടെ ഇബ്രയുടെ ഗോളിലേക്കുള്ള യാത്ര ഓഫ് സൈഡില്‍ കലാശിച്ചു. 80ാം മിനിറ്റില്‍ സ്വീഡനെ ഞെട്ടിച്ച് പറോലോയുടെ ഹെഡര്‍. ഗോളി ഐസക്സണിനെയും മറികടന്നുപോയ പന്ത് ക്രോസ് ബാറില്‍ തട്ടി പുറത്തേക്ക് തെറിച്ചു.
88ാം മിനിറ്റില്‍ ഇറ്റലി കാത്തിരുന്ന ഗോളത്തെി. ചെല്ലിനിയുടെ ത്രോയിലായിരുന്നു തുടക്കം. പെനാല്‍റ്റി ബോക്സിനെ ലക്ഷ്യമാക്കി ചെല്ലിനിയെറിഞ്ഞ പന്ത് പറന്നുയര്‍ന്ന സിമിയോണ്‍ സാസ ഉഗ്രന്‍ ഹെഡറിലൂടെ എഡെറിന് മറിച്ചുകൊടുത്തു. നെഞ്ചില്‍ കോര്‍ത്തെടുത്ത പന്തുമായി പോസ്റ്റിന് നേരെ പാഞ്ഞ എഡെറിന്‍െറ ഇടംവലം ഗ്രാന്‍ക്വിവ്സ്റ്റും കോള്‍സ്റ്റോമും ജിമ്മി ഡര്‍മാസും അണിനിരന്നെങ്കിലും ബോക്സിന് തൊട്ടടുത്ത് നിന്ന് ഇടിമിന്നല്‍ ഷോട്ട് വലയിലേക്ക് പാഞ്ഞു.ചാടിനോക്കിയ ഐസക്സണിന് അവസരം പോലും കൊടുക്കാതെ പന്ത് ഗോള്‍വര കടന്നു. ഇന്‍ജുറി ടൈമില്‍ രണ്ട് തവണ കൂടി ഇറ്റലി ലക്ഷ്യത്തിലേക്ക് ഷോട്ടുകള്‍ തൊടുത്തു. വിജയഗോള്‍ നേടിയ എഡെറാണ് മാന്‍ ഓഫ് ദ മാച്ച്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.