അര്‍ജന്‍റീന x വെനിസ്വേല
text_fieldsമസാചൂസറ്റ്സ്: കോപ അമേരിക്ക ശതാബ്ദി ചാമ്പ്യന്‍ഷിപ്പിന്‍െറ ക്വാര്‍ട്ടര്‍ ഫൈനലില്‍ അര്‍ജന്‍റീന ഞായറാഴ്ച പുലര്‍ച്ചെ വെനിസ്വേലക്കെതിരെ. കോപ പ്രാഥമിക റൗണ്ടില്‍ ഒരു കളി പോലും തോല്‍ക്കാതെ ക്വാര്‍ട്ടറിലത്തെിയ ഏക ടീമായ അര്‍ജന്‍റീന അനായാസ സെമി പ്രവേശമാണ് ലക്ഷ്യമിടുന്നതെങ്കിലും ആരാധകര്‍ കാത്തിരിക്കുന്നത് നായകന്‍ ലയണല്‍ മെസ്സി മുഴുസമയം കളത്തില്‍ നിറഞ്ഞാടുന്നത് കാണാന്‍. ഗ്രൂപ് റൗണ്ടിലെ മൂന്നില്‍ രണ്ടു കളിയിലേ മെസ്സി പന്തു തട്ടിയിട്ടുള്ളൂ. അതും അതിഥിയായത്തെി മാത്രം.
ആദ്യ മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ചിലിയെ നേരിടുമ്പോള്‍ മുഴുസമയ കാണിയുടെ റോളിലായിരുന്നു ബാഴ്സലോണയുടെ സൂപ്പര്‍ താരം. രണ്ടാമങ്കത്തില്‍ പാനമക്കെതിരെ 30 മിനിറ്റ് കളിച്ച് ഹാട്രിക്കടിച്ച് കോപയിലെ സാന്നിധ്യമറിയിച്ചു. അവസാനകളിയില്‍ ബൊളീവിയക്കെതിരെ 45 മിനിറ്റുമിറങ്ങി. അര്‍ജന്‍റീന പന്തുതട്ടുമ്പോഴെല്ലാം ഗാലറിയിലെ മുഴക്കം ‘മെസ്സി, ... മെസ്സി..’ എന്നുമാത്രമായിരുന്നു. അതിനുത്തരം ഫോക്സ്ബറോയിലെ ഗില്ലറ്റ് സ്റ്റേഡിയത്തിലുണ്ടാവുമെന്ന് കോച്ച് ജെറാര്‍ഡോ മാര്‍ട്ടിനോയും ഉറപ്പുനല്‍കുന്നു. സൗഹൃദ മത്സരത്തിനിടെ പരിക്കേറ്റ മെസ്സി ഓരോ മത്സരം കഴിയുമ്പോഴേക്കും പൂര്‍ണമായും ഫിറ്റായിക്കഴിഞ്ഞതായി കോച്ചിന്‍െറ വാക്കുകള്‍. ‘ലിയോ ഉറപ്പായും കളിക്കും. കാണികള്‍ അദ്ദേഹം കളിക്കുന്നത് കാണാനാണ് ഇഷ്ടപ്പെടുന്നത്. ലോകം മുഴുവനും ഇങ്ങനെയാണ്’ -മാര്‍ടിനോ കാര്യം വ്യക്തമാക്കി. അതേസമയം, മെസ്സിയില്ലാതെയും ജയിക്കാനാവുമെന്ന് തെളിഞ്ഞതിന്‍െറ ആത്മവിശ്വാസവും അര്‍ജന്‍റീനക്കുണ്ട്. വെനിസ്വേല കടന്നാല്‍ സെമിയില്‍ ആതിഥേയരായ അമേരിക്കയാണ് അര്‍ജന്‍റീനയെ കാത്തിരിക്കുന്നത്. അര്‍ജന്‍റീനക്കെതിരെ മികച്ച റെക്കോഡുള്ള മുന്‍ ജര്‍മന്‍ പരിശീലകനായ യുര്‍ഗന്‍ ക്ളിന്‍സ്മാനാണ് അമേരിക്കക്ക് കളി പറഞ്ഞുനല്‍കുന്നതും.
എയ്ഞ്ചല്‍ ഡി മരിയ, എസിക്വേല്‍ ലാവെസ്സി, എവര്‍ ബനേഗ, എറിക് ലമേല തുടങ്ങിയ താരങ്ങളും മികച്ച ഫോമിലാണ്. പ്രതിരോധത്തില്‍ മഷറാനോയും ഒടമെന്‍ഡിയും അണിനിരക്കുന്നതോടെ വെനിസ്വേലക്കുമേല്‍ സമ്പൂര്‍ണ ആധിപത്യമാവും അര്‍ജന്‍റീനക്ക്. 20 തവണ പരസ്പരം ഏറ്റുമുട്ടിയപ്പോള്‍ 19 കളിയിലും ജയം അര്‍ജന്‍റീനക്കായിരുന്നു. 2011ല്‍ ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ മാത്രമേ വെനിസ്വേലക്ക് വിജയം നേടാനായുള്ളൂ.
ഗ്രൂപ് സിയില്‍ മുന്‍ ചാമ്പ്യന്മാരായ ഉറുഗ്വായിയെയും ജമൈക്കയെയും കീഴടക്കുകയും കരുത്തരായ മെക്സികോയെ 1-1ന് സമനിലയില്‍ തളക്കുകയും ചെയ്ത വെനിസ്വേലയെ എഴുതിത്തള്ളാനാവില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.