വീഴാതെ ജര്‍മനി, പോളണ്ട്
text_fieldsപാരിസ്: ഓരോ ഗോള്‍ ജയവുമായി ജര്‍മനിയും പോളണ്ടും യൂറോകപ്പ് ഗ്രൂപ് ‘സി’യില്‍നിന്ന് പ്രീക്വാര്‍ട്ടറിലേക്ക്. ലോകചാമ്പ്യന്മാര്‍ക്കെതിരെ അട്ടിമറി ജയപ്രതീക്ഷയുമായിറങ്ങിയ വടക്കന്‍ അയര്‍ലന്‍ഡുകാര്‍ ലോങ് വിസില്‍ വരെ പൊരുതിയെങ്കിലും കളിയുടെ 30ാം മിനിറ്റില്‍ മരിയോ ഗോമസിന്‍െറ ഗോളിലൂടെ മുന്നിലത്തെിയ ജര്‍മനിയെ പിടിച്ചുകെട്ടാന്‍ കഴിഞ്ഞില്ല. മാഴ്സെയില്‍ നടന്ന ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ യുക്രെയ്നിനെ പോളണ്ട് ഒരു ഗോളിന് കീഴടക്കി. പകരക്കാരനായിറങ്ങിയ ബ്ളാസികോവ്സ്കിയുടെ ബൂട്ടിലൂടെ 54ാം മിനിറ്റില്‍ ലക്ഷ്യംകണ്ടായിരുന്നു പോളിഷുകാരുടെ വിജയം. രണ്ടു ജയവും ഒരു സമനിലയുമായി ജര്‍മനിക്കും പോളണ്ടിനും ഏഴ് പോയന്‍റാണെങ്കിലും ഗോള്‍വ്യത്യാസത്തിന്‍െറ മുന്‍തൂക്കത്തില്‍ ജര്‍മനി ഗ്രൂപ് ചാമ്പ്യന്മാരായി. പോളണ്ട് രണ്ടാമതും. ഒരു ജയവും രണ്ടു തോല്‍വിയുമുള്ള അയര്‍ലന്‍ഡിന് ഇനി മികച്ച മൂന്നാം സ്ഥാനക്കാരില്‍ ഒരാളായി പ്രീക്വാര്‍ട്ടറിലത്തൊന്‍ പ്രാര്‍ഥിക്കാം.
ജര്‍മനി 1 – വ. അയര്‍ലന്‍ഡ് 0
അവസാന മത്സരത്തില്‍ പോളണ്ടിനോട് സമനില വഴങ്ങിയ ജര്‍മനി ഗ്രൂപ്പിലെ ഒന്നാം സ്ഥാനമുറപ്പിക്കാന്‍ ജയം ലക്ഷ്യമിട്ടായിരുന്നു പന്തുതട്ടിയത്. 4-2-3-1 ശൈലിയിലായിരുന്നു ലോകചാമ്പ്യന്മാരുടെ കിക്കോഫ്. ഗോട്സെക്ക് പകരം മരിയോ ഗോമസിനെ മുന്നില്‍ നിര്‍ത്തിയുള്ള കോച്ച് യൊആഹിം ലോയ്വിന്‍െറ സോളോ അറ്റാക്ക്. പോളണ്ടിനെതിരെ പ്ളെയിങ് ഇലവനില്‍ ഇടമില്ലാതിരുന്ന ഗോമസിന്‍െറ വരവും മത്സരഫലത്തോടെ ന്യായീകരിക്കപ്പെട്ടു. സെന്‍ട്രല്‍ മിഡ്ഫീല്‍ഡില്‍ മ്യൂളറും വിങ്ങില്‍ ഓസിലും ഗോട്സെയുമിറങ്ങിയതോടെ ആദ്യ മിനിറ്റ് മുതല്‍ കളിയുടെ ഗതി ജര്‍മനിക്കൊപ്പമായി. പ്രതിരോധത്തില്‍ കുറ്റിയുറപ്പോടെ ജെറോ ബോട്ടെങ്ങും മാറ്റ് ഹുമ്മല്‍സും.
മധ്യനിരയില്‍ ടോണി ക്രൂസ്, സമി ഖെദീര എന്നിവരും. ഏഴാം മിനിറ്റില്‍തന്നെ ഓസിലിന്‍െറ മുന്നേറ്റത്തിലൂടെ ഐറിഷ് പ്രതിരോധം പരീക്ഷിക്കപ്പെട്ടു. വിങ്ങിലൂടെയും സെന്‍ട്രല്‍ മിഡ്ഫീല്‍ഡിലൂടെയും നിരന്തര മുന്നേറ്റത്തിനിടെയായിരുന്നു ആദ്യ ഗോള്‍ പിറന്നത്. 30ാം മിനിറ്റില്‍ ക്രൂസും മ്യൂളറും ഗോമസും ചേര്‍ന്നുള്ള ആക്രമണത്തില്‍ പച്ചപ്പടയുടെ വലകുലുങ്ങി. പെനാല്‍റ്റി ബോക്സിനു മുന്നില്‍ അയര്‍ലന്‍ഡ് പ്രതിരോധത്തെയും ഗോളിയെയും വീഴ്ത്തിയ മ്യൂളര്‍ പിന്നിലത്തെിയ ഗോമസിലേക്ക് പന്ത് മറിച്ചപ്പോള്‍ എല്ലാം ഭദ്രം. തടസ്സങ്ങളെല്ലാം വെട്ടിവീഴ്ത്തപ്പെട്ട വലയിലേക്ക് ഗോമസിന്‍െറ നിറയൊഴിക്കല്‍. ജര്‍മനിക്ക് വിജയമുറപ്പിച്ച ലീഡ്.
പിന്നെയും പിറന്നു ജര്‍മനിയുടെ കണ്ണഞ്ചിപ്പിക്കുന്ന മുന്നേറ്റങ്ങള്‍. മ്യൂളറുടെയും ഓസിലിന്‍െറയും ബുള്ളറ്റ് ഷോട്ടുകള്‍ തലനാരിഴ വ്യത്യാസത്തില്‍ വഴിമാറുകയും മറ്റുചിലത് എതിര്‍ഗോളിയുടെ രക്ഷാപ്രവര്‍ത്തനത്തിലും പാളി. രണ്ടാം പകുതിയിലാണ് അയര്‍ലന്‍ഡ് തിരിച്ചടിക്ക് തുനിഞ്ഞത്. ശൈലി മാറ്റി ആക്രമണത്തിന് മൂര്‍ച്ചകൂട്ടിയ അയര്‍ലന്‍ഡിനെ ഹുമ്മല്‍സും ബോട്ടെങ്ങും ചേര്‍ന്ന് വരിഞ്ഞുകെട്ടി. ഒരുഘട്ടത്തില്‍ ഒഴിഞ്ഞ പോസ്റ്റില്‍ കോണര്‍ വാഷിങ്ടന് പന്ത് ലഭിച്ചെങ്കിലും ഗോളി നോയറെ കീഴടക്കാന്‍ കഴിഞ്ഞില്ല.
പോളണ്ട് 1 – യുക്രെയ്ന്‍ 0
നേരത്തേതന്നെ പുറത്തായ യുക്രെയ്ന്‍ ആശ്വാസജയം തേടിയായിരുന്നു പോരാടിയത്. എന്നാല്‍, എതിരാളിയായ പോളണ്ട് വീര്യമൊട്ടും കുറയാതെ തിരിച്ചടിച്ചതോടെ കളി കൈവിട്ടു. ഗോള്‍രഹിതമായ ഒന്നാം പകുതിക്കുശേഷം രണ്ടാം പകുതിയിലെ 54ാം മിനിറ്റില്‍ ടൂര്‍ണമെന്‍റിലെ മനോഹരമായ ഒരു ഗോളുമായി യാകുബ് ബ്ളാസികോവ്സ്കി കളി പോളണ്ടിന്‍െറ വരുതിയിലാക്കി. 46ാം മിനിറ്റില്‍ പീറ്റര്‍ സെലിന്‍സ്കിക്ക് പകരക്കാരനായിറങ്ങിയാണ് ഫിയോറെന്‍റിന താരം വിജയനായകനായത്. ഇടതു വിങ്ങില്‍നിന്ന് അര്‍കാഡിയുസ് മിലിക് സൃഷ്ടിച്ച നീക്കത്തില്‍ പെനാല്‍റ്റി ബോക്സിനു മൂലയില്‍ പന്ത് ബ്ളാസിനോസ്കിയുടെ ബൂട്ടില്‍. രണ്ട് യുക്രെയ്ന്‍ ഡിഫന്‍ഡര്‍മാരെ കബളിപ്പിച്ച് വാരകള്‍ അകലെനിന്ന് തൊടുത്ത ഷോട്ട് വലയിലേക്ക്. അതേസമയം, തുടര്‍ച്ചയായി ആറാം മത്സരത്തിലും ബയേണ്‍ മ്യൂണികിന്‍െറ സൂപ്പര്‍ താരം റോബര്‍ട്ട് ലെവന്‍ഡോവ്സ്കിക്ക് വലകുലുക്കാന്‍ കഴിഞ്ഞില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.