മുൻ ഫുട്ബാളർ അമർ ബഹാദൂർ ഗുരുങ് അന്തരിച്ചു
text_fieldsമുംബൈ: മുൻ ഇന്ത്യൻ ഫുട്ബാളർ അമർ ബഹാദുർ ഗുരുങ് (73) അന്തരിച്ചു. ഗുഡ്ഗാവിലെ ആശുപത്രിയിൽ മഞ്ഞപ്പിത്തബാധയെ തുടർന്ന് ചികിത്സയിലായിരുന്നു. 1970ലെ ഏഷ്യൻ ഗെയിംസ് ഫുട്ബാളിൽ ഇന്ത്യക്ക് മെഡൽ നേടിക്കൊടുത്ത ഗോളിനുടമയാണ് അദ്ദേഹം.
ബാങ്കോകിൽ നടന്ന ഏഷ്യൻ ഗെയിംസിൽ ജപ്പാനെ തോൽപ്പിച്ചാണ് ഇന്ത്യ വെങ്കലം നേടിയത്. ഏഷ്യൻ ഗെയിംസ് ഫുട്ബാളിൽ ഇന്ത്യ നേടിയ അവസാന മെഡലാണിത്.
1942ൽ ഡെറാഡൂമിലാണ് അദ്ദേഹം ജനിച്ചത്. വലത് വിങ് പൊസിഷനിൽ പകരം വെക്കാനില്ലാത്ത കളിക്കാരനായിരുന്ന അമർ ബഹാദൂർ 1967ലാണ് ഇന്ത്യൻ ടീമിൽ അരങ്ങേറ്റം കുറിച്ചത്. കംബോഡിയക്കെതിരെയായിരുന്നു മത്സരം. പിന്നീട് 22 അന്താരാഷ്ട്ര മത്സരങ്ങൾ ഇന്ത്യക്ക് വേണ്ടി കളിച്ചു. മൂന്ന് തവണ മെർദേക്ക കപ്പിൽ ഇന്ത്യൻ കുപ്പായമണിഞ്ഞു. ഇന്ത്യ കണ്ടതിൽ വെച്ച് ഏറ്റവും മികച്ച വിങ്ങറായാണ് ബഹാദൂർ അറിയപ്പെടുന്നത്.
ഡെറാഡൂണിലെ ഗൂർഖ മിലിറ്ററി സ്കൂളിലാണ് സ്കൂൾ പഠനം പൂർത്തിയാക്കിയത്. 1960ൽ ഖൂർഖ റൈഫിൾസിൽ ചേർന്നു. തുടർന്ന് സർവീസസിൻെറ താരമായി തിളങ്ങി. 1967ൽ വിരമിക്കുന്നത് വരെ സർവീസസിനായി അദ്ദേഹം പന്തുതട്ടി. ഖൂർഖ റെജിമെൻറ്, മഫത് ലാൽ റോവേഴ്സ് എന്നിവക്ക് വേണ്ടിയും ബൂട്ടുകെട്ടി. 1966ൽ ഡ്യൂറൻറ് കപ്പ് നേടിയ ഖൂർഖ റെജിമെൻറിൽ അംഗമായിരുന്നു. സന്തോഷ് ട്രോഫിയിൽ സർവീസസ്, മഹാരാഷ്ട്ര ടീമുകൾക്കുവേണ്ടി കളിച്ചു. സർവീസിനുവേണ്ടി എട്ട് ഗോൾ നേടിയ അദ്ദേഹത്തെ മഹാരാഷ്ട്ര സർക്കാർ അവരുടെ പരമോന്നത കായിക ബഹുമതി നൽകി ആദരിച്ചിട്ടുണ്ട്.
മലയാളിയായ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വി.പി. സത്യനെ ദേശീയ ഫുട്ബാളിലേക്ക് നയിച്ചതും ബഹദൂറായിരുന്നു. 1985ല്‍ ബഹദൂറിനുകീഴില്‍ സൗത് സോണ്‍ ക്യാമ്പില്‍ പങ്കെടുത്തതാണ് വി.പി. സത്യനെന്ന ഫുട്ബാളര്‍ക്ക് വഴിത്തിരിവായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.