മൈതാനത്തെ സൗഹൃദത്തിന് കാല്‍നൂറ്റാണ്ടിനുശേഷം പുനസമാഗമം
text_fieldsകോഴിക്കോട്: ഫുട്ബാള്‍ മൈതാനത്ത് മിഡ്ഫീല്‍ഡറായി വിക്ടര്‍ അമല്‍രാജും റൈറ്റ്വിങ് ബാക്കായി പ്രേംനാഥ് ഫിലിപ്പും ഒരു ദശാബ്ദത്തോളം ഒരുമിച്ച് പന്തുതട്ടിയപ്പോള്‍ അത് കാല്‍പന്തുകളിയിലെ അപൂര്‍വ സൗഹൃദങ്ങളിലൊന്നായി മാറുകയായിരുന്നു. ഒരുകാലത്ത് ഇന്ത്യന്‍ ക്ളബ് ഫുട്ബാളിലെയും ഇന്ത്യന്‍ ടീമിലേയും ചാട്ടുളികളായിരുന്ന ആ രണ്ടു സുഹൃത്തുക്കള്‍ കാല്‍നൂറ്റാണ്ടിനുശേഷം വീണ്ടും കണ്ടുമുട്ടി. കോഴിക്കോട് കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍ എഫ്.സി.ഐ അഖിലേന്ത്യാ ഇന്‍റര്‍ സോണ്‍ ഫുട്ബാള്‍ ടൂര്‍ണമെന്‍റാണ് ഇരുവരുടെയും പുനസമാഗത്തിന് വഴിയൊരുക്കിയത്. 1989ലാണ് ഇരുവരും അവസാനമായി കാണുന്നത്. തിങ്കളാഴ്ച വൈകീട്ട് കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍ മത്സരം കാണുമ്പോള്‍ തോളോടുതോള്‍ ചേര്‍ന്നിരുന്ന് ഇരുവരും 1979ലെ നാഗ്ജി കപ്പിനെക്കുറിച്ചോര്‍ത്തു.
1979ല്‍ മുഹമ്മദന്‍ സ്പോര്‍ട്ടിങ് (മുഹമ്മദന്‍സ്) നാഗ്ജി കപ്പ് നേടുമ്പോള്‍ അതിലെ കുന്തമുനകളായിരുന്നു ഇരുവരും. ഹൈദരാബാദ് സ്വദേശിയായ വിക്ടര്‍ അമല്‍രാജ് എഫ്.സി.ഐയുടെ ഡി.ജി.എമ്മാണ്. ഫുട്ബാളില്‍ എഫ്.സി.ഐ ടീമിന്‍െറ ഉപദേശകനായാണ് ഇപ്പോള്‍ ഇവിടെയത്തെിയിരിക്കുന്നത്.
കോഴിക്കോട് പറയഞ്ചേരി സ്വദേശിയായ പ്രേംനാഥ് ഫിലിപ്പും വിക്ടര്‍ അമല്‍രാജും വിവിധ ക്ളബുകളിലായി ഒരുമിച്ചു പന്തുതട്ടിയത് പത്തുവര്‍ഷമാണെങ്കിലും 1976 മുതലുള്ള സൗഹൃദമാണ് ഇരുവരുടേതും. വിക്ടറിന്‍െറ അച്ഛനും അമ്മാവനും ഏട്ടനുമെല്ലാം കായികരംഗത്ത് സജീവമായിരുന്നു. ഫുട്ബാള്‍ സംസ്കാരം വളര്‍ന്നിരുന്ന ഹൈദരാബാദിലെ കുടുംബത്തില്‍നിന്നും വിക്ടര്‍ അമല്‍രാജ് ഇന്‍റര്‍ സ്കൂള്‍ മീറ്റുകളിലൂടെ ശ്രദ്ധേയനായി.
1978ല്‍ മുഹമ്മദന്‍സ് സ്പോര്‍ട്ടിങ്ങില്‍ ചേരുമ്പോള്‍ 19 വയസ്സായിരുന്നു വിക്ടറിന്. എട്ടുവര്‍ഷം മുഹമ്മദന്‍സിന്‍െറ വിശ്വസ്തനായ റൈറ്റ് ഹാഫ് മിഡ് ഫീല്‍ഡറായിരുന്നു വിക്ടര്‍. പിന്നെ രണ്ടുവര്‍ഷം ഈസ്റ്റ് ബംഗാള്‍, പിന്നെ അഞ്ചുവര്‍ഷം മോഹന്‍ ബഗാന്‍. ഇതിനിടയില്‍ കളിക്കാത്ത ഇന്ത്യന്‍ ടൂര്‍ണമെന്‍റുകളില്ല. നേടാത്ത കപ്പുകളുമില്ല. 1976ല്‍ ജൂനിയര്‍ ദേശീയ മത്സരങ്ങളിലൂടെയാണ് വിക്ടറും പ്രേംനാഥും സുഹൃത്തുക്കളാകുന്നത്. പിന്നെ മുഹമ്മദന്‍സ് സ്പോര്‍ട്ടിങ്ങിലും ഈസ്റ്റ് ബംഗാളിലും ഇരുവരും ഒരുമിച്ച് പന്തുതട്ടി. ഒരുമിച്ചൊരു മുറിയില്‍ കഴിഞ്ഞു. കളിക്കളത്തിനുപുറത്തെ ഈ സൗഹൃദം മൈതാനത്തെ നീക്കങ്ങളെയും സ്വാധീനിച്ചു. അക്കാലത്ത് ഇന്ത്യയില്‍ നടക്കുന്ന എല്ലാ ടൂര്‍ണമെന്‍റുകളിലും ഇരുവരും ഒരുമിച്ച് മത്സരിച്ചു. 80കളില്‍ ഇന്ത്യയുടെ സീനിയര്‍ ടീമിലും ഇരുവരും ഒരുമിച്ചു കളിച്ചു. അന്ന് ക്ളബ് ഫുട്ബാളിന്‍െറ കാലമായിരുന്നെങ്കില്‍ ഇന്ന് മത്സരങ്ങള്‍ കുറഞ്ഞുവെന്നാണ് ഇരുവരും പറയുന്നത്.
ഐ.എസ്.എല്‍ നല്ല സൂചനയാണെങ്കിലും വാണിജ്യവത്കരിക്കപ്പെടാതെ ഇന്ത്യന്‍താരങ്ങള്‍ക്ക് ഗുണംചെയ്യുന്നതരത്തിലേക്ക് മാറ്റണമെന്നും ഇരുവരും അഭിപ്രായപ്പെടുന്നു. ഇപ്പോഴും സ്കൂളുകളിലും ക്ളബുകളിലും ഫുട്ബാള്‍ പരിശീലകന്‍െറ റോളില്‍ സജീവമാണ് പ്രേംനാഥ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.