ബാഴ്സലോണയും ബയേണ്‍ മ്യൂണികും ഇന്ന് പോരിനിറങ്ങുന്നു
text_fieldsബാഴ്സലോണ: യൂറോപ്പിലെ വന്‍ ക്ളബുകളുടെ അങ്കമായ ചാമ്പ്യന്‍സ് ലീഗിന്‍െറ സെമിയിലോ, ഫൈനലിലോ മാത്രം കാണാന്‍ ആരാധകര്‍ ഇഷ്ടപ്പെടുന്ന രണ്ട് പോരാട്ടങ്ങള്‍ ബുധനാഴ്ച പ്രീക്വാര്‍ട്ടറില്‍. പുറത്താവുന്നത് ആരായാലും നഷ്ടമാവുന്നത് നോക്കൗട്ട് റൗണ്ടില്‍ മികച്ചൊരു ടീമിന്‍െറ സാന്നിധ്യമാവും. ആദ്യ പാദത്തില്‍ ജയിച്ച ബാഴ്സലോണ (2-0) ആഴ്സനലിനെ നൂകാംപില്‍ നേരിടും. എന്നാല്‍, ടൂറിനില്‍ നടന്ന ആദ്യ പാദത്തില്‍ 2-2ന് പിരിഞ്ഞ യുവന്‍റസും ബയേണ്‍ മ്യൂണിക്കും ഇന്ന് മ്യൂണിക്കിലത്തെുമ്പോള്‍ അലയന്‍സ് അറീന കാത്തിരിക്കുന്നത് ഉജ്ജ്വല പോരാട്ടത്തിന്.
പരിക്കില്‍ കുരുങ്ങി ആഴ്സനല്‍
രണ്ടേ രണ്ടു പിഴവുകള്‍. അതു മാത്രമേ അന്ന് ആഴ്സനലിന് സംഭവിച്ചുള്ളൂ. പക്ഷേ, അത് ജീവനെടുക്കാന്‍ മാത്രം ശേഷിയുള്ള രണ്ട് മുറിവുകളായിമാറിയതിന്‍െറ ഭീതിയിലാണ് പീരങ്കിപ്പട പ്രീക്വാര്‍ട്ടര്‍ രണ്ടാം പാദത്തില്‍ ബാഴ്സലോണയുടെ കളത്തിലിറങ്ങുന്നത്. എമിറേറ്റ്സ് സ്റ്റേഡിയത്തില്‍ ലയണല്‍ മെസ്സിയെയും സംഘത്തെയും കത്രികപ്പൂട്ടില്‍ നിര്‍ത്താന്‍ കഴിഞ്ഞെങ്കിലും 71, 83 മിനിറ്റില്‍ ലയണല്‍ മെസ്സിയിലൂടെ ആഴ്സനല്‍ വലകുലുങ്ങി. എവേ ഗ്രൗണ്ടില്‍ ചാമ്പ്യന്മാര്‍ നേടിയ രണ്ട് ഗോളുകള്‍ തന്നെയാണ് ബുധനാഴ്ച ആഴ്സനലിന് തലവേദനയാവുന്നതും. ജയിച്ചാല്‍ മാത്രം പോര, രണ്ട് ഗോളെങ്കിലും അടിക്കുകയും വേണം. പക്ഷേ, തുടര്‍ച്ചയായി 12ാം വട്ടവും നോക്കൗട്ട് റൗണ്ടില്‍ കടന്ന ബാഴ്സലോണയെ തടയുക എളുപ്പമല്ല. കഴിഞ്ഞ എട്ടില്‍ ഏഴു തവണയും ബാഴ്സ സെമിയിലുമത്തെിയിരുന്നു.
ഇംഗ്ളീഷ് പ്രീമിയര്‍ ലീഗ് കിരീടസ്വപ്നം അകലുന്നതിനിടെ, എഫ്.എ കപ്പിലും പുറത്തായ ആഴ്സനലിന് ചാമ്പ്യന്‍സ് ലീഗ് കൂടി നഷ്ടമായാല്‍ കിരീടമില്ലാത്ത സീസണാവും. തുടര്‍ വെല്ലുവിളികള്‍ക്കിടെ, അതിസമ്മര്‍ദവും ആഴ്സനലിനെ വട്ടംകറക്കുന്നു. പരിക്കാണ് പ്രധാന വില്ലന്‍. ഗോള്‍ കീപ്പര്‍ പീറ്റര്‍ ചെക്ക്, ഡിഫന്‍ഡര്‍ ലോറന്‍സ് കോസില്‍നി, മധ്യനിരക്കാരായ ആരോണ്‍ റംസി, സാന്‍റി കസറോള, മുന്‍നിരയിലെ അലക്സ് ഷാംബെര്‍ലെന്‍ എന്നീ പ്രധാന താരങ്ങള്‍ ടീമിനു പുറത്തായത് ഗണ്ണേഴ്സിനെ തീര്‍ത്തും പ്രതിരോധത്തിലാക്കും. ബാഴ്സലോണ നിരയില്‍ സസ്പെന്‍ഷനിലായ ജെറാഡ് പിക്വെയ മാറ്റിനിര്‍ത്തിയാല്‍ ഫുള്‍ഫിറ്റ്.
കരുത്തോടെ ബയേണും യുവന്‍റസും
ടൂറിന്‍ നല്‍കിയ ഷോക്കില്‍നിന്ന് പാഠമുള്‍ക്കൊണ്ടാണ് ബയേണ്‍ മ്യൂണിക് ഇറങ്ങുന്നത്. തോമസ് മ്യൂളറിന്‍െറയും ആര്‍യന്‍ റോബന്‍െറയും ഗോളിലൂടെ മുന്നിലത്തെിയിട്ടും അടങ്ങാത്ത പോരാട്ടവീര്യവുമായി കളംനിറഞ്ഞു കളിച്ച യുവന്‍റസ് രണ്ട് ഗോള്‍ തിരിച്ചടിച്ചപ്പോള്‍ എവേ ഗ്രൗണ്ടില്‍ വിജയം നേടാനുള്ള ബയേണിന്‍െറ അവസരമാണ് കളഞ്ഞു കുളിച്ചത്. ബുധനാഴ്ച മ്യൂണിക്കില്‍ രണ്ടാംപാദമത്തെുമ്പോള്‍ അവസാന മിനിറ്റില്‍ നിറച്ച ഊര്‍ജം യുവന്‍റസിന് ആത്മവിശ്വാസവും നല്‍കുന്നു. അതേസമയം, ഹോം ഗ്രൗണ്ടില്‍ ബയേണ്‍ കരുത്തരാണ്. എങ്കിലും പ്രതിരോധം ആയുധമാക്കി കളത്തിലിറങ്ങുന്ന യുവന്‍റസിനെ കരുതിയിരിക്കണമെന്ന തോമസ് മ്യൂളറുടെ മുന്നറിയിപ്പില്‍ ബയേണിന്‍െറ എല്ലാ ആശങ്കയുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.