ലോകകപ്പ് യോഗ്യത: ചിലിക്കെതിരെ അർജൻറീനക്ക് ജയം
text_fieldsസാൻറിയാഗോ: കഴിഞ്ഞ കോപ അമേരിക്ക ഫുട്ബാൾ ഫൈനലിലെ തോൽവിക്ക് ചിലിയോട് പകരം വീട്ടി അർജൻറീന. ലോകകപ്പ് യോഗ്യതാ റൗണ്ടിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു അർജൻറീനയുടെ ജയം. സൂപ്പർ താരം ലയണൽ മെസ്സിയുടെ പാസ്സിൽ നിന്ന് ലഭിച്ച ഗോളവസരം മുതലാക്കി ഗബ്രിയേൽ മെർകാഡോയാണ് അർജൻറീനക്ക് മുൻതൂക്കം ലഭിച്ച ഗോൾ നേടിയത്.
മുട്ടിന് പരിക്കേറ്റ് അർജൻറീനയുടെ നാല് യോഗ്യതാ പോരാട്ടങ്ങളിൽ ഇറങ്ങാൻ സാധിക്കാതിരുന്ന ലിയോ മെസ്സിയുടെ തിരിച്ചുവരവിനും സാൻറിയാഗോ സാക്ഷിയായി. മത്സരത്തിലെ മൂന്ന് ഗോളുകളും പിറന്നത് ആദ്യ പകുതിയിലാണ്. ചിലിയാണ് ആദ്യ ഗോൾ നേടിയത്. 11ാം മിനിറ്റിൽ മിഡ്ഫീൽഡർ ഫിലിപ്പ് ഗുട്ടിറസാണ് സ്കോർ ചെയ്തത്.
എന്നാൽ ഒമ്പത് മിനിറ്റിനകം തന്നെ അർജൻറീന ഗോൾ മടക്കി. എയ്ഞ്ചൽ ഡി മരിയയായിരുന്നു സ്കോറർ. അതിമനോഹരമായാണ് മരിയ പന്ത് വലയിലെത്തിച്ചത്. 25ാം മിനിറ്റിലാണ് മെസ്സിയുടെ പാസിൽ മെർകാഡോ ഗോൾ നേടിയത്. അർജൻറീനക്ക് ലഭിച്ച ഒരു ഫ്രീകിക്കിൽ നിന്ന് കിട്ടിയ പന്ത് മെസി പോസ്റ്റിനടുത്ത് നിന്ന് മെർകാഡോക്ക് പാസ്സ് നൽകുകയായിരുന്നു. പിഴവൊന്നും കൂടാതെ മെർകാഡോ വലയിലാക്കി.
ലാറ്റിനമേരിക്കൻ യോഗ്യതാ റൗണ്ടിൽ നാലാം സ്ഥാനത്താണ് അർജൻറീന. അഞ്ച് കളികളിൽ നിന്ന് രണ്ട് ജയവും രണ്ട് സമനിലയും ഒരു തോൽവിയും ലഭിച്ച അർജൻറീനക്ക് എട്ട് പോയിൻറാണുള്ളത്. അഞ്ച് കളികളിൽ നിന്ന് നാല് ജയവുമായി ഇക്വഡോറാണ് പോയിൻറ് പട്ടികയിൽ മുമ്പിൽ. ബ്രസീൽ അർജൻറീനക്ക് പിന്നിൽ അഞ്ചാം സ്ഥാനത്താണ്, ചിലി ആറാം സ്ഥാനത്തും.
ഗോളുകൾ കാണാം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.