മുന്‍ ഇന്ത്യന്‍ താരം പ്രലയ് സാഹ കാറപകടത്തില്‍ മരിച്ചു
text_fieldsകൊല്‍ക്കത്ത: മലയാളി താരം വി.പി. സത്യനൊപ്പം 1990കളില്‍ ഇന്ത്യന്‍ ഫുട്ബാളിലെ പ്രതിരോധനിരയിലെ ശക്തിദുര്‍ഗമായിരുന്ന പ്രലയ് സാഹ വാഹനാപകടത്തില്‍ മരിച്ചു. രാജസ്ഥാനിലെ ജയ്പുരില്‍ വ്യാഴാഴ്ച രാത്രിയുണ്ടായ കാറപകടത്തിലായിരുന്നു സാഹയുടെ മരണം. 47 വയസ്സായിരുന്നു.
കൊല്‍ക്കത്തക്കാരനായ സാഹ കുടുംബത്തിനും അയല്‍വാസികള്‍ക്കുമൊപ്പം ഝാര്‍ഖണ്ഡ് സന്ദര്‍ശിച്ച ശേഷം ഒഡിഷയിലെ പുരിയിലേക്ക് പോകുന്നതിനിടെയാണ് അപകടം. സാഹയടക്കം ആറുപേര്‍ മരിച്ചു. റോഡിലേക്ക് ചാടിയ പശുവിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് കാര്‍ നിയന്ത്രണംവിട്ട് മറിഞ്ഞത്. സാഹയുടെ മകള്‍ക്ക് ഗുരുതരമായ പരിക്കേറ്റു. 1993ല്‍ ഗോള്‍ഡ് കപ്പില്‍ (ഇപ്പോഴത്തെ സാഫ് ചാമ്പ്യന്‍ഷിപ്) ജേതാക്കളും 95ല്‍ റണ്ണേഴ്സപ്പുമായിരുന്ന ഇന്ത്യന്‍ ടീമില്‍ തിളങ്ങിയ താരമാണ് പ്രലയ്. 93ല്‍ ചെന്നൈയില്‍ നടന്ന നെഹ്റു കപ്പിലും കളിച്ചു. ഈസ്റ്റ് ബംഗാള്‍ ടീമിലെ നിറസാന്നിധ്യമായിരുന്ന അദ്ദേഹം സ്റ്റോപ്പര്‍ ബാക്കായി 40ലേറെ മത്സരങ്ങളില്‍ ഇന്ത്യന്‍ ജഴ്സിയണിഞ്ഞു. ഇല്യാസ് പാഷ, തരുണ്‍ ഡേ, സ്വരൂപ് ദാസ് തുടങ്ങിയ വമ്പന്മാരടങ്ങിയ പ്രതിരോധ നിരയായിരുന്നു അന്ന്. 1995ല്‍ അദ്ദേഹം സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യയില്‍ ചേര്‍ന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.