ജയിക്കാനായി ബയേണ്‍, ഫൈനലിന് അത്ലറ്റികോ
text_fieldsമ്യൂണിക്: ചാമ്പ്യന്‍സ് ലീഗ് ഫുട്ബാളിന്‍െറ രണ്ടാം പാദത്തില്‍ സ്വന്തം തട്ടകമായ അലയന്‍സ് അറീനയില്‍ ബയേണ്‍ മ്യൂണിക് ചൊവ്വാഴ്ചയിറങ്ങുമ്പോള്‍ പലതും തനിയാവര്‍ത്തനമാകുന്നു. സ്പാനിഷ് ക്ളബായ അത്ലറ്റികോ മഡ്രിഡിനെതിരെ ആദ്യപാദത്തില്‍ ഒരു ഗോള്‍ ലീഡ് വഴങ്ങിയാണ് ബയേണ്‍ രണ്ടാം പാദത്തില്‍ പന്തുതട്ടാനിറങ്ങുന്നത്. തുടര്‍ച്ചയായ മൂന്നാം വര്‍ഷമാണ് ചാമ്പ്യന്‍സ് ലീഗില്‍ ജര്‍മന്‍ ക്ളബ് ആദ്യപാദത്തിലെ കടവുംപേറിയത്തെുന്നത്. 2014ല്‍ റയല്‍ മഡ്രിഡും 2015ല്‍ ബാഴ്സലോണയുമായിരുന്നു ബയേണിന്‍െറ സെമിയിലെ എതിരാളികള്‍. തോല്‍വിയോടെ പുറത്തുപോകാനായിരുന്നു അന്ന് വിധി.
കഴിഞ്ഞദിവസം ബുണ്ടസ്ലിഗയില്‍ കിരീടമുറപ്പിക്കാനുള്ള അവസരമുണ്ടായിട്ടും ബൊറൂസിയ മോണ്‍ഷെന്‍ഗ്ളാഡ്ബാഷിനോട് സമനിലയില്‍ കുരുങ്ങുകയായിരുന്നു ബയേണ്‍. ഇനിയുള്ള രണ്ടു മത്സരങ്ങളില്‍നിന്ന് ജയവുമായി ബുണ്ടസ്ലിഗയില്‍ തുടര്‍ച്ചയായ നാലാം കിരീടമെന്ന റെക്കോഡിലേക്ക് കുതിക്കാനാവുമെന്ന പ്രതീക്ഷയിലാണ് ബയേണ്‍. മറുഭാഗത്ത് അത്ലറ്റികോ ആദ്യപാദത്തിലെ മുന്‍തൂക്കവുമായി പോരിനിറങ്ങുമ്പോള്‍ മത്സരം കനക്കും. സോള്‍ നിഗസിന്‍െറ സോളോ ഗോളിലാണ് വിസന്‍െറ കാല്‍ഡറോണില്‍വെച്ച് അത്ലറ്റികോ നിര്‍ണായക ലീഡ് നേടിയത്.
ഇംഗ്ളീഷ് പ്രീമിയര്‍ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിയിലേക്ക് പോകുന്ന ബയേണ്‍ കോച്ച് പെപ് ഗ്വാര്‍ഡിയോളക്ക് ചൊവ്വാഴ്ചത്തെ പോര് അതിനിര്‍ണായകമാണ്. ബുണ്ടസ്ലിഗയിലും ചാമ്പ്യന്‍സ് ലീഗിലും കിരീടം നേടി മധുരം ഇരട്ടിയാക്കാനാണ് ഗ്വാര്‍ഡിയോളയുടെ ലക്ഷ്യം. എന്നാല്‍, തന്‍െറ നാട്ടുകാരായ അത്ലറ്റികോയുടെ കടുകട്ടി പ്രതിരോധത്തെ എങ്ങനെ മറികടക്കുമെന്നത് കണ്ടറിയണം. സെന്‍റര്‍ ബാക്ക് ഡീഗോ ഗോഡിന്‍ തിരിച്ചത്തെുന്നതോടെ അത്ലറ്റികോയുടെ പ്രതിരോധം ഉരുക്കുതുല്യമാവും. വിങര്‍ യാനിക് കരാസ്കോയും പരിക്കുമാറി അത്ലറ്റികോ ടീമിലത്തെും.
ഒന്നാംപാദത്തില്‍ തോമസ് മ്യൂളറെയും ഫ്രാങ്ക് റിബറിയെയും ആദ്യ ഇലവനില്‍ ഇറക്കാതിരുന്നതിന് കോച്ച് ഏറെ പഴികേട്ടിരുന്നു. ബയേണ്‍ നിരയില്‍ അര്‍യന്‍ റോബനും ഹോള്‍ഗര്‍ ബാഡ്സ്റ്റബറും പുറത്തുതന്നെ ഇരിക്കും. കഴിഞ്ഞദിവസം ബുണ്ടസ്ലിഗയില്‍ കളിക്കാതിരുന്ന ഫ്രാങ്ക് റിബറിക്ക് പുറംവേദന മാറിയിട്ടില്ല. റോബര്‍ട്ടോ ലെവന്‍ഡോവ്സ്കിയിലും അര്‍തുറോ വിദാലിലുമാണ് പ്രധാന പ്രതീക്ഷ. സ്പാനിഷ് ലീഗില്‍ റയോ വയ്യേകാനോയെ 1-0ത്തിന് കീഴടക്കിയതിന് പിന്നാലെയാണ് അത്ലറ്റികോയുടെ വരവ്. അന്‍േറാണിയോ ഗ്രീസ്മാനായിരുന്നു ആ ഗോളിനുടമ. കോകെയും ഫെര്‍ണാണ്ടോ ടോറസും ചൊവ്വാഴ്ച ബയേണിന് കടുത്ത വെല്ലുവിളി ഉയര്‍ത്തും. ഈ മത്സരത്തിനായി കാത്തിരിക്കൂ എന്നിട്ട് എന്നെ ‘കൊന്നോളൂ’ എന്നാണ് ബയേണ്‍ കോച്ച് ഗ്വാര്‍ഡിയോള പറയുന്നത്. ഡീഗോ സിമിയോണിയെന്ന അത്ലറ്റികോ കോച്ചിന് സംശയമേതുമില്ല, ഫൈനലില്‍ കയറിയിട്ടേ ബാക്കി കാര്യമുള്ളൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.