ചാമ്പ്യന്‍സ് ലീഗ് രണ്ടാം പാദ സെമിഫൈനല്‍: അത് ലറ്റികോ ഫൈനലില്‍
text_fieldsമ്യൂണിച്ച്: രണ്ടാം പാദത്തില്‍ 2-1ന് ബയേണ്‍ മ്യൂണിക്കിനോട് തോറ്റെങ്കിലും എവേ ഗോളിന്‍െറ ബലത്തില്‍ സ്പാനിഷ് ടീം അത്ലറ്റികോ മഡ്രിഡ് ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ പ്രവേശിച്ചു. സ്വന്തം മൈതാനത്ത് നടന്ന ആദ്യ പാദത്തില്‍ 1-0ത്തിന് അത്ലറ്റികോ ജയിച്ചിരുന്നു. അന്‍േറാണിയോ ഗ്രീസ്മാനാണ് 53ാം മിനിറ്റില്‍ നിര്‍ണായക ഗോള്‍ നേടിയത്. ബയേണിനു വേണ്ടി 31ാം മിനിറ്റില്‍ സാബി അലൊന്‍സോയും 74ാം മിനിറ്റില്‍ റോബര്‍ട്ട് ലെവന്‍ഡോസ്കിയും സ്കോര്‍ ചെയ്തു.
അത്ലറ്റികോ സ്വഭാവികമായി പ്രതിരോധത്തിലേക്ക് വലിഞ്ഞപ്പോള്‍ ബയേണ്‍ ഏതുനിമിഷവും അത്ലറ്റികോ പ്രതിരോധം പിളര്‍ത്തുമെന്ന് തോന്നിപ്പിച്ചു. 31ാം മിനിറ്റില്‍ അലൊന്‍സോ ഒബ്ളാക്കിന്‍െറ പ്രതിരോധം ഭേതിച്ചു. ബോക്സിനു പുറത്തുനിന്ന് ഡേവിഡ് അലബയെ വീഴ്ത്തിയതിന് ലഭിച്ച ഫ്രീകിക്ക്, അത്ലറ്റികോ പ്രതിരോധ നിരയുടെ കണക്കു കൂട്ടലുകള്‍ തെറ്റിച്ച് അലൊന്‍സോ വലയിലാക്കി. തൊട്ടടുത്ത നിമിഷം ബയേണിന് പെനാല്‍റ്റിയുടെ രൂപത്തില്‍ സുവര്‍ണാവസരം ലഭിച്ചു. മാര്‍ട്ടിനെസിനെ ഗീമെന്‍സ് ബോക്സിനുള്ളില്‍ വലിച്ചിട്ടതിന് റഫറി സ്പോട്ടിലേക്ക് വിസിലൂതി. കിക്കെടുത്ത മ്യൂളര്‍ പന്ത് ഗോളിയുടെ കൈകളിലേക്കടിച്ച് ആരാധകരെ ഞെട്ടിച്ചു. 51ാം മിനിറ്റിലാണ് കളിയുടെ ഗതിമാറ്റിയ ഗോള്‍ പിറന്നത്. ടോറസ് നീട്ടി നല്‍കിയ പന്ത് ഗ്രീസ്മാന്‍ പിടിച്ചെടുത്ത് കുതിച്ചതും ഷോട്ടുതിര്‍ത്തതും ഞൊടിയിടയിലായിരുന്നു. 71ാം മിനിറ്റില്‍ വിദാല്‍ തലകൊണ്ടു നല്‍കിയ പാസ് ലെവന്‍ഡോസ്കി വലയിലാക്കി. 84ാം മിനിറ്റില്‍ തന്നെ ഫൗള്‍ ചെയ്തതിന് ലഭിച്ച പെനാല്‍റ്റി ടോറസും പാഴാക്കി. ഒടുവില്‍ എവേ ഗോളിന്‍െറ ബലത്തില്‍ അത്ലറ്റികോ മിലാനിലേക്ക് ടിക്കറ്റുറപ്പിച്ചപ്പോള്‍ ബയേണ്‍ മൂന്നാമതും സെമിയില്‍ പുറത്തായി.
രണ്ടാം സെമിയുടെ രണ്ടാം പാദത്തില്‍ റയല്‍ മഡ്രിഡഡും മാഞ്ചസ്റ്റര്‍ സിറ്റിയും ഏറ്റുമുട്ടും. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ കളിച്ചേക്കും. രാത്രി 12.25നാണ് മത്സരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.