മിലാനില്‍ കാളപ്പോര്
text_fieldsമഡ്രിഡ്: യൂറോപ്പിലെ കാല്‍പന്തുകളിയുടെ രാജാക്കന്മാര്‍ തങ്ങള്‍ തന്നെയാണെന്ന് വിളംബരം ചെയ്ത് മറ്റൊരു ചാമ്പ്യന്‍സ് ലീഗ് ഫൈനലിലും സ്പാനിഷ് ടീമുകള്‍ ഏറ്റുമുട്ടും. ജര്‍മന്‍ വമ്പന്മാരായ, പെപ് ഗ്വാര്‍ഡിയോള പരിശീലിപ്പിക്കുന്ന ബയേണ്‍ മ്യൂണിക്കിനെ അട്ടിമറിച്ച് അത്ലറ്റികോ മഡ്രിഡും അദ്ഭുതങ്ങള്‍ക്ക് ഇടംകൊടുക്കാതെ ഇംഗ്ളീഷ് കരുത്തരായ മാഞ്ചസ്്റ്റര്‍ സിറ്റിയെ തോല്‍പിച്ച് റയല്‍ മഡ്രിഡുമാണ് മേയ് 28ന് ഇറ്റലിയിലെ മിലാനില്‍ നടക്കുന്ന ഫൈനലില്‍ ഏറ്റുമുട്ടുക. ഇന്ത്യന്‍ സമയം വ്യാഴാഴ്ച പുലര്‍ച്ചെ നടന്ന രണ്ടാം പാദ സെമിയില്‍ 1-0ത്തിനാണ് റയല്‍ സിറ്റിയെ തോല്‍പിച്ചത്. മാഞ്ചസ്റ്റര്‍ സിറ്റി മിഡ്ഫീല്‍ഡര്‍ ഫെര്‍ണാണ്ടോയുടെ സെല്‍ഫ് ഗോളാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്കും സംഘത്തിനും ഫൈനലിലേക്ക് വഴികാട്ടിയത്. ആദ്യ പാദം ഗോള്‍രഹിത സമനിലയില്‍ കലാശിച്ചിരുന്നു. മൂന്ന് വര്‍ഷത്തിനിടെ രണ്ടാം തവണയാണ് ഇരു ടീമുകളും ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ കൊമ്പുകോര്‍ക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്. 2014ല്‍ അത്ലറ്റികോ മഡ്രിഡിനെ 4-1ന് തോല്‍പിച്ചാണ് റയല്‍ പത്താം കിരീടമുയര്‍ത്തിയത്. തുടര്‍ച്ചയായ മൂന്നാം വര്‍ഷമാണ് ചാമ്പ്യന്‍സ് ലീഗ് കിരീടം സ്പെയിനിലേക്ക് പറക്കാനൊരുങ്ങുന്നത്. യൂറോപ്പിലെ രണ്ടാം നിര ക്ളബുകളെ തെരഞ്ഞെടുക്കുന്ന യൂറോപ ലീഗിലും സ്പാനിഷ് ഫൈനലിന് സാധ്യതയുണ്ട്. യൂറാപയുടെ ആദ്യപാദ സെമിയില്‍ വിയ്യാറയല്‍ 1-0ത്തിന് ലിവര്‍പൂളിനെ തോല്‍പിച്ചപ്പോള്‍ സെവിയ്യ-ഷക്തര്‍ യുനൈറ്റഡ് ആദ്യപാദം 2-2ല്‍ കലാശിച്ചിരുന്നു.
ദാനം കിട്ടിയ ഗോളില്‍
മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഹോം ഗ്രൗണ്ടായ ഇത്തിഹാദ് സ്റ്റേഡിയത്തില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇല്ലാതെ ഒന്നാം പാദത്തിനിറങ്ങിയ റയലിനെ ഗോള്‍രഹിത സമനിലയില്‍ തളച്ചിരുന്നു. കരുത്തരായ റയല്‍ മഡ്രിഡിനെ എവേ ഗോള്‍ നേടാനാകാതെ തളച്ച സിറ്റി പ്രതീക്ഷയോടെയാണ് സാന്‍റിയാഗോ ബെര്‍ണബ്യൂവില്‍ രണ്ടാം പാദത്തിനത്തെിയത്. പക്ഷേ, എവേ ഗോള്‍ നേടി ഫൈനല്‍ പ്രവേശം ഉറപ്പിക്കാനുള്ള മാനുവല്‍ പെല്ലഗ്രിനിയുടെ മോഹത്തെ സിനദിന്‍ സിദാന്‍െറ സംഘം നുള്ളിക്കളഞ്ഞു. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ നേതൃത്വം നല്‍കിയ റയല്‍ മുന്നേറ്റ നിരയെ പ്രതിരോധിക്കുക മാത്രമായിരുന്നു ബെര്‍ണബ്യൂവില്‍ സിറ്റിക്ക് ചെയ്യാനുണ്ടായിരുന്നത്. ഇക്കൊല്ലത്തെ ചാമ്പ്യന്‍സ് ലീഗ് മത്സരങ്ങളില്‍ സ്വന്തം ഗ്രൗണ്ടില്‍ ഗോള്‍ വഴങ്ങിയിട്ടില്ളെന്ന റെക്കോഡുമായി പന്തുതട്ടാനിറങ്ങിയ റയല്‍ ആദ്യ മിനിറ്റു മുതല്‍ മാഞ്ചസ്റ്ററിന്‍െറ ഗോള്‍മുഖത്തേക്ക് ഇരച്ചുകയറുന്നതുകണ്ടാണ് സ്റ്റേഡിയമുണര്‍ന്നത്. മൂന്ന് മത്സരത്തിന്‍െറ ഇടവേളക്കു ശേഷം ക്രിസ്റ്റ്യാനോ മൈതാനത്തിറങ്ങിയപ്പോള്‍ പരിക്കേറ്റ കരിം ബെന്‍സേമ പുറത്തിരുന്നു.
20ാം മിനിറ്റില്‍ റയല്‍ ഫലം കൊയ്തു. പെനാല്‍റ്റി ബോക്സിന്‍െറ വലതു മൂലയിലെ ബുദ്ധിമുട്ടേറിയ ആംഗ്ളില്‍നിന്ന് ഗാരെത് ബെയ്ല്‍ നല്‍കിയ ക്രോസ് മാഞ്ചസ്റ്റര്‍ മധ്യനിര താരം ഫെര്‍ണാണ്ടോയുടെ കാലില്‍ തട്ടി ഗോളി ജോ ഹര്‍ട്ടിന്‍െറ തലക്കു മുകളിലൂടെ വലയില്‍ കയറിയതായിരുന്നു ആ ഗോള്‍ദാനം. അപൂര്‍വമായി മാത്രമാണ് റയല്‍ ഗോള്‍മുഖം വിറപ്പിക്കാന്‍ സിറ്റിക്കാര്‍ക്ക് കഴിഞ്ഞത്. ആദ്യപകുതിയില്‍ ഫെര്‍ണാണ്ടീഞ്ഞോയുടെ പൊള്ളുന്ന ഷോട്ട് ഇഞ്ചുകള്‍ക്ക് വഴിമാറിയതാണ് പെല്ലിഗ്രിനിക്ക് ഓര്‍ത്തുവെക്കാനുള്ള ഏകനിമിഷം. ബാക്കിയെല്ലാം റയലിന്‍െറ ഏകപക്ഷീയമായ മുന്നേറ്റങ്ങളായിരുന്നു. സിറ്റി പ്രതിരോധത്തിന്‍െറ ശക്തിയായ ക്യാപ്റ്റന്‍ വിന്‍സെന്‍റ് കോംപാനി 10ാം മിനിറ്റില്‍ പരിക്കേറ്റ് പുറത്തുപോയതും സന്ദര്‍ശകരുടെ ആത്മവിശ്വാസത്തിന് തിരിച്ചടിയായി. പുറമെ, സിറ്റിയുടെ പ്രതീക്ഷ സെര്‍ജിയോ അഗ്യൂറോ ശോഭിക്കാത്തതും ഇംഗ്ളീഷുകാരുടെ സ്വപ്നത്തിനുമേല്‍ കരിനിഴല്‍ വീഴ്ത്തി. ലൂക്ക മോഡ്രിച്ചിന്‍െറ ക്ളോസ് റേഞ്ച് ഷോട്ടും ക്രിസ്റ്റ്യാനോയുടെ ഹെഡറും ഹര്‍ട്ട് തടഞ്ഞതിനാല്‍ സിറ്റി അധികം പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
ചാമ്പ്യന്‍സ് ലീഗിലെസ്പാനിഷ് ആധിപത്യം
ചാമ്പ്യന്‍സ് ലീഗ് ചരിത്രത്തില്‍ ഏറ്റവും അധികം കിരീടമുയര്‍ത്തിയ റെക്കോഡ് റയല്‍ മഡ്രിഡിനൊപ്പമാണ്. 10 തവണയാണ് റയല്‍ ചാമ്പ്യന്മാരായത്. ചിരവൈരികളായ ബാഴ്സലോണ അഞ്ചു തവണയും ചാമ്പ്യന്മാരായി. കഴിഞ്ഞ ഏഴു സീസണുകളിലാണ് സ്പാനിഷ് ടീമുകളുടെ ആധിപത്യം പ്രകടമായത്.
ഏഴു ഫൈനലുകളില്‍ 2009, 2011, 2015 വര്‍ഷങ്ങളില്‍ ബാഴ്സലോണ ചാമ്പ്യന്മാരായപ്പോള്‍ 2014ല്‍ റയല്‍ കിരീടമുയര്‍ത്തി. യൂറോപ ലീഗിലും സ്ഥിതി വ്യത്യസ്തമല്ല. 2010, 2012 വര്‍ഷങ്ങളില്‍ അത്ലറ്റികോ മഡ്രിഡ് ചാമ്പ്യന്മാരായപ്പോള്‍ കഴിഞ്ഞ രണ്ടു വര്‍ഷം സെവിയ്യയാണ് കിരീടമുയര്‍ത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.