അതിശയ കഥക്ക് ശുഭാന്ത്യം
text_fieldsലെസ്റ്റര്‍: പൂരം കഴിഞ്ഞ അമ്പലപ്പറമ്പ് പോലെയായിരുന്നു ഞായറാഴ്ച ഇംഗ്ളീഷ് നഗരമായ ലെസ്റ്റര്‍. കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയില്‍ സ്റ്റാംഫോഡ് ബ്രിഡ്ജില്‍ ചെല്‍സി തിരികൊളുത്തിയ സാമ്പ്ള്‍ വെടിക്കെട്ടോടെ ആരംഭിച്ച പൂരത്തിന് ശനിയാഴ്ച രാത്രിയില്‍ കിങ്പവര്‍ സ്റ്റേഡിയത്തിലെ കൊട്ടിക്കലാശത്തോടെ സമാപനമായതു പോലെ. ഒരാഴ്ചയോളം രാവും പകലും ഒന്നായ നാളുകള്‍. വീടുവിട്ട് ആരാധകപ്പട തെരുവിലെ നീലവെളിച്ചത്തിനുകീഴിലേക്ക് ആഘോഷമായി മാറിയപ്പോള്‍ നഗരവും പതഞ്ഞുപൊങ്ങി. പത്തുമാസമായി ഫുട്ബാള്‍ ലോകം ഒരു മുത്തശ്ശികഥപോലെ കേട്ട അതിശയത്തിന്‍െറ സമാപനമായിരുന്നു കഴിഞ്ഞ രാത്രി.
ബാന്‍ഡ്വാദ്യവും പാട്ടും ലഹരിയും ഒന്നായ ആഘോഷം അതിരുവിട്ടപ്പോള്‍ നഗരത്തിലെ ആശുപത്രികളും വീര്‍പ്പുമുട്ടി.132 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ഇംഗ്ളീഷ് പ്രീമിയര്‍ ലീഗ് ജേതാക്കളായി ലെസ്റ്റര്‍ സ്വന്തം ഗ്രൗണ്ടിലെ പോരാട്ടത്തിനിറങ്ങിയ ദിനം. നീലക്കുറുക്കന്മാര്‍ മൈതാനമൊന്നാകെ ആര്‍ത്തലച്ചപ്പോള്‍ എവര്‍ട്ടന്‍ വെറുമൊരു കോഴിയായിമാറി. കരുത്തരായ എവര്‍ട്ടന്‍െറ വലയില്‍ മൂന്നു ഗോളുകള്‍ അടിച്ചുകയറ്റി ലെസ്റ്റര്‍ ചരിത്രവിജയമാഘോഷിച്ചു. സ്റ്റാര്‍ സ്ട്രൈക്കര്‍ ജാമി വാര്‍ഡി രണ്ടുതവണയും (5, 65 മിനിറ്റ്), ആന്‍ഡി കിങ് (33) ഒരുവട്ടവും വലകുലുക്കിയപ്പോള്‍ എവര്‍ട്ടന് ഒന്നേ തിരിച്ചു നല്‍കാനായുള്ളൂ. 88ാം മിനിറ്റില്‍ കെവിന്‍ മിറാലസിന്‍െറ വകയായിരുന്നു ആശ്വാസ ഗോള്‍.
സ്വന്തം മണ്ണില്‍ കിരീടമുയര്‍ത്തുന്നതിനു മുമ്പായി ലെസ്റ്റര്‍ കളത്തിലിറങ്ങിയപ്പോള്‍ വലിഞ്ഞുമുറുകിയ മുഖത്തിനുപകരം നിറചിരിയോടെ കോച്ച് ക്ളോഡിയോ റനേരി കുമ്മായവരക്ക് പുറത്ത്. ഗാലറിയില്‍ ഉടമകളായ വിചായ് ശ്രിവധനപ്രഭയും കുടുംബാംഗങ്ങളും. ഒപ്പം ലോക ഫുട്ബാളിലെ അദ്ഭുതപ്പിറവിക്ക് സാക്ഷിയാവാന്‍ പഴയ സൂപ്പര്‍താരങ്ങളും. അതിഥികളുടെ ഇരിപ്പിടത്തില്‍ അല്‍ജീരിയയില്‍നിന്ന് പറന്നത്തെിയ റിയാദ് മെഹ്റസിന്‍െറയും ഇറ്റലിയില്‍നിന്ന് കോച്ച് ക്ളോഡിയോ റനേരിയുടെയും വാര്‍ഡിയുടെയും മറ്റും കുടുംബങ്ങളും.
ആവേശപ്പോരാട്ടത്തിന് ലോങ് വിസില്‍ മുഴങ്ങിയതിനു പിന്നാലെ ആഘോഷം ഉച്ചസ്ഥായിലത്തെി.നായകന്‍ വെസ് മോര്‍ഗന്‍ ഏറ്റുവാങ്ങിയ ട്രോഫിയില്‍നിന്നും കിരീടം കോച്ച് റനേരിയുടെ തലയില്‍ അണിയിച്ചുകൊണ്ടാണ് ടീമംഗങ്ങള്‍ ആഘോഷത്തിന് തുടക്കംകുറിച്ചത്. ലീഗ് സീസണ്‍ തുടങ്ങുമ്പോള്‍ അയ്യായിരത്തില്‍ ഒരാള്‍മാത്രം സാധ്യത കല്‍പിച്ച ലെസ്റ്റര്‍ സിറ്റി കിരീടമണിഞ്ഞപ്പോള്‍ ലോക ഫുട്ബാള്‍ ഒരിക്കല്‍കൂടി അദ്ഭുതപ്പെട്ടു.
സീസണ്‍ പടിയിറങ്ങാന്‍ ഒരു കളികൂടി ബാക്കിനില്‍ക്കെയാണ് 37 കളിയില്‍ 80 പോയന്‍റുമായി ലെസ്റ്റര്‍ അനിഷേധ്യ ജേതാക്കളായത്. 15ന് ചെല്‍സിക്കെതിരെയാണ് അവസാന അങ്കം.അടുത്ത കുറി വീണ്ടും പന്തുരുണ്ട് തുടങ്ങുമ്പോള്‍ വമ്പന്മാര്‍ക്കൊപ്പമാവും ഈ നീലക്കുറുക്കന്മാര്‍. ചാമ്പ്യന്‍സ് ലീഗും ഇംഗ്ളീഷ് ലീഗ് കപ്പും ക്ളബ് ലോകകപ്പും ചാമ്പ്യന്‍സ് കപ്പുമായി വരാനിരിക്കുന്നത് തിരക്കേറിയ സീസണ്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.