കോപ അമേരിക്ക Vs യൂറോ കപ്പ്
text_fieldsന്യൂയോര്‍ക്ക്: ആരാധകര്‍ കാത്തിരിക്കുന്ന രണ്ട് ചാമ്പ്യന്‍ഷിപ്പുകള്‍ക്ക് ഒരേസമയം കിക്കോഫ് കുറിക്കുന്നതിന്‍െറ ആകാംക്ഷയിലാണ് ഫുട്ബാള്‍ ലോകം. ബ്രസീലും അര്‍ജന്‍റീനയും അമേരിക്കയും ചിലിയുമെല്ലാം അണിനിരക്കുന്ന കോപ അമേരിക്കക്ക് ജൂണ്‍ നാലിന് കിക്കോഫ്. യൂറോപ്പിലെ 24 കൊമ്പന്മാരുടെ ബലപരീക്ഷണമായ യൂറോകപ്പിന് ജൂണ്‍ 10നും. കോപ കലാശപ്പോരാട്ടം ജൂണ്‍ 26നും, യൂറോ ഫൈനല്‍ ജൂലൈ 10നും. ഒരേസമയം രണ്ട് ചാമ്പ്യന്‍ഷിപ്പുകള്‍ക്ക് പന്തുരുളുമ്പോള്‍ ഏത് പോരാട്ടത്തിനാണ് മികവെന്നാണ് ഫുട്ബാള്‍ ലോകത്തെ പ്രധാന ചര്‍ച്ച. ഇന്ത്യന്‍ സമയം രാത്രി 7.30, 10.30, പുലര്‍ച്ചെ 1.30 സമയങ്ങളിലാണ് യൂറോ മത്സരങ്ങള്‍. കോപ അമേരിക്ക മത്സരങ്ങള്‍ പുലര്‍ച്ചെ 2.30, 5.00, 7.00 സമയങ്ങളിലും.
കേമന്‍ കോപ തന്നെ–ക്ളിന്‍സ്മാന്‍
യൂറോപ്പിലും അമേരിക്കയിലും പയറ്റിത്തെളിഞ്ഞവനാണ് കോച്ച് യുര്‍ഗന്‍ ക്ളിന്‍സ്മാന്‍. ശതാബ്ദി കോപ ചാമ്പ്യന്‍ഷിപ്പിന് അമേരിക്കന്‍ മണ്ണില്‍ പന്തുരുളുമ്പോള്‍ ആതിഥേയ പ്രതീക്ഷകള്‍ മുഴുവന്‍ സമര്‍പ്പിക്കുന്നത് അഞ്ചുവര്‍ഷമായി ടീമിനൊപ്പം നിഴല്‍പോലെയുള്ള ക്ളിന്‍സ്മാനില്‍ തന്നെ. ജര്‍മനിയുടെ താരമായും പരിശീലകനായും കുപ്പായമിട്ട് യൂറോ കപ്പിനെ അടുത്തറിഞ്ഞ ക്ളിന്‍സ്മാന്‍ ടൂര്‍ണമെന്‍റിനെ താരതമ്യം ചെയ്യുമ്പോള്‍ കോപക്കൊപ്പമാണ്. യൂറോകപ്പില്‍ ടീമുകളുടെ എണ്ണം 16ല്‍ നിന്ന് 24 ആക്കിയെങ്കിലും നിലവാരത്തിലും മികവിലും കോപ അമേരിക്കക്കൊപ്പം വരില്ളെന്ന പക്ഷക്കാരനാണ് അമേരിക്കന്‍ കോച്ച്. ‘ആറ് കോണ്‍കകാഫ് ടീമുകള്‍ ഉള്‍പ്പെടെ 16ഉം മികച്ചവരാണ്. തെക്കനമേരിക്കയില്‍ നിന്നുള്ള പത്ത് പേരും ഫുട്ബാളിലെ പവര്‍ഹൗസുകള്‍. അവരുടെ ലോകകപ്പ് യോഗ്യതാ പോരാട്ടം നോക്കിയാല്‍ തന്നെ നിലവാരമറിയാം. ആര്‍ക്കും വ്യക്തമായ മേധാവിത്വമില്ല. അര്‍ജന്‍റീനക്കും ബ്രസീലിനുമൊന്നും കാര്യങ്ങള്‍ എളുപ്പമല്ല. ഇക്കാരണങ്ങളാല്‍ തന്നെ വരാനിരിക്കുന്ന കോപ അമേരിക്ക ഏറെ പ്രത്യേകതയുള്ളതാവും’ -ക്ളിന്‍സ്മാന്‍ പറഞ്ഞു.
നൂറാം വാര്‍ഷിക പോരാട്ടമെന്ന നിലയില്‍ തെക്കനമേരിക്കയിലെ പത്ത് ടീമുകള്‍ക്ക് പുറമെ, ആറ് കോണ്‍കകാഫ് ടീമുകള്‍ കൂടി കോപ ചാമ്പ്യന്‍ഷിപ്പിലുണ്ട്. അമേരിക്ക, മെക്സികോ, കോസ്റ്ററീക, ജമൈക്ക, ഹെയ്തി, പാനമ ടീമുകളാണ് കോണ്‍കകാഫ് പ്രതിനിധികള്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.