ക്യാപ്റ്റനായും കോച്ചായും ഒരേയൊരു സിസു
text_fieldsമഡ്രിഡ്: വമ്പന്മാര്‍ക്കു മുന്നില്‍ പിടിച്ചുനില്‍ക്കാനാകാതെ നീണ്ട തോല്‍വികളുമായി എല്ലാം നഷ്ടപ്പെടുമെന്നായപ്പോഴായിരുന്നു അഞ്ചു മാസം മുമ്പ് സിനദിന്‍ സിദാന്‍ എന്ന ഫ്രഞ്ച് താരത്തിനുമേല്‍ റയലിന്‍െറ പരിശീലകക്കുപ്പായമണിയിക്കുന്നത്. അതും വലിയ ടീമുകളെ പരിശീലിപ്പിച്ച പരിചയമൊന്നുമില്ലാതെ. റാഫേല്‍ ബെനിറ്റസിന്‍െറ പിന്‍ഗാമിക്കു മുന്നില്‍ വഴി സുഗമമല്ളെന്നറിഞ്ഞിട്ടും കരളുറപ്പോടെ ടീമിലൊരാളായി മുന്നില്‍നിന്ന് സിദാന്‍ സാന്‍ സീറോ മുറ്റത്ത് ടീമിനെ കിരീടനേട്ടത്തിലേക്ക് നയിച്ചതോടെ സ്പെയിനില്‍ അദ്ദേഹത്തിന് രണ്ടാം ജന്മം. അന്ന് കളിക്കാരനായി ഇതേ കിരീടം ഏറ്റുവാങ്ങിയ താരം ഇന്ന് പരിശീലകനായും ആദരം സ്വന്തമാക്കുമ്പോള്‍ അങ്ങനെയൊരു ഇരട്ട ഭാഗ്യത്തിനുടമയാകുന്ന ഏഴാമത്തെ താരമായി. കളിക്കാരനായും അസിസ്റ്റന്‍റ് കോച്ചായും പിന്നീടിപ്പോള്‍ കോച്ചായും കിരീടം നേടുകയെന്നത് മഹാഭാഗ്യമാണെന്നായിരുന്നു സിദാന്‍െറ ആദ്യ പ്രതികരണം. പ്രതിഭകളായ താരങ്ങള്‍ക്കൊപ്പമാകുമ്പോള്‍ എല്ലാം എളുപ്പമാണെന്നും ഇത് പ്രതീക്ഷിച്ചിരുന്നതായും സിദാന്‍ പറയുന്നു.
നേരത്തേ ആന്‍സലോട്ടിക്കു കീഴില്‍ സഹപരിശീലകനായിരുന്നപ്പോള്‍ ലഭിച്ച പരിചയം മുന്നില്‍വെച്ച് 4-3-3 ഫോര്‍മാറ്റിലേക്ക് ടീമിനെ മാറ്റിയായിരുന്നു സിസു വിപ്ളവത്തിന് തുടക്കം. താരങ്ങളുടെ അഭിപ്രായങ്ങള്‍ക്ക് വിലനല്‍കിയും ആരെയും പിണക്കാതെയും റയല്‍ ക്യാമ്പില്‍ പഴയ ഊര്‍ജം തിരികെയത്തെിച്ചപ്പോള്‍ പിന്നീടങ്ങോട്ട് ടീം അദ്ഭുതകരമായ മാറ്റങ്ങളുമായി തിരികെയത്തെുന്നതായിരുന്നു കാഴ്ച. ലാ ലിഗയില്‍ ബാഴ്സക്കു പിറകെ രണ്ടാമതായെങ്കിലും ചാമ്പ്യന്‍സ് ലീഗില്‍ നാട്ടുകാരെ തോല്‍പിച്ച് കിരീടം തന്നെ നേടി.
എല്ലാം ശരിയായെന്നു പറയാന്‍ 43കാരനും തയാറല്ളെങ്കിലും മഡ്രിഡ് നഗരത്തിലെന്നപോലെ റയല്‍ ക്യാമ്പിലും ആഘോഷത്തിന്‍െറ നാളുകളുടെ തുടക്കമായെന്ന് സ്പാനിഷ് മാധ്യമങ്ങള്‍ പറയുമ്പോള്‍ വിശ്വസിക്കാതെ വയ്യ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.