ഐ.എസ്.എല്‍: ആദ്യ ഹോം മത്സരത്തിന് കേരള ബ്ലാസ്റ്റേഴ്സ്
text_fieldsകൊച്ചി: മഞ്ഞയില്‍ മുങ്ങിയ മലയാളമുറ്റത്ത് കൊമ്പന്മാര്‍ തലയെടുപ്പ് കാട്ടുമോ? കളിക്കാരെ റിക്രൂട്ട് ചെയ്യുന്നതില്‍ പിശുക്ക് കാട്ടുന്ന ടീമുടമകളെ നാണിപ്പിച്ച്, ആരവങ്ങളുടെ ധാരാളിത്തമൊരുക്കുന്ന ഗാലറിക്ക് ആഹ്ളാദിക്കാന്‍ വകയുണ്ടാകുമോ? കേരളം കൊതിക്കുന്ന മറുപടിക്ക് ഗാലറിയിലെ പതിനായിരങ്ങള്‍ മാത്രമല്ല, കളത്തില്‍ കേരള ബ്ളാസ്റ്റേഴ്സിന്‍െറ കുപ്പായമിടുന്ന പതിനൊന്നുപേരും കളിച്ചാടിയേ തീരൂ. വടക്കുകിഴക്കിന്‍െറ മുറ്റത്ത് കന്നിയങ്കത്തില്‍ കളി മറന്നുപോയ പിഴവുകളെ കൊച്ചിയുടെ മണ്ണില്‍ തിരുത്തിയെഴുതാമെന്ന മോഹവുമായി മഞ്ഞപ്പട പന്തുതട്ടുമ്പോള്‍ കൊമ്പന്മാരെ നെഞ്ചേറ്റിയ ആരാധകക്കൂട്ടം പ്രതീക്ഷകളോടെ കാത്തിരിക്കുകയാണ്. മൂന്നാമത് ഐ.എസ്.എല്ലിന്‍െറ ആദ്യ ഹോം മത്സരത്തില്‍ ബുധനാഴ്ച കരുത്തരായ അത്ലറ്റികോ ഡി കൊല്‍ക്കത്തക്കെതിരെ കലൂര്‍ നെഹ്റു സ്റ്റേഡിയത്തിന്‍െറ പുല്‍പ്പരപ്പില്‍ ബ്ളാസ്റ്റേഴ്സ് ബൂട്ടണിഞ്ഞിറങ്ങുമ്പോള്‍ ആര്‍ത്തലക്കുന്ന കാണികള്‍ ഒരിക്കല്‍കൂടി ശ്രദ്ധാകേന്ദ്രമാകും.
ആദ്യ സീസണിലെ റണ്ണറപ്പുകളെന്ന പരിവേഷവുമായി കഴിഞ്ഞ സീസണില്‍ കളിക്കിറങ്ങിയ ബ്ളാസ്റ്റേഴ്സിന്‍േറത് നിരാശജനകമായ പ്രകടനമായിരുന്നു. തിരിച്ചുവരവ് കൊതിച്ച പുതുസീസണില്‍ നോര്‍ത് ഈസ്റ്റ് യുനൈറ്റഡിനെതിരെ ഏകപക്ഷീയമായ ഒരു ഗോളിനാണ് കേരള നിര പരാജയം രുചിച്ചത്. മറുവശത്ത് തോല്‍വിയുടെ വക്കത്തുനിന്ന് അവസാന നിമിഷ ഗോളില്‍ ചെന്നൈയിനെ 2-2ന് തളച്ച ആത്മവിശ്വാസവുമായാണ് കൊല്‍ക്കത്തയുടെ വരവ്.
മിഡ്ഫീല്‍ഡില്ലാതെന്ത് കളി?
കളത്തില്‍ ഒരു ടീമിന്‍െറ ഹൃദയമെന്ന് പറയുന്നത് ചടുലമായ മധ്യനിരയാണ്. എന്നാല്‍, ഒരു ക്രിയേറ്റിവ് മിഡ്ഫീല്‍ഡര്‍ പോലുമില്ലാതെ നീക്കങ്ങള്‍ മെനയുകയെന്ന അതിസാഹസമാണ് ബ്ളാസ്റ്റേഴ്സിന്‍േറത്. നോര്‍ത് ഈസ്റ്റിനെതിരായ നിറം മങ്ങിയ പ്രകടനത്തിന്‍െറ കാരണം ഇതുതന്നെയായിരുന്നു. ആദ്യ കളിയില്‍ മധ്യനിരയില്‍ വിന്യസിക്കപ്പെട്ട ദിദിയര്‍ കാഡിയോ, വിനീത് റായി, മെഹ്താബ് ഹുസൈന്‍ എന്നിവര്‍ ഹോള്‍ഡിങ് മിഡ് ഫീല്‍ഡര്‍മാരായിരുന്നുവെന്നോര്‍ക്കണം. ആക്രമിക്കുന്നതിനെക്കാള്‍ ഡിഫന്‍സിനൊപ്പം നിന്ന് ചെറുത്തുനില്‍ക്കുന്നതിലായിരുന്നു ഇവരുടെ ശ്രദ്ധ. ടീമിനെ പരിശീലിപ്പിക്കാന്‍ പുതുതായത്തെിയ മുന്‍ മാഞ്ചസ്റ്റര്‍ സിറ്റി കോച്ച് സ്റ്റീവ് കോപ്പലിന് സമതുലിതമല്ല തന്‍െറ ടീമെന്ന് തുറന്നു പറയേണ്ടിവന്നിരിക്കുന്നു.
കോച്ച് എന്ന നിലയില്‍ ലഭ്യമായ കളിക്കാരെ വെച്ച് മികവു കാട്ടാന്‍ ശ്രമിക്കുമെന്നാണ് കോപ്പലിന്‍െറ ഉറപ്പ്. കളിഗതിയെ സ്വാധീനിക്കാന്‍ കഴിയുന്ന മികച്ച താരങ്ങളെ ടീം മാനേജ്മെന്‍റ് അണിയിലത്തെിക്കാത്തതിനെ പരോക്ഷമായി കോച്ച് വിമര്‍ശിക്കുകയും ചെയ്തു. നോര്‍ത് ഈസ്റ്റിനെതിരായ കളിയില്‍ മധ്യനിര താരങ്ങളെക്കാള്‍ മുന്‍നിരക്ക് പന്തത്തെിച്ചത് ഡിഫന്‍ഡര്‍മാരായ സെഡ്രിങ് ഹെങ്ബര്‍ട്ടും സന്ദേശ് ജിങ്കാനുമായിരുന്നു. കാഡിയോക്ക് പകരം ബാഴ്സലോണ അക്കാദമിയില്‍ കളി പഠിച്ച ഹൊസു പ്രീറ്റോ കൊല്‍ക്കത്തക്കെതിരെ പ്ളെയിങ് ഇലവനിലുണ്ടാകുമെന്നാണ് സൂചന. ഛാഡ് മിഡ്ഫീല്‍ഡര്‍ അസ്റാക്ക് മഹ്മദും ഹൊസുവിനൊപ്പം കളി മെനയാന്‍ കളത്തിലിറങ്ങിയേക്കും. ഇവര്‍ക്കൊപ്പം പിന്നിലേക്കിറങ്ങി അന്‍േറാണിയോ ജെര്‍മനും പന്തടക്കം കാട്ടിയാല്‍ കേരള നീക്കങ്ങള്‍ ചടുലമാകും. ഹെയ്തിയന്‍ താരങ്ങളായ കെര്‍വെന്‍സ് ബെല്‍ഫോര്‍ട്ട്, ഡക്കന്‍സ് നാസണ്‍, മലയാളി താരം മുഹമ്മദ് റാഫി, മൈക്കല്‍ ചോപ്ര എന്നിവര്‍ ഉള്‍പ്പെടുന്ന ഫോര്‍വേഡ് നിര ശരാശരി മാത്രമാവുന്നതും ആതിഥേയരെ അലട്ടുന്ന ഘടകമാണ്.
കരുത്തോടെ പ്രതിരോധം
പ്രതിരോധത്തിന്‍െറ കെട്ടുറപ്പില്‍ പ്രതീക്ഷകള്‍ കരുപ്പിടിപ്പിക്കുകയെന്ന പതിവുരീതി തന്നെയാണ് ഇക്കുറിയും ബ്ളാസ്റ്റേഴ്സിന്‍േറതെന്ന് ആദ്യ കളി കൃത്യമായി വരച്ചുകാട്ടിത്തന്നു. ആദ്യ സീസണില്‍ കൊമ്പന്മാരുടെ പിന്നണിയില്‍ കുറ്റിയുറപ്പോടെ കോട്ടകെട്ടിയ സെഡ്രിക് ഹെങ്ബര്‍ട്ട് തിരിച്ചത്തെിയപ്പോള്‍ ആ പ്രതീക്ഷകള്‍ക്ക് ആക്കം കൂടിയിട്ടേയുള്ളൂ. ഹെങ്ബര്‍ട്ടിനൊപ്പമുള്ളത് വടക്കന്‍ അയര്‍ലന്‍ഡിനുവേണ്ടി 103 മത്സരങ്ങളുടെ പാകതയുള്ള മാര്‍ക്വീ താരം ആരോണ്‍ ഹ്യൂസ്. സെന്‍ട്രല്‍ ഡിഫന്‍സിലും ഇടതു വലതു പാര്‍ശ്വങ്ങളിലുമൊക്കെ പ്രതിരോധം കാക്കാന്‍ മിടുക്കനായ ഹ്യൂസ്, വേണ്ടിവന്നാല്‍ മധ്യനിരയിലേക്ക് കയറിക്കളിക്കാനും കേമന്‍. ഇക്കഴിഞ്ഞ യൂറോകപ്പില്‍ കുപ്പായമിട്ട പകിട്ടുമായാണ് മുന്‍ ന്യൂകാസില്‍, ഫുള്‍ഹാം താരമായ ഹ്യൂസ് മാര്‍ക്വീ കളിക്കാരനായി ബ്ളാസ്റ്റേഴ്സിലത്തെിയത്. ഇവര്‍ക്കൊപ്പം ജിങ്കാനും ഗുര്‍വീന്ദര്‍ സിങ്ങും ചേരുന്നതോടെ ബ്ളാസ്റ്റേഴ്സിന്‍െറ ഏറ്റവും മികച്ചതെന്ന് നിസ്സംശയം പറയാവുന്ന ഡിപ്പാര്‍ട്മെന്‍റായി ഡിഫന്‍സ് മാറുന്നു. മുന്‍ ആഴ്സനല്‍ ഗോളി ഗ്രഹാം സ്റ്റാക്കിന്‍െറ കരങ്ങള്‍ക്ക് കരുത്തു ചോര്‍ന്നിട്ടില്ളെന്ന് ആദ്യകളി തെളിയിച്ചതും ബ്ളാസ്റ്റേഴ്സിന് കരുത്താവും.
കടലാസില്‍ അത് ലറ്റികോ
ആദ്യ മത്സരത്തിലെ സൂചനകളും താരത്തിളക്കവും കണക്കിലെടുക്കുമ്പോള്‍ കടലാസില്‍ നേരിയ മുന്‍തൂക്കം അത്ലറ്റികോക്ക് തന്നെയാണ്. ഏറെക്കാലം പോര്‍ചുഗലിന്‍െറ മുന്നണിപ്പോരാളിയായിരുന്ന ഹെല്‍ഡര്‍ പോസ്റ്റിഗയും മുന്‍ ബ്ളാസ്റ്റേഴ്സ് താരം ഇയാന്‍ ഹ്യൂമും ചേര്‍ന്ന മുന്നേറ്റം. ചെന്നൈയിനെതിരെ പൊള്ളുന്ന ഷോട്ടുതിര്‍ത്ത പോസ്റ്റിഗ ശാരീരികമായി താനിപ്പോഴും കരുത്തനാണെന്ന് ബോധ്യപ്പെടുത്തുന്നു. കണ്ടാല്‍ ഇന്ത്യക്കാരനെന്ന് തോന്നിക്കുമെങ്കിലും വിങ്ങില്‍ 90 മിനിറ്റും തളരാതെ ആക്രമിച്ചു കയറാന്‍ മിടുക്കനായ ദക്ഷിണാഫ്രിക്കന്‍ താരം സമീഗ് ഡുതിയുടെ അകമഴിഞ്ഞ പിന്തുണ.
ചെന്നൈയിനെതിരെ കൊല്‍ക്കത്തക്കാരുടെ ആദ്യഗോളും ഡുതിയുടെ വകയായിരുന്നു. മധ്യനിരയില്‍ കരുനീക്കാന്‍ മുന്‍ ഐബര്‍ താരം യാവി ലാറയും ബോര്‍യ ഫെര്‍ണാണ്ടസും ധാരാളം. ചാട്ടുളിപോലെ കടന്നു കയറാന്‍ കരളുറപ്പുണ്ടെങ്കില്‍ ടിരിയും അര്‍ണാബ് മൊണ്ഡലും നയിക്കുന്ന പ്രതിരോധത്തില്‍ വിള്ളലുണ്ടാക്കാനാവുമെന്ന് കഴിഞ്ഞ കളിയില്‍ ചെന്നൈയിന്‍ തെളിയിച്ചത് ബ്ളാസ്റ്റേഴ്സിന് ഇതിനിടയിലും ശുഭസൂചനയാണ്.
അത്ലറ്റികോ മഡ്രിഡിന്‍െറ ഗോള്‍കീപ്പറായിരുന്ന അത്ലറ്റികോ കോച്ച് ജോസ് മൊളീനക്ക് കളി കണ്ടുള്ള അനുഭവം വേണ്ടുവോളം. മുന്‍ കോച്ച് അന്‍േറാണിയോ ലോപസിന്‍െറ ശൈലിയില്‍നിന്ന് മാറി ടീമിനെ കൂടുതല്‍ ആക്രമണാത്മകമായി കളിക്കാന്‍ മൊളീന പ്രേരിപ്പിക്കുമ്പോള്‍ ബ്ളാസ്റ്റേഴ്സ് കൂടുതല്‍ ജാഗരൂകരാകേണ്ടിവരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.