ഡല്‍ഹി ഡൈനാമോസിനെ ഗോളില്ലാ സമനിലയില്‍ കുരുക്കി ബ്ലാസ്റ്റേഴ്സ്
text_fieldsകൊച്ചി: അവധിദിനത്തില്‍ കലൂര്‍ നെഹ്റു സ്റ്റേഡിയത്തിന്‍െറ ഗാലറികളില്‍ കണിക്കൊന്ന പൂത്തപോലെ നിറഞ്ഞ അരലക്ഷത്തിലേറെയുള്ള കേരള ബ്ളാസ്റ്റേഴ്സ് ആരാധകര്‍ക്ക് ആശ്വസിക്കാം. രണ്ട് തോല്‍വിക്ക് ശേഷം ജയത്തോളം മേന്മയുള്ള ഗോള്‍രഹിത സമനിലയുമായി ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്‍െറ മൂന്നാം സീസണില്‍ ബ്ളാസ്റ്റേഴ്സിന് ആദ്യ പോയന്‍റ്. നിലവിലെ ജേതാക്കളായ ചെന്നൈയിന്‍ എഫ്.സിയെ തകര്‍ത്തുവന്ന ഡല്‍ഹി ഡൈനാമോസിനെയാണ് ആതിഥേയര്‍ സമനിലയില്‍ തളച്ചത്. മികച്ച പ്രതിരോധവും ആക്രമണവുമൊരുക്കിയ ബ്ളാസ്റ്റേഴ്സ് കരുത്തരായ എതിരാളികളെ പിടിച്ചുകെട്ടുകയായിരുന്നു. മൈക്കല്‍ ചോപ്ര രണ്ട് ഗോളവസരങ്ങള്‍ നഷ്ടമാക്കിയത് ആരാധകര്‍ക്ക് വേദനയുമായി. ലീഗില്‍ മൂന്നുകളികളില്‍നിന്ന് ഒരു പോയന്‍റുമായി ബ്ളാസ്റ്റേഴ്സ് ഏഴാം സ്ഥാനത്താണ്. ഈ മാസം 14ന് മുംബൈ സിറ്റി എഫ്.സിയുമായാണ് മഞ്ഞപ്പടയുടെ അടുത്ത മത്സരം.
ആതിഥേയരുടെ ആദ്യപകുതി
ഇരു ടീമുകളും മൂന്നുവീതം മാറ്റങ്ങളുമായാണ് നെഹ്റു സ്റ്റേഡിയത്തില്‍ പടക്കിറങ്ങിയത്. ആതിഥേയ നിരയില്‍ ബാറിനുകീഴില്‍ ഗ്രഹാം സ്റ്റാക്കിന് പകരം ഇന്ത്യന്‍ വെറ്ററന്‍ താരം സന്ദീപ് നന്ദിയെ കളിപ്പിച്ച കോച്ച്, ഇംഗ്ളീഷുകാരന്‍ മൈക്കല്‍ ചോപ്രയെയും ഛാദ് താരം അസ്രാക്ക് മഹമ്മത്തിനെയും കളത്തിലിറക്കി. എല്‍ഹാദി എന്‍ഡോയയും ഫാറൂഖ് ചൗധരിയും പകരക്കാരുടെ ബെഞ്ചിലേക്ക് മാറി. ഡല്‍ഹിയുടെ മാര്‍ക്വീതാരവും നായകനുമായ ഫ്ളോറന്‍റ് മലൂദയും ലാല്‍ചാന്‍കിമയും ബഡാര ബാജിയും ബൂട്ടണിഞ്ഞു.
4-3-3 എന്ന ശൈലിയിലാണ് കോച്ച് സ്റ്റീവ് കോപ്പല്‍ മഞ്ഞപ്പടയെ അണിനിരത്തിയത്. പ്രതീക് ചൗധരിയും ക്യാപ്റ്റന്‍ സെഡ്രിക് ഹെങ്ബര്‍ട്ടും സന്ദേശ് ജിങ്കാനുമൊപ്പം ഹോസു പ്രീറ്റോ പ്രതിരോധം കാത്തു. വിദേശതാരങ്ങളായ ചോപ്രയും നാസണും ജര്‍മനും ആക്രമണത്തിനിറങ്ങി.
4-1-4-1 ഫോര്‍മേഷനുമായാണ് ഡല്‍ഹിയത്തെിയത്. കരുത്തരായ എതിരാളികള്‍ക്കെതിരെ ആവേശത്തോടെയാണ് ബ്ളാസ്റ്റേഴ്സ് കളിച്ചുതുടങ്ങിയത്. ആദ്യപകുതിയില്‍ നാല് കോര്‍ണര്‍ കിക്കുകളും എണ്ണമറ്റ ത്രോകളുമായി ബ്ളാസ്റ്റേഴ്സ് നിറഞ്ഞാടി. ആദ്യ പത്ത് മിനിറ്റിനുള്ളില്‍ മൂന്ന് ആക്രമണങ്ങള്‍ക്ക് ടീം തിരികൊളുത്തി. അഞ്ചാം മിനിറ്റില്‍ പ്രതീക് ചൗധരിയില്‍നിന്ന് ചോപ്രയുടെ ഹെഡര്‍ വഴി എത്തിയ പന്ത് റഫീഖിന്‍െറ കാലില്‍ കുരുങ്ങുന്നതിനുമുമ്പ് ഡല്‍ഹി ഗോളി അന്‍േറാണിയോ ഡൊബ്ളാസ് കൈയിലൊതുക്കി. പിന്നാലെ ഹോസുവിന്‍െറ ക്രോസില്‍ ചോപ്രയും അവസരം പാഴാക്കി. പത്താം മിനിറ്റില്‍ റഫീഖും രണ്ട് മിനിറ്റിന് ശേഷം ചോപ്രയും ഡൈനാമോസ് ഗോള്‍മുഖം വിറപ്പിച്ചത് കാണികളെ ഹരംകൊള്ളിച്ചു. ആതിഥേയരുടെ നിരന്തരമായ മുന്നേറ്റത്തിനിടയില്‍ കളി ഡൈനാമോസിന്‍െറ ഏരിയയിലൊതുങ്ങി. അസ്രാക് മഹമ്മത്തിന്‍െറ പിടിയില്‍ മലൂദ അമര്‍ന്നതോടെ ഡല്‍ഹി വിയര്‍ത്തുതുടങ്ങി. കഴിഞ്ഞ കളിയിലെ ഹീറോ മാഴ്സലോക്ക് ഹോസുവിനെ മറികടന്ന് ഏറെ മുന്നേറാനാവാതിരുന്നതോടെ ആദ്യ അരമണിക്കൂര്‍ ബ്ളാസ്റ്റേഴ്സിന്‍െറ കളിയാട്ടമായി മാറി. ഹോസുവിന്‍െറ ലോങ്പാസ് സ്വീകരിച്ച ചോപ്ര രണ്ട് പ്രതിരോധക്കാരെ കബളിപ്പിച്ച് ബോക്സിന്‍െറ വലതുമൂലയില്‍നിന്ന് ഗോളിമാത്രം മുന്നില്‍നില്‍ക്കുമ്പോള്‍ ഷോട്ട് പായിച്ചത് വലയില്‍ കയറാതെ പോയതായിരുന്നു ആരാധകര്‍ക്ക് ആദ്യപകുതിയില്‍ നിരാശയായത്.
വലയില്‍ കുരുങ്ങാതെ പന്ത്
രണ്ടാം പകുതിയുടെ തുടക്കത്തില്‍ ജിങ്കാന്‍െറ കൈ തട്ടി മുഖത്ത് പരിക്കേറ്റ ഡല്‍ഹി ഗോളി ഡെബ്ളാസിന് പകരം മെയ്തെയ് സോറം വലകാക്കാനത്തെി. ഡെബ്ളാസിന് അഞ്ച് മിനിറ്റോളം മൈതാനത്ത് ചികിത്സ നല്‍കിയ ശേഷമായിരുന്നു ഈ മാറ്റം. 63ാം മിനിറ്റില്‍ ക്യാപ്റ്റനും പ്രതിരോധ നിരക്കാരനുമായ ഹെങ്ബര്‍ട്ടിനെ കോപ്പല്‍ തിരിച്ചുവിളിച്ചു. ആദ്യപകുതിയില്‍ മഞ്ഞക്കാര്‍ഡ് കിട്ടിയ ക്യാപ്റ്റന് കൂടുതല്‍ ‘അപകടം’ വരാതിരിക്കാനായിരുന്നു ഈ നീക്കം. വലതുവിങ്ങില്‍നിന്ന് ജര്‍മന്‍െറ ക്രോസ് ചോപ്രക്ക് ഗോളവസരമൊരുക്കിയെങ്കിലും ഹെഡര്‍ പോസ്റ്റില്‍നിന്ന് അകന്നുപോയി. നിറംമങ്ങിയ മാഴ്സലോ 74ാം മിനിറ്റില്‍ ബ്ളാസ്റ്റേഴ്സിന്‍െ മൂന്ന് പ്രതിരോധക്കാരെ വെട്ടിച്ച് ബ്ളാസ്റ്റേഴ്സ് ഗോള്‍മുഖം വിറപ്പിച്ചു. ആറ് മിനിറ്റ് നീണ്ട ഇഞ്ച്വറി സമയത്ത് ഇരു ടീമുകളും ആക്രമണം മൂപ്പിച്ചെങ്കിലും ഗോളില്ലാ സമനിലയില്‍ കളിക്ക് അന്ത്യമായി. 54,513 കാണികളാണ് പോരാട്ടം കാണാന്‍ ഒഴുകിയത്തെിയത്. പ്രതിരോധനിരയില്‍ നിറഞ്ഞുനിന്ന സന്ദേശ് ജിങ്കാന്‍ കളിയിലെ താരവുമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.