ലോകകപ്പ് യോഗ്യത: പറങ്കിക്കശാപ്പ് തുടരുന്നു
text_fieldsപാരിസ്: ദുര്‍ബലരായ എതിരാളികളെ കൂട്ടക്കശാപ്പ് ചെയ്ത് പോര്‍ചുഗലിന്‍െറയും ബെല്‍ജിയത്തിന്‍െറയും കുതിപ്പ്. ലോകകപ്പ് ഫുട്ബാള്‍ യൂറോപ്യന്‍ യോഗ്യതാ റൗണ്ടില്‍ ഗ്രൂപ് ബിയില്‍ തുടര്‍ച്ചയായ രണ്ടാം അങ്കത്തിലും ആറ് ഗോള്‍ ജയവുമായി പറങ്കിപ്പട ടോപ് ഗിയറിലേക്ക്. നേരത്തെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ നാല് ഗോളില്‍ അന്‍ഡോറയെ കീഴടക്കിയവര്‍, ചൊവ്വാഴ്ച ഫറോ ഐലന്‍ഡിനെയാണ് (6-0) തരിപ്പണമാക്കിയത്. എഫ്.സി പോര്‍ട്ടോ താരം ആന്ദ്രെ സില്‍വ ആദ്യ പകുതിയില്‍തന്നെ ഹാട്രിക് നേടിയപ്പോള്‍ (12, 22, 37) രണ്ടാം പകുതിയില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ (65) ഒന്നടിച്ചു. ഇഞ്ചുറി ടൈമിലായിരുന്നു പട്ടിക തികച്ച രണ്ട് ഗോളുകള്‍ പിറന്നത്. ജോ മൗടീന്യോ, ജോ കാന്‍സെലോ എന്നിവരുടെ വകയായിരുന്നു ഗോളുകള്‍. പോര്‍ചുഗല്‍ രണ്ട് കളിയില്‍ 12 ഗോളടിച്ച് ജയിച്ചെങ്കിലും ഗ്രൂപ്പില്‍ മൂന്നും ജയിച്ച് ഒമ്പത് പോയന്‍റുള്ള സ്വിറ്റ്സര്‍ലന്‍ഡാണ് ഒന്നാമത്. സ്വിറ്റ്സര്‍ലന്‍ഡ് ചൊവ്വാഴ്ച അന്‍ഡോറയെ 2-1ന് തോല്‍പിച്ചു.
ഗ്രൂപ് ‘എച്ചില്‍’ ജിബ്രാള്‍ട്ടറിനെ 6-0ത്തിന് വീഴ്ത്തി ബെല്‍ജിയം മൂന്നാം ജയം കുറിച്ചു. ക്രിസ്റ്റല്‍ പാലസ് താരം ക്രിസ്റ്റ്യന്‍ ബെന്‍റ്റെകിന്‍െറ ഹാട്രിക്കിലായിരുന്നു ബെല്‍ജിയന്‍ വിജയഗാഥ. കളിയുടെ എട്ടാം സെക്കന്‍ഡില്‍ വലകുലുക്കിയ ബെന്‍റ്റെക് 42, 56 മിനിറ്റിലും ആവര്‍ത്തിച്ചു. ആക്സല്‍ വിറ്റ്സല്‍, ഡ്രിസ് മെര്‍ടന്‍സ്, എഡന്‍ ഹസാര്‍ഡ് എന്നിവര്‍ ശേഷിച്ച ഗോളും സ്കോര്‍ ചെയ്തു. ഗ്രൂപ്പിലെ മറ്റു മത്സരങ്ങളില്‍ ഗ്രീസ് 2-0ത്തിന് എസ്തോണിയയെയും ബോസ്നിയ 2-0ത്തിന് സൈപ്രസിനെയും കീഴടക്കി. ഗ്രൂപ് ‘എ’യിലെ ഫ്രാന്‍സ്-നെതര്‍ലന്‍ഡ്സ് അങ്കമായിരുന്നു യോഗ്യതാ റൗണ്ടില്‍ ശ്രദ്ധേയമായത്. ശനിയാഴ്ചത്തെ നാല് ഗോള്‍ ജയം നല്‍കിയ ആത്മവിശ്വാസത്തിലായിരുന്നു ഇരു നിരയും. ഹോം ഗ്രൗണ്ടിന്‍െറ ആനുകൂല്യം ആതിഥേയരായ ഓറഞ്ചു പടക്കായിരുന്നെങ്കിലും പരിചയ സമ്പന്നരായ താരങ്ങളായിരുന്നു ഫ്രഞ്ചുകാരുടെ കരുത്ത്. പന്തുരുണ്ട് ആദ്യ പകുതിയില്‍തന്നെ ഫ്രാന്‍സ് ലക്ഷ്യം കാണുകയും ചെയ്തു.
30ാം മിനിറ്റില്‍ ദിമിത്രി പായറ്റിന്‍െറ അസിസ്റ്റില്‍ ലോക ഫുട്ബാളിലെ വിലയേറിയ താരം പോള്‍ പൊഗ്ബ വലകുലുക്കി. കോച്ച് ദിദിയര്‍ ദെഷാംപ്സിന്‍െറ വിശ്വാസംകാത്ത 30 വാര അകലെനിന്നുള്ള സുന്ദര ഗോള്‍. ‘മത്സരത്തിനുമുമ്പ് ഒരു കാര്യം മാത്രമേ ഡ്രസിങ് റൂമില്‍ പൊഗ്ബയോട് പറഞ്ഞുള്ളൂ, എനിക്ക് നിങ്ങളില്‍ വിശ്വാസമുണ്ട്. കളിയില്‍ അദ്ദേഹം അക്കാര്യം തെളിയിച്ചു. പൊഗ്ബയുടെ നിലവാരത്തില്‍ ഞങ്ങള്‍ക്ക് സംശയമില്ല. ചെറുപ്പമാണ്, ഇനിയും മെച്ചപ്പെടും’ -ഹോളണ്ടിനെ ഒരു ഗോളില്‍ കീഴടക്കിയ ആവേശത്തില്‍ ദെഷാംപ്സിന്‍െറ വാക്കുകള്‍. ഫ്രാന്‍സ് ഗ്രൂപ്പില്‍ ഒന്നാമതായി. ‘ജി’യില്‍ ഇറ്റലി മാസിഡോണിയയെയും (3-2), സ്പെയിന്‍ അല്‍ബേനിയയെയും (2-0) തോല്‍പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.