ലോകകപ്പ് യോഗ്യത: വമ്പന്മാർക്ക് ജയത്തോടെ തുടക്കം
text_fieldsഓസ്ലോ: 2018 ഫുട്ബാള്‍ ലോകകപ്പിനുള്ള യൂറോപ്യന്‍ യോഗ്യതാ മത്സരങ്ങള്‍ക്ക് വമ്പന്മാരുടെ ജയത്തോടെ തുടക്കം. ചാമ്പ്യന്മാര്‍ക്കൊത്ത പ്രകടനവുമായി ജര്‍മനി വരവറിയിച്ചപ്പോള്‍ അവസാന മിനിറ്റ് ഗോളില്‍ ഇംഗ്ളണ്ട് കരകയറി. ഡെന്മാര്‍ക്ക്, സ്കോട്ട്ലന്‍ഡ്, അസര്‍ബൈജാന്‍ എന്നീ ടീമുകള്‍ വിജയത്തോടെ തുടങ്ങിയപ്പോള്‍ ചെക്ക് റിപ്പബ്ളിക്കും വടക്കന്‍ അയര്‍ലന്‍ഡും സമനിലയില്‍ കുരുങ്ങി.
മ്യൂണിക് താരങ്ങളായ തോമസ് മ്യൂളറും ജോഷുവാ കിമ്മിച്ചും ഗോള്‍ കുറിച്ച മത്സരത്തില്‍ നോര്‍വേയെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് ജര്‍മനി കെട്ടുകെട്ടിച്ചത്. 15ാം മിനിറ്റില്‍ മ്യൂളറാണ് തുടക്കമിട്ടത്. പെനാല്‍റ്റി ബോക്സിലെ കൂട്ടപ്പൊരിച്ചിലിനിടയില്‍ വീണുകിടന്ന ഗോളിക്കുമുകളിലൂടെ മ്യൂളര്‍ തൊടുത്ത ഇടങ്കാലന്‍ ഷോട്ട് വലയില്‍ പതിച്ചു. ഒന്നാം പകുതിയുടെ അവസാന മിനിറ്റില്‍ മ്യൂളറുടെ പാസ് സ്വീകരിച്ച കിമ്മിച്ച് ജര്‍മനിയുടെ ലീഡുയര്‍ത്തി. മത്സരം ഒരുമണിക്കൂര്‍ പിന്നിട്ടപ്പോള്‍ മ്യൂളര്‍ വീണ്ടും അവതരിച്ചു. സാമി ഖെദീരയുടെ പാസില്‍ മ്യൂളറിന്‍െറ ഹെഡര്‍ വലക്കുള്ളില്‍ കുരുങ്ങി. തിരിച്ചടിക്കാന്‍ മറന്ന് നോര്‍വേ പകച്ചു നിന്നപ്പോള്‍ മാനുവല്‍ ന്യൂയറിന്‍െറ നായകത്വത്തിലെ ആദ്യ കളിതന്നെ ജര്‍മനി ജയം കണ്ടു.
ഇഞ്ച്വറി ടൈമിന്‍െറ അവസാന മിനിറ്റില്‍ ആദം ലല്ലന നേടിയ ഗോളിലാണ് സ്ലോവാക്യക്കെതിരെ ഇംഗ്ളണ്ട് കടന്നുകൂടിയത്. 57ാം മിനിറ്റില്‍ സ്ലോവാക്യയുടെ മാര്‍ട്ടിന്‍ സ്ക്രട്ടില്‍ ചുവപ്പുകാര്‍ഡ് കണ്ട് പുറത്തുപോയെങ്കിലും ഇംഗ്ളണ്ടിന് മുതലാക്കാനായില്ല. 95ാം മിനിറ്റില്‍ സ്ലോവാക്യന്‍ താരം പീറ്റര്‍ പെകാരികിന്‍െറ കാലില്‍ തട്ടി നേരെ പോയത് ലല്ലനയുടെ അരികിലേക്ക്. സമയം പാഴാക്കാതെ ലല്ലന തൊടുത്ത ഷോട്ട് ഗോളി മാറ്റസ് കൊസാക്കിക്കിന്‍െറ കാലില്‍ തട്ടിയെങ്കിലും ഗോള്‍വര കടന്നു.
ഗ്രൂപ് സിയിലെ മറ്റൊരു മത്സരത്തില്‍ ചെക്ക് റിപ്പബ്ളിക്കും വടക്കന്‍ അയര്‍ലന്‍ഡും ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞു.സാന്‍ മാറിനോയെ അസര്‍ബൈജാന്‍ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പിച്ചു. സാന്‍ മാറിനോയുടെ ക്രിസ്റ്റ്യന്‍ ബ്രോലി 52ാം മിനിറ്റില്‍ ചുവപ്പുകാര്‍ഡ് കണ്ട് പുറത്തുപോയി. ഗ്രൂപ് ഇയില്‍ അര്‍മീനിയക്കെതിരെ ഡെന്മാര്‍ക്ക് ഒരു ഗോളിന് ജയിച്ചുകയറി. ആവേശകരമായ മത്സരത്തില്‍ കസാഖ്സ്താനും പോളണ്ടും രണ്ട് ഗോള്‍ വീതമടിച്ച് സമനിലയില്‍ പിരിഞ്ഞു. റുമേനിയ-മോണ്ടിനഗ്രോ മത്സരം 1-1ന് സമനിലയായി. ചുവപ്പുകാര്‍ഡുകള്‍ കളിച്ച ഗ്രൂപ് എഫ് പോരാട്ടത്തില്‍ സ്കോട്ട്ലന്‍ഡ് ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്ക് മാള്‍ട്ടയെ മുക്കി. മാള്‍ട്ട താങ്ങളായ ജോനാഥന്‍ കാറുവാനയും ലൂക് ഗാംബിനും ചുവപ്പുകാര്‍ഡ് കണ്ട് പുറത്തുപോയി. സ്കോട്ട്ലന്‍ഡിനായി റോബര്‍ട്ട് സ്നോഡ്ഗ്രാസ് ഹാട്രിക് നേടി. ലിത്വാനിയയും സ്ലോവേനിയയും 2-2ന് സമനിലയില്‍ പിരിഞ്ഞു.
യോഗ്യത ഇങ്ങനെ
യൂറോപ്യന്‍ യോഗ്യതാ മത്സരത്തിനിറങ്ങുന്നത് 54 രാജ്യങ്ങളാണ്. ഒമ്പത് ഗ്രൂപ്പുകളിലായി ആറ് ടീമുകള്‍ വീതം അണിനിരക്കും. ഗ്രൂപ്പ് ജേതാക്കള്‍ നേരിട്ട് ലോകകപ്പിന് അര്‍ഹത നേടും. രണ്ടാം സ്ഥാനത്തത്തെുന്ന മികച്ച എട്ട് ടീമുകള്‍ വീണ്ടും യോഗ്യത പോരാട്ടത്തില്‍ ഏറ്റുമുട്ടും. ഇതില്‍ നിന്ന് നാലു പേര്‍ ലോകകപ്പിന് യോഗ്യത നേടും. ആതിഥേയരായ റഷ്യക്ക് യോഗ്യതാ മത്സരം കളിക്കാതെ ലോകകപ്പിലേക്ക് എന്‍ട്രി ലഭിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.