അർജൻറീനയെ എഴുതിത്തള്ളാൻ വരട്ടെ
text_fieldsകാൽപന്തുകളി ഒരു സംഘഗാനമാണ്. ആ സംഘത്തിൽ ഗായകരുടെ നാദധാരക്ക് ഒരു സമന്വയം ഉണ്ടാകണം. ഒരാൾ വിഖ്യാതൻ ആയതുകൊണ്ട് മാത്രം ആ സംഘത്തിെൻറ പാട്ടുകൾ ആസ്വാദ്യമാകണമെന്നില്ല. മെറ്റാരാളുടെ അപശ്രുതി പാട്ടിനെ മുഴുവൻ അരോചകമാക്കുകയും ചെയ്യും. അതുതന്നെയാണ് ഐസ്ലൻഡിനെതിരായ മത്സരത്തിൽ അർജൻറീനക്ക് സംഭവിച്ചതും.
കോച്ച് ജോർജെ സാംപോളിക്ക് തുടക്കത്തിലേ പിഴച്ചു എന്നുവേണം കരുതാൻ. എന്തുകൊണ്ട് എയ്ഞ്ചൽ ഡിമരിയയെ ലയണൽ മെസ്സിക്കൊപ്പം ഒഫൻസീവ് മധ്യനിരയിൽ ഉൾപ്പെടുത്തി എന്ന് മത്സരം കഴിഞ്ഞ ശേഷം അദ്ദേഹം ചിന്തിക്കുന്നുണ്ടാകും. 143ാമത് മത്സരം കളിച്ച ഹാവിയർ മഷറാനോയെ ടീമിൽ ഉൾപ്പെടുത്തി എന്നതും അർജൻറീനയുടെ ആരാധകരെ പോലും വ്യാകുലപ്പെടുത്തുന്ന ചോദ്യമാണ്.
നല്ല ഫോമിലായിരുന്ന പൗളോ ഡിബാലക്ക് എന്ത് സംഭവിച്ചു എന്നും ആർക്കും അറിയാനുമായില്ല. എല്ലാത്തിലുമുപരി പ്രായം കൂടിയവരുടെ നിരയുമായിട്ടാണവർ കളിക്കാനിറങ്ങിയത്. ടീമിെൻറ ശരാശരി പ്രായം 29.3 വയസ്സ്. 17ാം തവണ ലോകകപ്പിൽ പങ്കെടുക്കുന്ന, തുടർച്ചയായി 12ാം തവണ കളിക്കുന്ന ഒരു ടീമിെൻറ പരിചയസമ്പന്നത അവരുടെ പ്രകടനങ്ങളിൽ കാണാനായില്ല. ടീം അംഗങ്ങളുടെ ശരീരഭാഷ മത്സരത്തിന് മുമ്പും ശേഷവും ചാമ്പ്യന്മാർക്ക് ചേർന്നതും ആയിരുന്നില്ല.
4-2-3-1 ശൈലിയിൽ എതിർ പ്രതിരോധ നിരയിൽ അശാന്തി സൃഷ്ടിക്കുന്ന അവരുടെ ആക്രമണവും പ്രതിരോധവും സമന്വയിപ്പിച്ചുള്ള ഒരു പ്രകടനം െഎസ്ലൻഡിനെതിരെ കാണാനായില്ല. മെസ്സിക്ക് ബാധ്യത ആകും വിധം ആയിരുന്നു ഒപ്പമുണ്ടായിരുന്ന മാക്സിമില്യാനോ മെസയുടെയും ഡിമരിയയുടെയും പ്രകടനങ്ങൾ. അതുകാരണം എതിർ പ്രതിരോധനിരയിൽ തമ്പടിച്ചിരുന്ന സെർജിയോ അഗ്യൂറോക്ക് ആവശ്യത്തിന് പന്തുകളും കിട്ടാതെപോയി. മെസ്സിയുടെ മിന്നൽ കടന്നുകയറ്റങ്ങളും ആകസ്മികമായ ഷോട്ടുകളും ഐസ്ലൻഡ് ഗോളി അതിസമർഥമായി പിടിച്ചടക്കുകയും ചെയ്തു.
മറുവശത്തു ഐസ്ലൻഡ് കഴിഞ്ഞ യൂറോ കപ്പിലെ വിജയങ്ങളും ഇംഗ്ലണ്ടിനെ അട്ടിമറിച്ച പ്രകടനം ആകസ്മികം ആയിരുന്നില്ലെന്ന് വ്യക്തമാക്കുകയായിരുന്നു. തങ്ങളുടെ മുന്നിലുള്ളത് മെസ്സിയും അർജൻറീനയും ആണെന്ന് ചിന്തിക്കാത്ത മട്ടിലായിരുന്നു അവരുടെ ഓരോ കടന്നുകയറ്റവും. വിത്ഡ്രോയിങ് രീതിയനുസരിച്ചു മൂന്നു പേർ മെസ്സിക്ക് കാവലായി ആ മാന്ത്രിക കാലുകളുടെ ചലനങ്ങൾ നിയന്ത്രിച്ചു. ഈ അവസ്ഥ മനസ്സിലാക്കി മെസയോ ഡിമരിയയോ ലൂകാസ് ബിഗ്ലിയയോ മധ്യനിരയുടെ ചുമതല ഏറ്റെടുത്ത് പന്തുകൾ എത്തിച്ചിരുന്നുവെങ്കിൽ ഐസ്ലൻഡുകാരുടെ തന്ത്രം വിഫലമാവുമായിരുന്നു. ഇതിനിടയിൽ മെസ്സി സമ്മർദത്തിലെടുത്ത പെനാൽറ്റിയും പാഴായി.
ആദ്യമത്സരം സമനിലയിൽ ആയതുകൊണ്ട് മാത്രം അർജൻറീനയെ പോലൊരു പരിചയസമ്പന്നരായ ടീമിനെ എഴുതിത്തള്ളാനാവില്ല. ആദ്യമത്സരം പരാജയപ്പെട്ട സ്പെയിനും ജർമനിയും അടക്കമുള്ളവർ കപ്പുനേടിയ ചരിത്രം നമ്മുടെ മുന്നിലുണ്ട്. ഒരു മാറ്റം ടീം നിരയിലും ഘടനയിലും പ്രകടനത്തിലും വേണ്ടിയിരിക്കുന്നു. കാരണം ക്രൊയേഷ്യയുടെയും പരാജയപ്പെട്ടുവെങ്കിലും നൈജീരിയയുടെയും ഗതിവേഗത്തിെൻറ കളി നാം കണ്ടതാണ്. അതിനൊപ്പം എത്തണമെങ്കിൽ ഇന്നത്തെ സ്ലോ മോഷൻ ഫുട്ബാൾ മതിയാവില്ല.
ഫ്രാൻസ് ഇനിയും ഉയരണം
ജയിച്ചുവെങ്കിലും നിരാശപ്പെടുത്തിയത് ഫ്രാൻസിെൻറ പ്രകടനമാണ്. കളി ഹൈടെക് ആയിരുന്നില്ലെങ്കിൽ അവർക്ക് സമനിലക്ക് അപ്പുറം പോകാൻ കഴിയുമായിരുന്നില്ല. അേൻറായിൻ ഗ്രീസ്മാനും കെയ്ലിയൻ എംബാപെയും ഒസ്മാനെ ഡെംബലെയും അടങ്ങിയ മുന്നേറ്റനിരക്ക് ഒത്തിണക്കം കണ്ടെത്തുവാൻ കഴിഞ്ഞില്ല. ഒടുവിൽ പകരക്കാരായി നബീൽ ഫെക്കിറും ഒലിവർ ജിറൂദും എത്തിയപ്പോഴേ പോൾ പോഗ്ബക്ക് അകലെ നിന്നുള്ള ഒരു ഷോട്ടിലൂടെ അവരുടെ വിജയ ഗോൾ നേടാനുള്ള പിന്തുണ ലഭിച്ചുള്ളൂ.
മികച്ച പ്രതിരോധവും മധ്യനിരയും ആയിരുന്നു ആസ്ട്രേലിയയുടേത്. ഒപ്പം മാത്യു റിയാെൻറ വിശ്വസ്തമായ കീപ്പിങ്ങും. തുടർച്ചയായ നാലാം ലോകകപ്പിലും ഗോൾ എന്ന ടിം കാഹിലിെൻറ മോഹം വിഫലമായി. പെലെക്കുംഊവ് സീലർക്കും മിറോസ്ലാവ് േക്ലാസെകും ക്രിസ്റ്റ്യാനോ റൊണാൾഡോക്കും ഒപ്പമെത്താൻ കാഹിലിന് ഇനിയും കാത്തിരിക്കണം.
● ● ●
ലാറ്റിനമേരിക്കൻ ഫുട്ബാളിെൻറ ചാരുതയോടെ കളിച്ചിട്ടും പെറുവിന് ഡെന്മാർക്കിനോട് കീഴടങ്ങേണ്ടിവന്നത് ഗോൾകീപ്പർ കാസ്പർ ഷ്മൈക്കലിെൻറ അസാധാരണമായ ഗോൾകീപ്പിങ് മികവ് തന്നെയായിരുന്നു. ആന്ദ്രേ കറീലെയുടെയും ജെഫേഴ്സൺ ഫർഫാെൻറയും ഗോളുറപ്പിച്ച പന്തുകളായിരുന്നു പ്രശസ്തനായ പീറ്റർ ഷ്മൈക്കലിെൻറ മകൻ കൈകളിൽ ഒതുക്കിയതും തട്ടി അകറ്റിയതും.
● ● ●
ആദ്യ മത്സരത്തിലെ വിജയം ആഘോഷിച്ച ക്രൊയേഷ്യക്കാർ തങ്ങളെ കണക്കിലെടുക്കേണ്ടവരാണെന്ന് വിളിച്ചറിയിക്കുന്ന പ്രകടനമാണ് കാഴ്ചെവച്ചത്. ഫുട്ബാൾ സൗന്ദര്യാത്മകം ആകുന്നത് മധ്യനിരയുടെ മികവിലൂടെ ആകണമെന്ന് ലൂക മോദ്രിച്ചും ഇവാൻ റാക്കിറ്റിച്ചും പെരസിച്ചും കാണിച്ചുതന്നു.
ഗതിവേഗം മാത്രമാണ് പന്തുകളി എന്ന് കരുതും വിധമായിരുന്നു ഗോൾഡൻ ഈഗിൾസിെൻറ മുന്നേറ്റങ്ങളൊക്കെ. സംഘടിതമായ മൂവുകളൊന്നും ഉണ്ടായിെല്ലന്നുമാത്രമല്ല അവരുടെ മധ്യനിര പാടെ നിഷ്ക്രിയമാവുകയും ചെയ്തു. ഒപ്പം പ്രബലമായ അവരുടെ പ്രതിരോധനിരയും പരാജയപ്പെട്ടു. അതാകട്ടെ ഏറ്റെബിയുടെ സെൽഫ് ഗോളിനും പെനാൽറ്റിക്കും വഴിെവച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.