ആഫ്രിക്കൻ കരുത്തർക്ക് ജപ്പാെൻറ സമനിലപ്പൂട്ട്
text_fieldsറഷ്യൻ ലോകകപ്പ് ഗ്രൂപ്പ് എച്ചിലെ ജപ്പാൻ-സെനഗൽ ആവേശപ്പോര് ഇരു ടീമുകളും രണ്ട് ഗോൾ വീതമടിച്ച് സമനിലയിൽ അവസാനിച്ചു. സാദിയോ മാനെ, മൂസാ വാഗു എന്നിവർ സെഗനലിന് വേണ്ടി വല കുലുക്കിയപ്പോൾ തകാഷി ഇനൂയിയും പകരക്കാരനായി ഇറങ്ങിയ കെയ്‌സുക്കി ഹോണ്ടയുമാണ് ഏഷ്യൻ പ്രതീക്ഷകളായ ജപ്പാന് വേണ്ടി ഗോൾ മടക്കിയത്.
ആദ്യ പകുതിയിൽ ഒാരോ ഗോളുകളടിച്ച് തുല്യത പാലിച്ച ഇരു ടീമുകളും രണ്ടാം പകുതിയിലും മത്സരിച്ച് കളിച്ച് ഒാരോ ഗോൾ വീതം നേടുകയായിരുന്നു. 71ാം മിനിറ്റിൽ മൂസ വാഗിെൻറ കൂറ്റനൊരു ഷോട്ടിലൂടെ 2-1 എന്ന ലീഡ് സ്വന്തമാക്കിയ സെനഗലിന് 79ാം മിനിറ്റിലാണ് ഹോണ്ടയിലൂടെ ജപാൻ മറുപടി നൽകിയത്. സെനഗൽ ഗോളിയുടെ പിഴവാണ് ഹോണ്ട ഗോളാക്കിയത്. പന്തിനായി മുന്നോട്ട് വന്ന ഗോളിയെ ജപ്പാൻ മുന്നേറ്റം ബോക്സിനകത്ത് കബളിപ്പിച്ച് കാര്യം സാധിക്കുകയായിരുന്നു.
12ാം മിനിറ്റിൽ സൂപ്പർതാരം സാദിയോ മാനെയുടെ ഗോളിൽ മുന്നിട്ട് നിന്ന സെനഗലിന് 32ാം മിനിറ്റിൽ ജപ്പാൻ തിരിച്ചടി നൽകിയിരുന്നു. അപ്രതീക്ഷിതമായി വഴങ്ങിയ ഗോളിന് ശേഷം ടീം കൂടുതൽ ഉണർന്ന് കളിക്കുകയായിരുന്നു. ബോക്സിനകത്ത് യൂഗോ നഗാമോേട്ടായും തകാശിയും ചേർന്ന് നടത്തിയ മികച്ച നീക്കങ്ങൾക്കൊടുവിൽ തകാശി ഇൻയുവാണ് ജപ്പാന് വേണ്ടി വലകുലുക്കിയത്. ജപ്പാെൻറ പ്രതിരോധത്തിെൻറയും ഗോളി കവാഷിമയുടെയും വീഴ്ച മുതലെടുത്തായിരുന്നു സെനഗലിെൻറ ഗോൾ. ജപ്പാൻ ഗോൾ മുഖത്ത് സെനഗല്‍ നിരന്തരം അപകടം വിതച്ചെങ്കിലും പന്ത് കൂടുതൽ നേരം കൈവശം വെച്ചത് ജപ്പാനായിരുന്നു.
ഏഷ്യൻ പ്രതിനിധിയായ ദക്ഷിണ കൊറിയ ക്വാർട്ടർ കാണാതെ പുറത്തുപോയതോടെ ജപ്പാനിലാണ് ഇനി പ്രതീക്ഷ. ആദ്യ മത്സരത്തിൽ പോളണ്ടിനെ പരാജയപ്പെടുത്തിയ കരുത്തിൽ സെനഗലും ലാറ്റിനമേരിക്കൻ ശക്തികളായ കൊളമ്പിയയെ 2-1ന് തറപറ്റിച്ച് ജപ്പാനും ഇന്ന് ജയിച്ചാൽ ക്വാർട്ടർ ഉറപ്പിക്കാമായിരുന്നു. സമനിലയിലായതോടെ ഗ്രൂപ്പ് എച്ചിൽ ഇരുവർക്കും നാല് വീതം പോയിൻറായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.