കപ്പിൽ കണ്ണുംനട്ട് ചെകുത്താന്മാർ
text_fieldsബെൽജിയം
ഫിഫ റാങ്കിങ്: 3
കോച്ച്: റോബർട്ടോ മാർട്ടിനസ്
ലോകകപ്പ് പങ്കാളിത്തം: 13
മികച്ച പ്രകടനം: നാലാംസ്ഥാനം (1986)
ഫുട്ബാൾ ലോകത്തിന് ഏറെ കടപ്പാടുള്ള രാജ്യമാണ് ബെൽജിയം. ലോകകപ്പ് ഫുട്ബാൾ എന്ന ആശയം യാഥാർഥ്യമാകാൻ ആദ്യകാലങ്ങളിൽ നെതർലൻഡിനും ഫ്രാൻസിനും ഒപ്പം തോളോടുതോൾ ചേർന്നുനിൽക്കാൻ അവരുണ്ടായിരുന്നു. 1865ൽ അസോസിയേഷൻ ഫുട്ബാളിന് അംഗീകാരം നൽകി പ്രവർത്തനം തുടങ്ങി. 1920ലെ ആൻറ്വെർപ് ഒളിമ്പിക്സിൽ ഫുട്ബാൾ സ്വർണമണിഞ്ഞ് അവർ തങ്ങളുടെ മേധാവിത്വം തെളിയിച്ചു. റഗ്ബി ജനകീയ വിനോദമായിരുന്ന ബെൽജിയത്തിൽ ആദ്യമായി ഒരു തുകൽപ്പന്തുകൊണ്ടുവന്നത് ജോസഫിറ്റ് കോളജിൽ ഉന്നതപഠനത്തിെനത്തിയ ഐറിഷുകാരനായ ഒരു വിദ്യാർഥിയായിരുന്നു. 1863 ഒക്ടോബർ 26ന് ഇൗ നാട്ടിൽ ആദ്യമായി തുകൽപ്പന്ത് ഉരുണ്ട നാട്ടിൽ രണ്ടുകൊല്ലം കൊണ്ട് ഫുട്ബാൾ ഒന്നാംനമ്പർ വിനോദമായി മാറി. ലോക ഫുട്ബാൾ അംഗീകൃത അസോസിയേഷെൻറ രൂപവത്കരണത്തിന് കാരണമാവുകയും ചെയ്തു. അതിനുശേഷം പിന്തിരിഞ്ഞു നോക്കേണ്ടിവന്നിട്ടില്ല. 1972ലെ യൂറോപ്യൻ ചാമ്പ്യൻഷിപ്പിലെ മൂന്നാംസ്ഥാനവും 80ലെ റണ്ണർഅപ്പും 1986 ലോകകപ്പിലെ നാലാം സ്ഥാനവുമാണ് മികച്ച നേട്ടങ്ങൾ. നിലവിൽ ലോക റാങ്കിങ്ങിൽ മൂന്നാംസ്ഥാനക്കാരുമാണ് ബെൽജിയം.
എൻസോ ഷിഫോ എന്ന ഒരു കളിക്കാരെൻറ പേരിലായിരുന്നു ’80കളിൽ റെഡ് ഡെവിൾസ് ടീം അറിയപ്പെട്ടത്. കാലംമാറിയപ്പോൾ ഗതിവേഗത്തിെൻറ ഫുട്ബാൾ വക്താക്കളായി. അത്യാകർഷകമായ കാൽപ്പന്ത് കളിക്കുന്ന യുവനിരയുടെ ശരാശരി പ്രായം 25 ആണ്. കഴിഞ്ഞ ലോകകപ്പിലും യൂറോ കപ്പിലും കിരീട ഫേവറിറ്റുകളായാണ് ബെൽജിയമെത്തിയത്. എന്നാൽ, ലോകകപ്പ് ക്വാർട്ടറിൽ അർജൻറീനയോട് കീഴടങ്ങി. യൂറോ കപ്പിൽ വെയിൽസിനോട് നേരിട്ട ആകസ്മിക പരാജയം (3-1) ടീമിെൻറ പൊളിച്ചെഴുത്തിന് വഴിയൊരുക്കി. പ്രീമിയർ ലീഗിലെ പരിചയസമ്പന്നനായ റോബർട്ടോ മാർട്ടിനസ് കോച്ചും മുൻ ഫ്രഞ്ച് ഇതിഹാസതാരം തിയറി ഒൻറീ സഹായിയും ആയതോടെ ബെൽജിയത്തിെൻറ മുഖച്ഛായ മാറി. മുെമ്പാരിക്കലുമില്ലാത്ത കെട്ടുറപ്പുമായാണ് അവർ യോഗ്യത മത്സരങ്ങൾക്ക് അണിനിരന്നത്. ഗ്രീസ്, ബോസ്നിയ, ഹെർസെഗോവിന, എസ്റ്റോണിയാ, സൈപ്രസ്, ജിബ്രാൾട്ടർ എന്നിവർക്കൊപ്പം യൂറോ ഗ്രൂപ് ‘എച്ച്’ ലായിരുന്നു ഇടം. ഒമ്പതു മത്സരങ്ങളിലെ അനായാസ ജയങ്ങളും ഒരു സമനിലയുമായി ആദ്യമേ റഷ്യയിലേക്ക് ടിക്കറ്റുറപ്പിച്ചു. 43 ഗോളുമായി ജർമനിക്കൊപ്പം റെക്കോഡും പങ്കിട്ടു. ഗോൾവലക്കു മുന്നിൽ തിബോ കർട്ടുവയുടെ കൈകൾ പത്തുമത്സരങ്ങളിൽ മൂന്നുതവണ മാത്രമേ ചോർന്നുള്ളൂവെന്നത് ആത്മവിശ്വാസം ഇരട്ടിയാക്കുന്നു.
ഇംഗ്ലീഷ് കരുത്ത്
ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ പരിചയസമ്പത്താണ് ബെൽജിയത്തിെൻറ മുതൽക്കൂട്ട്. റഷ്യയിലെത്തുന്ന ഏറ്റവും സന്തുലിതമായ ടീമുകളിൽ ഒന്നാണവരുടേത്. വലകാക്കുന്ന തിബോ കർട്ടുവ മുതൽ ഗോൾ രാജാക്കന്മാരായ ഹസാഡ്, കെവിൻ ഡി.ബ്രുയിൻ, ലുകാക്കു എന്നിവരൊക്കെ ദൃഢമായ ഒരു കണ്ണിയുടെ ഭാഗമാണ്. ശക്തമായ പ്രതിരോധ-മധ്യനിരയും അവർക്കുണ്ട്. തോബി ആൽഡർവയറൽഡ്, തോമസ് വെർമലൻ, യാൻ വെർട്ടോങ്ങാൻ, ജോർദാൻ ലുകാക്കു, തോമസ് മ്യൂണിയർ, വിൻസൻറ് കംപനി എന്നിവരടങ്ങുന്ന പ്രതിരോധനിര ലോകോത്തരം. മധ്യനിരയിൽ മൗറെയ്ൻ ഫെല്ലെയ്നി, മൗസ ഡെംബലെ, അദ്നാൻ യാനുസജ് എന്നിവരുടെ സാന്നിധ്യവുമുണ്ട്. ലോകകപ്പ് ഗ്രൂപ് റൗണ്ടിൽ പുതുമുഖങ്ങളായ പാനമയും മുൻ ലോകജേതാക്കളായ ഇംഗ്ലണ്ടും ആഫ്രിക്കൻ ടീമായ തുണീഷ്യയുമാണ്. ഇംഗ്ലണ്ട് ഒഴികെ മറ്റു രണ്ടു ടീമുകളിൽനിന്ന് കാര്യമായ എതിർപ്പു നേരിടാനും സാധ്യതയില്ല.
പ്രവചനം: ഗ്രൂപ് വിജയികളായി അടുത്ത റൗണ്ടിൽ ഉണ്ടാകും
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.