2022 ലോകകപ്പ് നടത്തിപ്പ്: ഇനി ചർച്ചക്ക് പ്രാധാന്യമില്ലെന്ന് ഖത്തർ
text_fieldsദോഹ: ഖത്തറിൽ നിന്നും ലോകകപ്പ് ഫുട്ബോൾ ടൂർണമെൻറ് എടുത്തുമാറ്റുന്നതുമായി ബന്ധപ്പെട്ട പ്രസ്താവനക്കെതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് ഖത്തർ രംഗത്ത്. ഖത്തറിലെ ലോകകപ്പ് നടത്തിപ്പിൽ ഇനി ചർച്ചയില്ലെന്ന് ഖത്തർ പ്രതികരിച്ചു. ഖത്തറിനെതിരായ നിയമവിരുദ്ധമായ ഉപരോധം കേവലം അസൂയയുടെ പുറത്തുള്ളതാണെന്ന് ഗവൺമെൻറ് കമ്മ്യൂണിക്കേഷൻ ഓഫീസ് ഡയറക്ടർ ശൈഖ് സൈഫ് ബിൻ അഹ്മദ് ബിൻ സൈഫ് ആൽഥാനി പറഞ്ഞു. 2022ലെ ഫിഫ ലോകകപ്പും നിലവിലെ ഖത്തറിനെതിരായ അന്യായമായ ഉപരോധവും കൂട്ടിക്കുഴക്കുന്നതിനുള്ള ശ്രമം നിരാശയിൽ നിന്നും ഉടലെടുത്തതാണെന്നും ഖത്തറിനെതിരായ മാനുഷിക വിരുദ്ധമായ ഉപരോധം നീതീകരിക്കുന്നതിൽ അവർ പരാജയപ്പെട്ടുവെന്നും അദ്ദേഹം വ്യക്തമാക്കി. ഖത്തറിനെതിരായ ഉപരോധത്തെ നീതീകരിക്കുന്നതിന് ആവശ്യമായ ഒരു കാരണവും അവർക്ക് നിരത്താൻ സാധിച്ചിട്ടില്ലെന്നും ചൂണ്ടിക്കാട്ടി.
ലോകകപ്പ് ഖത്തറിൽ നിന്നും എടുത്തുമാറ്റണമെന്ന ആവശ്യം തങ്ങളുടെ സ്വാതന്ത്ര്യത്തെ തുരങ്കം വെക്കുന്നതിനുള്ള ശ്രമങ്ങളാണ്. ഫിഫ ലോകകപ്പ് തങ്ങളുടെ പരമാധികാരത്തിെൻറ പരിധിയിൽ പെടുന്നതാണെന്നും അതിൽ ചർച്ചക്ക് പ്രാധാന്യമില്ലെന്നും ശൈഖ് സൈഫ് അഹ്മദ് സൈഫ് ആൽഥാനി തുറന്നടിച്ചു. 2022ലെ ലോകകപ്പ് ഫുട്ബോളിന് മിഡിലീസ്റ്റിൽ ഖത്തർ തന്നെ ആതിഥ്യമരുളുമെന്ന് വ്യക്തമാക്കിയ അദ്ദേഹം, ലോകകപ്പ് ചാമ്പ്യൻഷിപ്പിെൻറ പ്രയോജനങ്ങളും ഗുണങ്ങളും ഖത്തറിലും മിഡിലീസ്റ്റിലുമുടനീളം പ്രകടമാകുമെന്നും ശുഭപ്രതീക്ഷ പ്രകടിപ്പിച്ചു. 2022ലെ ലോകകപ്പ് ഫുട്ബോളിന് ഖത്തർ തന്നെ ആതിഥ്യം വഹിക്കുമെന്ന് വ്യക്തമാക്കിക്കൊണ്ട് ഫിഫ പ്രസിഡൻറ് ജിയോവാനി ഇൻഫൻറീനോ തന്നെ മുമ്പ് രംഗത്തെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.