2017 ജൂലൈയിൽ കളിക്കിടെ വീണ് അബോധാവസ്ഥയിലായ നൂരി ബോധം വീണ്ടെടുത്തു
text_fieldsആംസ്റ്റർഡാം: നീണ്ട ഉറക്കംവിട്ട് അബ്ദുൽഹഖ് നൂരി ഉണരുന്നു. രണ്ട് വർഷവും ഒമ്പത് മാസവുമായി എല്ലാം മറന്ന് ഉറക്കമായിരുന്നു അവൻ. നെതർലൻഡ്സിെൻറയും അയാക്സിെൻറയും ഫുട്ബാളിലെ ഭാവിതാരം എന്ന് വിശേഷിപ്പിച്ച അത്ഭുതബാലൻ 2017 ജൂലൈയിലായിരുന്നു കളിക്കിടെ വീണത്.
അയാക്സും വെർഡർബ്രമനും തമ്മിലെ പ്രീ സീസൺ മത്സരത്തിനിടയിൽ കുഴഞ്ഞുവീണ 19കാരന് ഹൃദയാഘാതവും മസ്തിഷ്കാഘാതവും സംഭവിച്ചു. പ്രഥമ ചികിത്സക്ക് ശേഷം ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും കൈവിട്ടുപോയിരുന്നു. ബോധംമറഞ്ഞതോടെ ആശുപ്രതി അധികൃതർ ബ്രെയ്ൻ ഡാമേജ് എന്ന് വിധിയെഴുതി. ഇനിയൊരുമടക്കമുണ്ടാവില്ലെന്നും ഉറപ്പിച്ചു. പക്ഷേ, ജീവെൻറ തുടിപ്പുകളുമായി ആശുപത്രിയിലും വീട്ടിലുമായി പ്രിയപ്പെട്ടവരുടെ പരിചരണയിലായിരുന്നു നൂരി. അയാക്സിലെ കളിക്കൂട്ടുകാരായ ഫെറങ്കി ഡി യോങ്, ഡോണി വാൻ ഡി ബീക്, ജസ്റ്റിൻ ക്ലുയ്വർട്, അമിൻ യൂനുസ് തുടങ്ങിയവരെല്ലാം അവനൊപ്പം നിന്നു.
ഈ വർഷാദ്യം ആശുപത്രിയിൽ നിന്നും വീട്ടിലേക്ക് മടങ്ങിയ നൂരി വൈദ്യശാസ്ത്രത്തെയും വിസ്മയിപ്പിച്ചാണ് കഴിഞ്ഞ ദിവസം ബോധംവീണ്ടെടുത്ത് ജീവിതത്തിലേക്കുള്ള തിരിച്ചുവരവ് പ്രഖ്യാപിച്ചത്. സഹോദരൻ അബ്ദുർറഹിമാണ് നൂരി ബോധംവീണ്ടെടുത്ത വാർത്ത പുറത്തുവിട്ടത്. ‘നീണ്ട ഉറക്കം വിട്ടെഴുന്നേറ്റ നൂരി ഭക്ഷണം കഴിക്കുകയും, കണ്ണുകളും നെറ്റിയും ഉപയോഗിച്ച് ആശയവിനിമയം നടത്തുകയും ചെയ്യുന്നുണ്ട്. കിടപ്പുമുറിയിൽ എല്ലാവർക്കുമൊപ്പും ടി.വിയിൽ ഫുട്ബാൾ കാണുേമ്പാൾ ആസ്വദിക്കുകയും ചെയ്യുന്നു’ -അബ്ദുർറഹിം പറയുന്നു.
ഫുട്ബാൾ കളത്തിലേക്ക് ഇനിയൊരു തിരിച്ചുവരവില്ലെങ്കിലും അവനെ ജീവിതത്തിലേക്ക് കൊണ്ടുവരുമെന്നുള്ള തീരുമാനത്തിലാണ് കുടുംബവും സുഹൃത്തുക്കളും. ‘ഞങ്ങൾക്കാവുന്നത് അവനായി ചെയ്യും. ഏറ്റവും മികച്ച ചികിത്സതന്നെ തുടരും’ -നൂരിയുടെ പിതാവ് മുഹമ്മദ് പറയുന്നു.
പ്രകാശംപരത്തുന്ന നൂരി
പേര് പോലെ പ്രകാശംപരത്തുന്ന വ്യക്തിത്വമായിരുന്നു നൂരി. 2005ൽ അയാക്സ് യൂത്ത് ടീമിലെത്തുേമ്പാൾ ഒമ്പതാം വയസ്സ് . 2012 മുതൽ നെതർലൻഡ്സിെൻറ വിവിധ പ്രായവിഭാഗങ്ങളിൽ മധ്യനിരയിൽ അവൻ സ്ഥിര സാന്നിധ്യമായി. 2014ൽ ഗാർഡിയൻ യൂറോപ്പിലെ മികച്ച 40 യുവതാരങ്ങളുടെ പട്ടിക തയാറാക്കിയപ്പോൾ അവരിൽ ഒരാളായി മൊറോക്കൻ വംശജനായ ഡച്ചുകാരനെയും എണ്ണി. 2015ൽ അയാക്സ് രണ്ടാം ഡിവിഷൻ ടീമിൽ കളിച്ച നൂരി വൈകാതെ സീനിയർ ടീമിെൻറയും ഭാഗമായി. എറിക് ടെൻ ഹാഗിെൻറ ടീമിൽ 34ാം നമ്പർ ജഴ്സി ചോദിച്ചുവാങ്ങുേമ്പാൾ ഏറെ സ്വപ്നവുമുണ്ടായിരുന്നു. 2014ന് ശേഷം അയാക്സ് 34ാം ദേശീയ ലീഗ് കിരീടം വാങ്ങുേമ്പാൾ ആ ടീമിൽ 34ാം നമ്പർ കുപ്പായത്തിലുണ്ടാവണമെന്നായിരുന്നു സ്വപ്നം. പക്ഷേ, സീസൺ ഒരുക്കത്തിനിടയിലെ വീഴ്ചയിൽ എല്ലാം തകർന്നു.
ഫുട്ബാളും ജീവിതവും കൈവിട്ട് നൂരി കിടക്കയിലായപ്പോൾ കൂട്ടുകാർ അവെൻറ സ്വപ്നം നിറവേറ്റി. 2018-19 സീസണിൽ അയാക്സ് ലീഗ് ജേതാക്കളായപ്പോൾ കിരീടമേറ്റുവാങ്ങാൻ 34ാം നമ്പർ കുപ്പായവും നൂരിയുടെ ചിത്രവുമായി ടീം അവർ പിതാവ് മുഹമ്മദിനെയും സഹോദരൻ അബ്ദുറഹിമിനെയും ക്ഷണിച്ചു. ക്രൈഫ് അറീനയിൽ ആരാധകരുടെ ആരവങ്ങൾക്കുമധ്യേ ടീം അംഗങ്ങൾക്കൊപ്പം ഇരുവരുമെത്തി. അയാക്സിലെ സഹതാരങ്ങളായ ക്ലുയ്വർട്ടും അമിൻയൂസുഫും, ഫിലിപ് സാൻഡ്ലറും, കെവിൻ ഡിക്സുമെല്ലാം പുതിയ ക്ലബിലേക്ക് കൂടുമാറിയപ്പോൾ നൂരിയുടെ 34ാം നമ്പർ ചോദിച്ചുവാങ്ങി. എസ്. റോമക്കായി ക്ലുയ്വർട്ട് ചാമ്പ്യൻസ് ലീഗിൽ ഗോളടിച്ചപ്പോൾ മൈതാനമധ്യത്തിൽ ഉയർത്തികാട്ടിയതും നൂരിയുടെ പേരും ജഴ്സിയുമായിരുന്നു. ബാഴ്സലോണ താരം ഒസ്മാൻ ഡെംബലെ ബൂട്ടിൽ പ്രിയകൂട്ടുകാരെൻറ പേരെഴുതി സ്നേഹം പ്രകടിപ്പിക്കുന്നു. പുതിയ ക്ലബുകളിൽ നിന്ന് അന്വേഷണം വന്നപ്പോൾ ബാഴ്സലോണ തിരഞ്ഞെടുക്കാൻ ഉപദേശിച്ച കൂട്ടുകാരൻ എന്നാണ് ഡി യോങ് ഓർമിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.