കോപ അമേരിക്ക: കൊളംബിയക്ക് രണ്ട് ഗോൾ ജയം; നിറംമങ്ങി മെസ്സി
text_fieldsസാൽവഡോർ: കപ്പും സ്വപ്നംകണ്ടുവന്ന അർജൻറീനയെ നിലംതൊടാതെ പറത്തി കൊളംബിയൻ പടയോട്ടം. കോപ അമേരിക്ക ഫുട്ബാൾ ചാമ്പ്യൻഷിപ്പിലെ സൂപ്പർ പോരാട്ടത്തിൽ മറുപടിയില്ലാത്ത രണ്ടു ഗോളിനാണ് കൊളംബിയ അർജൻറീനയെ മുക്കിയത്. ഗോ ൾരഹിതമായ ഒന്നാം പകുതിക്കുശേഷം, റോജർ മാർടിനസും (71ാം മിനിറ്റ്) ഡുവാൻ സപാറ്റയുമാണ് (86) സ്കോർ ചെയ്തത്. പകരക് കാരായെത്തിയാണ് ഇരുവരും വിജയശിൽപികളായത്. 20 വർഷത്തെ കാത്തിരിപ്പിനൊടുവിലായിരുന്നു കോപ അമേരിക്കയിൽ അർജൻറീനക്കെതിരെ കൊളംബിയൻ വിജയം.
തുടർച്ചയായി രണ്ടു കോപയിലും ഫൈനലിലെത്തിയവരെന്ന നിലയിൽ തുടങ്ങിയ അർജൻറീനക്ക് പക്ഷേ, തൊട്ടതെല്ലാം പിഴച്ചു. ലയണൽ മെസ്സി-സെർജിയോ അഗ്യൂറോ-എയ്ഞ്ചൽ ഡി മരിയ ചേരുവ ചേരുംപടിചേർന്നില്ല. പ്രതിരോധത്തിൽ ജെർമൻ പെസല്ലേയും മധ്യനിരയിൽ ലിയാൻഡ്രോ പരെഡസും കഠിനാധ്വാനം ചെയ്തതൊഴിച്ചാൽ കളിയുടെ കടിഞ്ഞാൺ കൊളംബിയൻ ബൂട്ടിലായിരുന്നു. ഒന്നാം പകുതിയിൽ മെസ്സി പന്തിൽ തൊടാൻപോലുമാവാതെ വട്ടംചുറ്റി. യെറി മിന, ഡേവിൻസൺ സാഞ്ചസ്, വില്യം ടെസില്ലോ എന്നിവർ നയിച്ച കൊളംബിയൻ പ്രതിരോധക്കോട്ടക്കു മുന്നിൽ മെസ്സിയും അഗ്യൂറോയും തളർന്നു. ഗോളി ഡേവിഡ് ഒസ്പിനയും മിന്നും ഫോമിലായിരുന്നു. ആദ്യ പകുതിയിൽ ഗോളിലേക്കു കുതിച്ച അഗ്യൂറോയിൽനിന്നു പന്ത് റാഞ്ചാനായി ബോക്സിനു പുറത്തേക്ക് ആയോധനകലാകാരനെപ്പോലെ പറന്ന് കാണികളെ വിസ്മയിപ്പിച്ചു.
ഹാമിഷ് റോഡ്രിഗസ്, റഡമൽ ഫൽകാവോ, യുവാൻ ക്വഡ്രാഡോ ത്രിമൂർത്തികളിലൂടെയായിരുന്നു കൊളംബിയൻ അറ്റാക്ക്. കെട്ടുപൊട്ടിയ അർജൻറീന പ്രതിരോധത്തിൽ ഇത് ആശങ്ക തീർത്തു. ഗോളി ഫ്രാേങ്കാ അർമാനിയും നിറംമങ്ങി. നികോളസ് ഒടമെൻഡി, ടഗ്ലിഫിയാകോ, പെസല്ല സംഘം റോഡ്രിഗസിനെയും ക്വഡ്രാഡോയെയും വളഞ്ഞുവെച്ചതോടെയാണ് ഒന്നാം പകുതിയിൽ വലകുലുങ്ങാതെ നിന്നത്. 14ാം മിനിറ്റിൽ ലൂയിസ് മുറിൽ പരിക്കേറ്റതിനു പിന്നാലെ റോജർ മാർടിനസെത്തി. രണ്ടാം പകുതിയിലാണ് െമസ്സി കളംനിറയാൻ ആരംഭിച്ചത്. ഒറ്റക്കും അല്ലാതെയും താരം പന്തുമായി കുതിച്ച് കൊളംബിയ ബോക്സ് സമ്മർദത്തിലാക്കി. എന്നാൽ, ഇതിനിടെ 71ാം മിനിറ്റിൽ റോഡ്രിഗസ് നൽകിയ പാസ് റോജർ ബോക്സിന് മൂലയിൽനിന്നും ലോങ്റേഞ്ചറിലൂടെ വലയിലേക്ക് അടിച്ചുകയറ്റി. അർജൻറീന ഞെട്ടിയ നിമിഷം.
ഗോളിെൻറ ഷോക്കിൽനിന്നു മെസ്സിപ്പട മുക്തമാവുംമുേമ്പ അടുത്തതും പിറന്നു. 86ാം മിനിറ്റിൽ ഇടതുവിങ്ങിൽനിന്നു െജഫേഴ്സൺ നൽകിയ ഗോൾലൈൻ ക്രോസിന് കാൽവെച്ച സപാറ്റ പന്ത് വലയിലേക്കു തിരിച്ചു. ഫൽകാവോക്കു പകരക്കാരനായി കളത്തിലെത്തി അഞ്ചു മിനിറ്റിനുള്ളിലായിരുന്നു ഗോൾ. ഗ്രൂപ് ‘എ’യിലെ വെനിസ്വേല-പെറു മത്സരം ഗോൾരഹിത സമനിലയിൽ പിരിഞ്ഞു. ആദ്യ മത്സരത്തിെൻറ പിരിമുറുക്കം ടീമിനുണ്ടായിരുന്നു. എന്നാൽ, കൊളംബിയ രണ്ടു പകുതിയിലും നന്നായി കളിച്ച് അവസരം സൃഷ്ടിച്ചു. അടുത്ത കളിയിൽ ഞങ്ങൾ തിരിച്ചെത്തും -മത്സരശേഷം മെസ്സി പറഞ്ഞു. വ്യാഴാഴ്ച രാവിലെ പരഗ്വേക്കെതിരെയാണ് അർജൻറീനയുടെ അടുത്ത മത്സരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.