അർജൻറീന പ്രാർഥിക്കുന്നു; ബ്രസീലേ, ജയിക്കണേ
text_fieldsമോണ്ടവിഡിയോ: നിൽക്കണോ പോണോ? റഷ്യൻ ലോകകപ്പിൽ അർജൻറീനയുടെ സാധ്യത ഏറക്കുറെ നാളെയറിയാം. പുലർച്ചെ അഞ്ചിന് നടക്കുന്ന മത്സരത്തിൽ എക്വഡോറിനോട് തോറ്റാൽ മെസ്സിക്കും കൂട്ടർക്കും വീട്ടിലിരുന്ന് ലോകകപ്പ് കാണേണ്ടിവരും. സമനിലയായാലും ജയിച്ചാലും കണക്കിലെ കളികൾ കാര്യങ്ങൾ തീരുമാനിക്കും. അതുകൊണ്ട് തന്നെ, അർജൻറീനയുടെയും മെസ്സിയുടെയും ആരാധകർ കൊണ്ടുപിടിച്ച പ്രാർഥനയിലാണ്. അർജൻറീനയുടെ ജയത്തിനുവേണ്ടി മാത്രമല്ല, ചിലിയെ നേരിടുന്ന നെയ്മറിെൻറ മഞ്ഞപ്പടയുടെ ജയത്തിനു വേണ്ടിയും.
കൃത്യം രണ്ടു വർഷം മുമ്പ് സ്വന്തം നാട്ടുകാർക്കു മുന്നിൽ എക്വഡോറിനോട് തോറ്റതിെൻറ ഞെട്ടലുണ്ട് അർജൻറീനക്ക്. മാത്രമല്ല, കഴിഞ്ഞ നാലു യോഗ്യത മത്സരങ്ങളിലായി ഒരു ഗോളാണ് അർജൻറീനക്കാർ വലയിലാക്കിയത്. ഇതിൽ മൂന്നു മത്സരങ്ങൾ സമനിലയിൽ പിരിഞ്ഞപ്പോൾ ബൊളീവിയയോട് തോൽക്കുകയും ചെയ്തു. അർജൻറീനക്ക് പുറമെ ചിലി, കൊളംബിയ, പെറു, പരഗ്വേ ടീമുകളും യോഗ്യത തേടി ഇന്ന് കളത്തിലിറങ്ങുന്നുണ്ട്.
സാധ്യതകൾ പലവിധം
തെക്കനമേരിക്കൻ യോഗ്യത മത്സരങ്ങളിൽനിന്ന് നാലു ടീമുകൾക്കാണ് യോഗ്യത ലഭിക്കുക. അഞ്ചാം സ്ഥാനത്തെത്തുന്ന ടീമിന് േപ്ല ഒാഫ് കളിച്ച് യോഗ്യത നേടാം. 38 പോയൻറുമായി ബ്രസീൽ യോഗ്യത നേടിക്കഴിഞ്ഞു. 28 േപായൻറും ഉയർന്ന ഗോൾ ശരാശരിയുമുള്ള ഉറുഗ്വായ്യും സുരക്ഷിതമാണ്. ബാക്കിയുള്ള മൂന്നു സ്ഥാനത്തിനുവേണ്ടി മത്സരിക്കുന്നത് ചിലി (26), കൊളംബിയ (26), പെറു (25), അർജൻറീന (25), പരഗ്വേ (24) എന്നീ ടീമുകൾ.
ജയിച്ചാൽ
ജയിച്ചാൽ അർജൻറീനക്ക് 28 പോയൻറാകും. ബ്രസീലുമായി കളിക്കുന്ന ചിലിയോ പെറുവുമായി കളിക്കുന്ന കൊളംബിയയോ തോൽക്കുകയോ സമനിലയാവുകയോ ചെയ്താൽ അവർ പരമാവധി 27 പോയൻറിൽ ഒതുങ്ങും. ഇതോടെ അർജൻറീനക്ക് നേരിട്ട് യോഗ്യത നേടാം. ചിലിയും കൊളംബിയയും ജയിക്കുകയാണെങ്കിൽ അർജൻറീന േപ്ല ഒാഫ് കളിച്ച് യോഗ്യത നേടേണ്ടിവരും.
സമനിലയായാൽ
സമനിലയായാൽ അർജൻറീനക്ക് 26 പോയൻറാകും. ഇൗ സാഹചര്യത്തിൽ ചിലിയും കൊളംബിയയും തോറ്റാലും ഗോൾ ശരാശരിയുടെ ബലത്തിൽ അർജൻറീനയെ പിന്തള്ളി അവർ യോഗ്യത നേടും. കൊളംബിയയെ തോൽപിക്കുകയോ സമനിലയിൽ തളക്കുകയോ ചെയ്യുന്ന പെറുവും യോഗ്യത നേടുന്നതോടെ അർജൻറീന പുറത്താകും. ദുർബലരായ വെനിേസ്വലയെ നേരിടുന്ന പരഗ്വേ കൂടി ജയിച്ചാൽ 27 പോയൻറുമായി അവരും കണക്കുപുസ്തകത്തിലേക്ക് ഇടം പിടിക്കും. അർജൻറീന സമനിലയിലാവുകയും പെറുവും പരഗ്വേയും തോൽക്കുകയും ചെയ്താലേ അർജൻറീനക്ക് പ്ലേഒാഫ് സാധ്യതയുണ്ടാവൂ. അതേസമയം, ഗോൾശരാശരിയിൽ പെറു അർജൻറീനക്കൊപ്പമാണ്.
തോറ്റാൽ
തോൽവിയിലും അർജൻറീനയെ കാത്ത് നേരിയ പ്രതീക്ഷയുണ്ട്. അർജൻറീനക്കും പെറുവിനും തുല്യ പോയൻറും തുല്യ ഗോൾ ശരാശരിയുമാണുള്ളത്. എന്നാൽ, ഗോൾ എണ്ണത്തിൽ മുന്നിൽ നിൽക്കുന്നതിനാലാണ് പെറു അഞ്ചാം സ്ഥാനത്ത് നിൽക്കുന്നത്. കൊളംബിയയോട് പെറു വലിയ ഗോൾ വ്യത്യാസത്തിൽ തോൽക്കുകയും പരഗ്വേ തോൽക്കുകയോ സമനിലയിലാവുകയോ ചെയ്താലും അർജൻറീനക്ക് അഞ്ചാം സ്ഥാനത്തെത്താൻ കഴിയും.
പോയൻറ് പട്ടിക (മത്സരം, വിജയം, സമനില, തോൽവി, ഗോൾ വ്യത്യാസം, പോയൻറ് എന്ന ക്രമത്തിൽ)
ബ്രസീൽ 17 11 05 01 27 38
ഉറുഗ്വായ് 17 08 04 05 10 28
ചിലി 17 08 02 07 02 26
കൊളംബിയ 17 07 05 05 02 26
പെറു 17 07 04 06 03 25
അർജൻറീന 17 06 07 04 01 25
പരഗ്വേ 17 07 03 07 05 24
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.