ദുരന്തം വന്നവഴി
text_fieldsഒരു കളിക്കാരൻ 21 മിനിറ്റു നേരം പന്ത് തൊടുന്നില്ല. അതെല്ലങ്കിൽ എതിർ ടീം അയാളെ അതിനു അനുവദിക്കുന്നില്ല. അക്കാര്യം ലോക മാധ്യമങ്ങൾ ഒന്നടങ്കം വിളിച്ചു പറയുന്നു. പകരക്കാരനായി ഈ ലോകം നാളെ കീഴടക്കാൻ തക്ക മികവുള്ള പ്രതിഭ ബെഞ്ചിലിരിക്കുന്നു. എന്നിട്ടും ആ പരിശീലകൻ പ്രതികരിക്കുന്നില്ല. തുടർന്ന്, എതിർ ടീം തിരമാലകൾപോലെ തെൻറ പ്രതിരോധനിര തകർത്ത് മുന്നേറുന്നു. എന്നിട്ടും ആ പരിശീലകൻ അനങ്ങിയതേയില്ല. ഇതായിരുന്നു വ്യാഴാഴ്ച രാത്രിയിൽ നിഷീനി നോവാഗ്രാഡിൽ അർജൻറീന-ക്രൊയേഷ്യ മത്സരത്തിൽ കണ്ടത്.
കഴിഞ്ഞ ദിവസം ബാധ്യതയായി തീർന്ന ഡി മരിയയെ മാറ്റിനിർത്തി അകുനോക്കു അവസരം നൽകിയാണ് സാംമ്പയോളി ക്രൊയേഷ്യക്ക് എതിരെ ടീമിനെ അണി നിരത്തിയത്. അത് ഫലപ്രദമെന്ന് തോന്നിക്കും വിധം സംഘടിതമായ മുന്നേറ്റങ്ങളോടെയായിരുന്നു തുടക്കം. മെസ്സിയുടെയും മെസയുടെയും അകുനോയുടെയും മുന്നേറ്റങ്ങൾ ക്രൊയേഷ്യൻ പിൻനിരയിൽ ചലനങ്ങൾ സൃഷ്ടിക്കുകയും ചെയ്തിരുന്നു. എന്നാൽ, ആ നീക്കങ്ങൾ ഗോളാക്കേണ്ടിയിരുന്ന ആളെ മാത്രം ആരും കണ്ടില്ല.
പേരുകേട്ട പ്രത്യാക്രമണ ശൈലിയാണ് ക്രൊയേഷ്യക്കാരുടേത്. പോരാത്തതിന് ക്ലബുകളിൽ മെസ്സിയെയും റൊണാൾഡോയെയും കൊണ്ട് ഗോളടിപ്പിക്കുന്ന റാക്കിടിച്ചും മോദ്രിച്ചും അവർക്കൊപ്പമുണ്ട്. അവരെ സമർഥമായി തടയാനുള്ള തന്ത്രമൊന്നും സാംമ്പയോളിയിൽ ഉണ്ടായില്ല. പ്രതിരോധം കാക്കാൻ ഒടമെൻടിക്ക് ഒപ്പം നിയോഗിച്ച മെർക്കാഡോക്ക് ഒരു ബുച്ചറുടെ മനോഭാവമായിരുന്നു. എത്രതവണ അയാൾ ഗതികെട്ട് റാക്കിടിച്ചിനെ പരിക്കേൽപിച്ചു. ആ അവസരങ്ങൾ ഒകെ റെബിച്ചും പെർസിച്ചും മോദ്രിച്ചും ശരിക്കു പയോഗിച്ചിരുെന്നങ്കിൽ വിഖ്യാതമായ അർജൻറീന ടെന്നിസ് സ്കോറിൽ പരാജയപ്പെടുമായിരുന്നു. റെബീച്ചിെൻറ ആദ്യ ഗോൾ ഒരു ഹൈ സ്കൂൾ ഗോളിയുടെ ലാഘവത്തോടെ പന്ത് കൈകാര്യം ചെയ്ത വില്ലി കബായെക്കുള്ള ശിക്ഷയായിരുന്നു. എത്ര അനായാസമായിരുന്നു അയാൾ ആ പന്ത് നേരെ റെബീച്ചിെൻറ ഉരുക്കു കാലിലേക്ക് എറിഞ്ഞുകൊടുത്തത്.
ഈ മത്സരങ്ങളിലെ മറ്റൊരു ക്ലാസിക് ഗോളായിരുന്നു മോദ്രിച്ചിെൻറ ബൂട്ടിൽ പിറന്നത്. അദ്ദേഹം പന്തുമായി മുന്നേറിയ രീതിയും ്കബായെയെ നിഷ്പ്രഭനാക്കിയ സ്കോറിങ് മികവും ക്രൊയേഷ്യയുടെ വിജയം പോലെ വിസ്മയമായി. ഒന്നാം പകുതിക്കുശേഷം ഒരേയൊരു ടീമേ രംഗത്തുണ്ടായിരുന്നുള്ളൂ. അത് ക്രൊയേഷ്യയായിരുന്നു. മെസ്സിയെ ആദ്യം മുതൽ തടഞ്ഞിട്ട ടോമോഗേവ് വീഡ അവസാനം പകരക്കാരനാെയത്തിയ ഡി ബാലയെയും അനങ്ങാൻ അനുവദിച്ചില്ല.
ഫുട്ബാൾ എന്നാൽ മെസ്സി മാത്രമെല്ലന്നും അതൊരു സംഘഗാനം തന്നെയെന്നും ക്രൊയേഷ്യക്കാർ ഇന്ന് തെളിയിച്ചത് അവരുടെ ടോട്ടൽ ഫുട്ബോൾ ശൈലിയായിരുന്നു. ഗോളി മുതൽ ഗോളടിക്കാൻ നിയമിക്കപ്പെട്ട ആൾ വരെ ഏകോപിച്ചു മുന്നേറിയപ്പോൾ മെസ്സിയുടെ അർജൻറീനക്ക് എതിരെ പോലും അവർക്കു അനായാസ വിജയം നേടാനായി. മറുവശത്തു സാംമ്പയോളിയുടെ വിശ്രുത ടീമിന് തൊട്ടതൊക്കെ പിഴക്കുകയും ഒത്തിണക്കം കടലാസിൽ മാത്രമാവുകയും ചെയ്തു. ചുരുക്കത്തിൽ ഒരു ടീം ആയിത്തീരാൻ കഴിയാതെപോയതാണ് അർജൻറീനക്കു നാണംകേട്ട തോൽവിക്ക് വഴിയൊരുക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.