എഫ്.എ കപ്പ്: സിറ്റിയെ വീഴ്ത്തി ആഴ്സനൽ ഫൈനലിൽ
text_fieldsലണ്ടൻ: ആഴ്സനൽ പഴയ പ്രതാപത്തിെൻറ മിന്നലാട്ടങ്ങൾ പകരുകയാണ്. നാലു ദിവസത്തിനിടെ രണ്ടു ചാമ്പ്യൻ ടീമുകൾക്കെതിരായ ജയത്തോടെ മൈക്കൽ ആർടേറ്റയിലൂടെ പീരങ്കിപ്പട പുനർജനിക്കുന്നു. നാലു ദിനം മുമ്പ് പ്രീമിയർ ലീഗ് ജേതാക്കളായ ലിവർപൂളിനെയാണെങ്കിൽ (2-1), ശനിയാഴ്ച രാത്രിയിൽ എഫ്.എ കപ്പ് സെമിയിൽ മാഞ്ചസ്റ്റർ സിറ്റിയെ തച്ചുടച്ചാണ് (2-0) ആഴ്സനലിെൻറ ജൈത്രയാത്ര. വെംബ്ലി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ പിയറി എംറിക് ഒബുമെയാങ്ങിെൻറ ഇരട്ട ഗോളിലായിരുന്നു ആഴ്സനൽ വിജയം. ആശാനും ശിഷ്യനും തമ്മിലെ പോരാട്ടമായാണ് ഇംഗ്ലീഷ് മാധ്യമങ്ങൾ സിറ്റി-ആഴ്സനൽ മത്സരത്തെ വിശേഷിപ്പിച്ചത്. സിറ്റിയിൽ പെപ് ഗ്വാർഡിയോളയുടെ സഹായിയായി നിൽക്കെയാണ് ആർടേറ്റ തെൻറ പഴയ ടീമിെൻറ പരിശീലകവേഷമേറ്റെടുക്കുന്നത്.
കളിയുടെ ആദ്യ പത്ത് മിനിറ്റ് സിറ്റിയുടെ മുന്നേറ്റത്തിൽ പ്രകമ്പനം കൊണ്ടു. ഗബ്രിയേൽ ജീസസ്, ഡിബ്രുയിൻ, സ്റ്റർലിങ്, ഡേവിഡ് സിൽവ, റിയാദ് മെഹ്റസ് താരപ്പട ആഴ്സനൽ പെനാൽറ്റി ബോക്സിനുള്ളിൽതന്നെ താവളമടിച്ചു. എന്നാൽ, ഡേവിഡ് ലൂയിസ്, ഷൊദ്റാൻ മുസ്തഫി, കീരൺ ടിയർനി പ്രതിരോധവും ഗോളി എമിലിയാനോ മാർടിനസും ഫോമിലേക്കുയർന്നതോടെ എതിരാളികളുടെ അടവുകളെല്ലാം പാഴായി. കൊടുങ്കാറ്റു വേഗത്തിൽ ആക്രമിക്കുന്ന സിറ്റി ശൈലിയെ പ്രതിരോധിച്ച് ആക്രമിക്കുന്നതായിരുന്നു ആർടേറ്റ രീതി.
അത് 19ാം മിനിറ്റിൽതന്നെ ഫലം കണ്ടു. സ്വന്തം ബോക്സിനുള്ളിൽനിന്നു തുടങ്ങിയ നീക്കം വിങ്ങിൽ നികോളസ് പെപെയിലൂടെ ഒബുമെയാങ്ങിെൻറ ടൈറ്റ് ആംഗിൾ ഫിനിഷിങ്ങിൽ ഗോൾ വലതൊടുേമ്പാഴേക്കും 18 പാസ് പൂർത്തിയായിരുന്നു. കളത്തിലുണ്ടായിരുന്ന 11 ആഴ്സനൽ താരങ്ങൾ അതിൽ സ്പർശിക്കുകയും ചെയ്തു. സിറ്റിയെ മാനസികമായി ഞെട്ടിക്കാൻ ശേഷിയുള്ളതായിരുന്നു ആ ടീം ഗോൾ. രണ്ടാം പകുതിയിലെ 71ാം മിനിറ്റിൽ മറ്റൊരു അതിവേഗ കൗണ്ടർ അറ്റാക്കിലൂടെ ഒബുമെയാങ് വീണ്ടും വലകുലുക്കി. മാഞ്ചസ്റ്റർ യുനൈറ്റഡ് -ചെൽസി രണ്ടാം സെമിയിലെ വിജയികളാവും ആഗസ്റ്റ് ഒന്നിന് നടക്കുന്ന ഫൈനലിൽ ആഴ്സനലിെൻറ എതിരാളികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.