ബാഴ്സലോണ: ബാഴ്സയുടെ കഷ്ടകാലം കുറിച്ച് അവസാന നിമിഷങ്ങളിലെ കളി കാണാൻ നിൽക്കാതെ ടി.വി ഒാഫ് ചെയ്ത് പോയി കിടന്നുറങ്ങിയവരോട് ഹാ..! കഷ്ടം എന്നല്ലാതെന്തു പറയാൻ... ഫുട്ബാളിലെ സമാനതകളില്ലാത്ത ചരിത്രം ഇതാ ബാഴ്സലോണ കുറിച്ചിരിക്കുന്നു. ആദ്യ പാദത്തിൽ 4-0ന് തോൽപിച്ച പി.എസ്.ജിയെ ന്യൂകാംപിെൻറ മണ്ണിലിട്ട് അവർ 6-1ന് ചതച്ചരച്ചു.
അസാധ്യം എന്ന് വിശ്വസിച്ച ആരാധക ലോകത്തെക്കൊണ്ടു േപാലും മൂക്കത്ത് വിരൽവെപ്പിച്ച വിജയം. ന്യൂകാംപിെൻറ മണ്ണിൽ ബാഴ്സ ചരിത്രമെഴുതുേമ്പാൾ മത്സരത്തിനുമുമ്പ് സുവാരസ് പറഞ്ഞത് സത്യമായി ‘അസാധ്യമായത് സാധ്യമാക്കിയാണ് ബാഴ്സ, ബാഴ്സയായത്’.
വിശേഷിപ്പിക്കാൻ വാക്കുകളില്ല ഇൗ തിരിച്ചുവരവിനെ. യുവേഫ പ്രീ ക്വാർട്ടറിൽ ആദ്യ പാദത്തിൽ ഒരു ടീം 4-0ന് തോൽവിയേറ്റുവാങ്ങുക. രണ്ടാം പാദത്തിൽ എവേ ഗോളിെൻറ ആനുകൂല്യം കിട്ടിയിട്ടും എതിർ ടീം തിരിച്ചടിച്ച് വിജയം നേടുക. അതും 88ാം മിനിറ്റുവരെ മൂന്ന് ഗോളിന് പിറകിൽ നിൽക്കവെ. അവസാനം 6-5ന് പ്രീക്വാർട്ടർ രണ്ടാം പാദം തിരിച്ചുപിടിച്ച് അദ്ഭുതം കാട്ടുന്നു. വിശ്വസിക്കാനാവാത്തത് സംഭവിച്ചതോടെ ലക്ഷത്തോളം നിറഞ്ഞുകവിഞ്ഞ കറ്റാലൻ ആരാധകർ ഒരുമിച്ച് ഉച്ചത്തിൽ വിളിച്ചുപറഞ്ഞു. ‘‘ സേ പോഡിമോസ്’’ (അതെ, നമുക്ക് കഴിയും).
തുടക്കം ഗംഭീരം
ഫെബ്രുവരി 14ന് പാരിസിലേക്ക് വിമാനം കയറിയ ബാഴ്സലോണയെ പി.എസ്.ജി നാണം കെടുത്തിയ ആ നാലുഗോളുകൾ നൂകാംപിൽ റഫറിയുടെ ആദ്യ വിസിലിന് കാത്തുനിൽക്കുേമ്പാൾ ബാഴ്സയുടെ 11 മനസ്സും വിങ്ങിനിന്നിരുന്നു. പ്രതിരോധിക്കാനായിരുന്നു പി.എസ്.ജിയുടെ പുറപ്പാടെന്ന് കോച്ച് ഉനയ് എംറി വിന്യസിച്ച ഫോർമേഷൻ വ്യക്തമാക്കി. ആദ്യ പാദത്തിലെ ഗോളടി വീരൻ ‘എയ്ഞ്ചൽ’ ഡി മരിയ ബെഞ്ചിൽ. മുന്നേറ്റക്കാരനായി കവാനി മാത്രം (4-5-1). പക്ഷേ, ഇക്കാര്യം മുന്നിൽകണ്ട ബാഴ്സ കോച്ച് ലൂയിസ് എൻറിെക്വ പാരിസിൽ കളിപ്പിച്ച ഫോർമേഷൻ (4-3-3) ഒന്നു മാറ്റിപ്പിടിച്ചു. സുവാരസും മെസ്സിയും മുന്നേറ്റത്തിൽ. ഇനിയേസ്റ്റയും റാകിടിച്ചും തൊട്ടുപിറകെ. ഇടതുവിങ്ങിൽ പന്തു ചലിപ്പിക്കാൻ നെയ്മറും വലതുവിങ്ങിൽ റഫീന്യയും. ഇവരെ പരസ്പരം കോർത്തിണക്കാൻ നടുവിൽ ബുസ്കറ്റ്സ്. കാവൽ ഭടന്മാരായി യുമിറ്റിറ്റിയും പിെക്വയും മഷരാനോയും (3-1-4-2). റഫറി വിസിൽ ഉൗതേണ്ട താമസം കറ്റാലൻ കൊടുങ്കാറ്റിെൻറ കെട്ടുപൊട്ടി. തലങ്ങും വിലങ്ങും അതിവേഗത്തിലുള്ള ആക്രമണം. എവിടെ തടയിടണം എന്നറിയാതെ പി.എസ്.ജി താരങ്ങൾ മൈതാനത്ത് ലക്ഷ്യബോധമില്ലാെത ചിതറി നടന്നു. പി.എസ്.ജിക്ക് പന്ത്തൊടാനായത് പേരിനുമാത്രമെന്ന് ആദ്യ പത്തുമിനിറ്റിനെ ചുരുക്കിപ്പറയാം.
ഗോൾ 1
സൂപ്പർ സുവാരസ് (2ാം മിനിറ്റ്)
കളി തുടങ്ങിയെങ്കിലും ചൂടുപിടിച്ചിരുന്നില്ല. ബാഴ്സലോണ പി.എസ്.ജിയുടെ പോസ്റ്റിനു മുന്നിൽ വട്ടമിട്ടു പറക്കുന്നനേരം. ഇനിയേസ്റ്റക്ക് ലഭിച്ച പന്ത് വലത് വിങ്ങിലുണ്ടായിരുന്ന റഫീന്യോക്ക് കൈമാറുന്നു. ഇടങ്കാലുെകാണ്ട് ഗോൾപോസ്റ്റിനുനേരെ തൊടുത്തുവിട്ടു. പി.എസ്.ജിയുെട പ്രതിരോധക്കാരൻ കുത്തിയകറ്റാൻ ശ്രമിച്ചപ്പോൾ പന്ത് പിന്നിലേക്ക് നീങ്ങി. നിലംതൊട്ട് ഉതിർന്നു പൊന്തിയ പന്ത് ഗോളിക്ക് മുമ്പിലുള്ള സുവാരസ് തലകൊണ്ട് മുകളിലേക്ക് ഉയർത്തിയതോടെ ഗോളി കെവിൻ ട്രാപ്പിെൻറ കൈകൾക്ക് പിടികൊടുക്കാതെ പന്ത് ഉള്ളിലേക്ക് നീങ്ങി. ബെൽജിയം താരം തോമസ് മൊനീഹിനെ ചാടിവീണ് പന്ത് പുറത്തേക്കടിച്ചെങ്കിലും ലൈൻ കടന്നിരുന്നു. തിരിച്ചുവരുമെന്നറിയിച്ച ബാഴ്സയുടെ ആദ്യ ഗോൾ.
ഗോൾ 2
ഇനിയേസ്റ്റ ടച്ച് (40ാം മിനിറ്റ്)
ആദ്യ പകുതി അവസാനിക്കുന്നതിന് മുമ്പ് നേടുന്ന ഗോളോടെയാണ് ബാഴ്സലോണക്ക് തിരിച്ചുവരവിെൻറ ആത്മവിശ്വാസം ലഭിക്കുന്നത്. ഫ്രഞ്ച് ഡിഫൻഡർ ലെയ്വിൻ കുർസവയുടെ സെൽഫ് ഗോളായിരുന്നെങ്കിലും പിന്നിൽ പ്രവർത്തിച്ച ഇനിയേസ്റ്റക്കാണ് ഫുൾമാർക്ക്. ഉയർന്നുെപാങ്ങിവന്ന പന്ത് പി.എസ്.ജി ബോക്സിനകത്ത് വരുതിയിലാക്കി മാർക്ക് ചെയ്തിരുന്ന മാർകിനോസിനെ കബളിപ്പിച്ച് ഇടങ്കാലുകൊണ്ട് ചെത്തിനൽകിയ അപകടകരമായ പാസ് ക്ലിയർ ചെയ്യുന്നതിൽ കുർസവക്ക് പിഴച്ചതോടെ പന്ത് വലയിലാവുകയായിരുന്നു.
ഗോൾ 3
പെനാൽറ്റി സ്പെഷലിസ്റ്റ് മെസ്സി (50ാം മിനിറ്റ്)
ആദ്യ പകുതി ഇടവേളയിൽ മാനേജർ എൻറിെക്വയുടെ വിലപ്പെട്ട തന്ത്രങ്ങൾ കേട്ട് കളത്തിലെത്തിയ ബാഴ്സലോണ വീണ്ടും ആക്രമണം കനപ്പിച്ചു. അധികം കഴിയുന്നതിനുമുമ്പ് പെനാൽറ്റിരൂപത്തിൽ ബാഴ്സക്ക് നിർണായക അവസരം ലഭിക്കുന്നു. ഇനിയേസ്റ്റ ബോക്സിനുള്ളിലേക്ക് നെയ്മറിനു നൽകിയ പാസിൽ പന്തുമായി കുതിക്കുന്നതിനിടെ തോമസ് മൊനീഹിനെ തട്ടിവീഴുകയായിരുന്നു. റഫറി പെനാൽറ്റി നൽകാതെ ഗോൾകിക്കിന് വിസിൽ ഉൗതിയതോടെ ബാഴ്സ താരങ്ങൾ അപ്പീലുമായി പാഞ്ഞടുത്തു. ഒടുവിൽ ലൈൻ റഫറിയോട് സഹായം തേടി. ലൈൻ റഫറി പെനാൽറ്റി കൊടുക്കേണ്ട ഫൗളാണെന്ന് വിധി എഴുതിയതോടെ ബാഴ്സക്ക് മൂന്നാം ഗോളിനുള്ള സുവർണാവസരം. െപനാൽറ്റി സ്പെഷലിസ്റ്റ് ലയണൽ െമസ്സിയുടെ ഉശിരൻ ഷോട്ട് വലയിൽ.
കാലനായി കവാനി
ബാഴ്സലോണ തിരിച്ചുവരുമെന്ന് ഗാലറിയും കളിക്കാരും ഉറപ്പിച്ച് വിശ്വസിച്ച നേരം. ഒരു ഗോൾ നേടിയാൽ സമനിലയായി കളി എക്സ്ട്രാടൈമിലേക്കും നീട്ടാൻ സാധ്യത മണത്തിരിക്കെ ബാഴ്സലോണക്ക് അപ്രതീക്ഷിത ഷോക്ക്. കൗണ്ടർ അറ്റാക്കിങ്ങിന് തക്കം പാർത്തിരുന്ന പി.എസ്.ജിക്ക് ലഭിച്ച അവസരം എഡിസൻ കവാനിയെന്ന ‘വിനാശകാരി’ തകർപ്പൻ വോളിയിലൂടെ ഗോളാക്കുകയായിരുന്നു. പന്ത് നൽകിയതാകെട്ട നേരത്തെ സെൽഫ് ഗോളിന് കാരണക്കാരനായ കുർസവയും. പ്രായശ്ചിത്തം ചെയ്യണെമന്ന വാശിയിൽ നൽകിയ പാസ് കവാനി ബാഴ്സലോണ ആരാധകരുടെ ഹൃദയം പിളർത്തി ഗോളാക്കി. ഗാലറി ഒന്നടങ്കം നിശ്ശബ്ദമായ നിമിഷം. ഹോം ഗ്രൗണ്ടിൽ വഴങ്ങുന്ന ഒരു േഗാളിന് രണ്ടെണ്ണം തിരിച്ചടിക്കണമെന്ന ബോധ്യമുള്ളതിനാൽ താരങ്ങളും തളർന്നു. പിന്നീട് ബാഴ്സയുടെ കളത്തിലെ വേഗവും കുറഞ്ഞു. ഇനി ജയം വേണമെങ്കിൽ പി.എസ്.ജിക്കെതിെര മൂന്നെണ്ണം കുടി അടിച്ചുകൂട്ടണം.
ഗോൾ 4, 5
നെയ്മറിലൂടെ പുതുജീവൻ
നിശ്ചിത സമയം അവസാനിക്കാൻ രണ്ടു മിനിറ്റ്. ക്വാർട്ടർ പ്രവേശനത്തിന് ബാഴ്സക്ക് വേണ്ടത് മൂന്ന് ഗോൾ. ഇനിയില്ലായെന്ന് ഫുട്ബാൾ ലോകം ഒന്നടങ്കം വിശ്വസിച്ച സമയം. പലരും കളി കാണൽ മതിയാക്കി ടി.വി ഒാഫ് ചെയ്ത് ഉറങ്ങാൻ പോയി. അപ്പോഴാണ് ഇടതുഭാഗത്തുനിന്നും ലഭിച്ച ഫ്രീകിക്ക് എടുക്കാൻ മെസ്സി നെയ്മറെ ഏൽപിച്ചത്. നെയ്മർ ക്രോസ് നൽകുമെന്ന് കരുതി ഹെഡിനായി താരങ്ങൾ ബോക്സിലേക്കു നീങ്ങി. പി.എസ്.ജി ഗോളിയും അതുതന്നെ കരുതി. എന്നാൽ ബ്രസീൽ താരം ഏവരെയും അദ്ഭുതപ്പെടുത്തി പോസ്റ്റിെൻറ ഇടുതുഭാഗത്തേക്കായി നിറയൊഴിച്ചു. പുറത്തേക്കെന്നു കരുതി നോക്കിനിൽക്കുകയായിരുന്നു പി.എസ്.ജി ഗോളി. ഇതോടെ ബാഴ്സക്ക് ജീവൻ െവച്ചു.
90ാം മിനിറ്റിൽ പെനാൽറ്റിയുടെ രൂപത്തിൽ വീണ്ടും ബാഴ്സക്ക് അവസരം. സുവാരസിനെ വീഴ്ത്തിയതിന് നിർണായക പെനാൽറ്റി. കിക്കെടുത്തത് നെയ്മർ. സമ്മർദത്തിെൻറ യാെതാരു ഭാവവും കാണിക്കാെത നെയ്മർ പന്ത് വലയിലാക്കി. ഇതോടെ അഗ്രഗേറ്റ് സ്കോർ 5-5.
ഗോൾ 6
പകരക്കാരൻ രക്ഷകൻ (94ാം മിനിറ്റ്)
ഇഞ്ചുറി ടൈമായി അനുവദിച്ചത് അഞ്ചു മിനിറ്റ്. ജയിക്കാൻ ബാഴ്സക്ക് ഇനിയും ഒരുഗോൾ വേണം. എവേഗോളിെൻറ കരുത്തിൽ വിജയിക്കുമെന്ന് പി.എസ്.ജിയും സ്വപ്നം കണ്ടനേരം. അവസാന വിസിലിന് ഒരുമിനിറ്റ് മാത്രം ബാക്കിനിൽക്കെ പി.എസ്.ജി പോസ്റ്റിനരികെ കൂട്ടപ്പൊരിച്ചിൽ. ബാഴ്സ ഗോളി ടെർ സ്റ്റീഗൻപോലും ഗോളടിക്കാനായി എതിർ പോസ്റ്റിനടുത്ത്. നെയ്മറിന് ലഭിച്ച പന്ത് വേഗം കുറച്ച് ചിപ്പ് ചെയ്ത് മുന്നോട്ട് ഉയർത്തിനൽകി.
പകരക്കാരനായി ഇറങ്ങിയ സെർജി റോബർേട്ടാ ഒാഫ് കുരുക്ക് മറികടന്ന് പന്ത് കാൽകൊണ്ട് ഉയർത്തിയത് പി.എസ്.ജി ഗോളിയെ നിഷ്പ്രഭനാക്കി വലയിലായി. ഇതോടെ ഗാലറി നിന്നുമുഴങ്ങി. ആരവങ്ങൾ നിലക്കാെത ഉയർന്നു. സേന്താഷം ഉള്ളിലൊതുക്കാനാവാതെ മെസ്സി ഗാലറിയിലെ കാണികൾക്കിടയിലേക്ക് പാഞ്ഞുകയറി. പിന്നീട് അവസാന വിസിലിന് വിരലിലെണ്ണാവുന്ന സെക്കൻഡുകൾ മാത്രമെ വേണ്ടിയിരുന്നുള്ളൂ.
ചാമ്പ്യൻസ് ലീഗ് കപ്പ്് ബാഴ്സ നേടുകയും നേടാതിരിക്കുകയും ചെയ്യാം. എന്നാൽ നോക്കൗട്ട് മത്സരത്തിൽ 4-0ന് പിന്നിൽനിന്ന ഒരു ടീം 6-5ന് രണ്ടാം പാദത്തിൽ തിരിച്ചുവന്നിരിക്കുന്നു. അസാധ്യമായത് സാധ്യമാക്കുന്ന മാന്ത്രിക സംഘമെന്ന് . ബാഴ്സയെ ലോകം വിശേഷിപ്പിക്കുന്നതിൽ തെല്ലുമില്ല അതിശയം.