ബാഴ്സലോണ കോച്ച് ക്വികെ സെറ്റ്യാനെതിരെ താരങ്ങളുടെ പടയൊരുക്കം
text_fieldsമഡ്രിഡ്: ലാലിഗ കിരീടപ്പോരാട്ടത്തിൽ പിന്നിലായതോടെ ബാഴ്സലോണയിൽ കോച്ച് ക്വികെ സെറ്റ്യാനെതിരെ പടയൊരുക്കം. ഇക്കഴിഞ്ഞ ജനുവരിയിൽ ബാഴ്സയിലെത്തിയ സെറ്റ്യാനും ലയണൽ മെസ്സിയുടെ നേതൃത്വത്തിലെ കളിക്കാരും തമ്മിൽ സ്വരച്ചേർച്ചയില്ലെന്നാണ് റിപ്പോർട്ട്.
രണ്ടുവർഷത്തെ കരാറിലാണ് നിയമനമെങ്കിലും കളിക്കാരും കോച്ചും തമ്മിലെ അനൈക്യം തുടർന്നാൽ, ഈ സീസൺ അവസാനിക്കുന്നതോടെ ബാഴ്സലോണ പുതിയ പരിശീലകനെ തേടും. ഇതുസംബന്ധിച്ച ഊഹാപോഹങ്ങൾക്ക് ആക്കം കൂട്ടുന്നതാണ് ലാലിഗ കിരീടപ്പോരാട്ടത്തിനേറ്റ തിരിച്ചടി.
ലാലിഗ കിരീടമോ, ചാമ്പ്യൻസ് ലീഗോ നേടാനായില്ലെങ്കിൽ കോച്ചിെൻറ കസേര ഇളകുമെന്ന് സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ ജനുവരിയിൽ സൗദിയിൽ നടന്ന യുവേഫ സൂപ്പർ കപ്പിലെ കിരീട നഷ്ടത്തിനു പിന്നാലെ ഏണസ്റ്റോ വാൽവെർദെയെ പുറത്താക്കിയാണ് റയൽ ബെറ്റിസ് കോച്ചായിരുന്ന സെറ്റ്യാന് ദൗത്യമേൽപിക്കുന്നത്. വാൽവെർദെ പടിയിറങ്ങുേമ്പാൾ 19 മത്സരം പിന്നിട്ട ലീഗ് പോയൻറ് പട്ടികയിൽ ബാഴ്സലോണ ഒന്നാമതായിരുന്നു.
എന്നാൽ, കോവിഡിന് ശേഷം അഞ്ച് കളി പിന്നിട്ടു നിൽക്കെ രണ്ടു സമനില വഴങ്ങി ബാഴ്സലോണ രണ്ടാം സ്ഥാനത്താണ്. റയൽ മഡ്രിഡുമായി രണ്ട് പോയൻറിെൻറ വ്യത്യാസം. ബാഴ്സക്കൊപ്പം 17കളിയിൽ 11 ജയം മാത്രമേ സെറ്റ്യാന് നേടാനായുള്ളൂ. ഇതിൽ എട്ടും കാംപ്നൂവിലായിരുന്നു. ഏഴു ജയങ്ങൾ ഒരു ഗോളിന് മാത്രമായിരുന്നു.
ഡ്രസിങ് റൂമിൽ പോര്
ഡ്രസിങ് റൂമിൽ ഐക്യമുണ്ടാക്കാൻ സെറ്റ്യാന് ഇതുവരെ കഴിഞ്ഞിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ. കോച്ചിങ് സ്റ്റാഫുമായി മെസ്സിയടക്കമുള്ള മുതിർന്ന താരങ്ങൾ അത്ര സുഖത്തിലല്ല. വാർത്തസമ്മേളനങ്ങളിലെ മുനവെച്ച വാക്കുകളുടെ പേരിൽ മെസ്സിയും കൂട്ടരും നേരത്തേ നീരസം അറിയിച്ചിരുന്നു. സെറ്റ്യാെൻറ കളിശൈലിയും താരങ്ങൾക്ക് ഉൾക്കൊള്ളാനായിട്ടില്ല. ഗ്രീസ്മാൻ ഉൾപ്പെടെ ടീമിലെത്തിയിട്ടും വിന്നിങ് ഫോർമേഷൻ കണ്ടെത്താൻ കഴിഞ്ഞില്ലെന്നും വിമർശനമുണ്ട്.
കഴിഞ്ഞ ദിവസം സെൽറ്റക്കെതിരായ കഴിഞ്ഞ മത്സരത്തിെൻറ ഇടവേളയിൽ അസിസ്റ്റൻറ് കോച്ച് എഡർ സറാബിയ സംസാരിക്കുേമ്പാൾ മുഖം കൊടുക്കാതെ തിരിഞ്ഞുപോകുന്ന മെസ്സിയുടെ വിഡിയോയും കളിക്കു പിന്നാലെ സുവാരസിെൻറയും ക്വികെയുടെയും സ്വയം വിമർശനവുമെല്ലാം കൂട്ടിവായിക്കുേമ്പാൾ ബാഴ്സയുടെ അകത്തളം നീറിപ്പുകയുെന്നന്ന് വ്യക്തം. ഈ വർഷം ക്ലബ് നേതൃത്വം മാറുന്ന മുറക്ക് സെറ്റ്യാനും പടിയിറങ്ങുമെന്നാണ് സ്പാനിഷ് മാധ്യമങ്ങളുടെ റിപ്പോർട്ട്.
അഭിപ്രായവ്യത്യാസങ്ങളുണ്ട് പക്ഷേ, ബന്ധം ഊഷ്മളം -കോച്ച് സെറ്റ്യാൻ
കളിക്കാരും കോച്ചിങ് സ്റ്റാഫും തമ്മിലെ ബന്ധം ഊഷ്മളമാണെന്ന് ബാഴ്സലോണ കോച്ച് ക്വികെ സെറ്റ്യാൻ. 'വിവാദങ്ങൾ പുതുമയല്ല. ഓരോ വിഷങ്ങളിലും ഓരോരുത്തരുടെ കാഴ്ചപ്പാടും വ്യത്യസ്തമാവും. ഇതിലൊന്നും അസ്വാഭാവികതയില്ല. എന്നാൽ, ഒരു പൊതുലക്ഷ്യത്തിനു മുന്നിൽ എല്ലാവരെയും ഒന്നായി നയിക്കുകയാണ് പ്രധാനം. ടീമിൽ കളിക്കാരും കോച്ചും തമ്മിൽ നല്ല ബന്ധമാണ്. ഒറ്റപ്പെട്ട സംഭവങ്ങൾക്കൊന്നും പ്രാധാന്യം കൽപിക്കുന്നില്ല' -ടീമിനകത്തെ പ്രശ്നങ്ങൾ സംബന്ധിച്ച വാർത്തയോട് സെറ്റ്യാൻ പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.