ചെൽസി കുലുക്കി മെസ്സി: തകർപ്പൻ ജയത്തോടെ ബയേൺ
text_fieldsലണ്ടൻ: പടക്കളത്തിൽ ശത്രുവിനെതിരെ പഴുതടച്ച യുദ്ധതന്ത്രം മെനഞ്ഞിട്ടും, ഒരു പിഴവിലൂടെ ജയംകൈവിട്ട സർവസേനാധിപതിയെപ്പോലെയായിരുന്നു കഴിഞ്ഞ രാത്രിയിൽ അേൻറാണിയോ കോെൻറ എന്ന ഇറ്റാലിയൻ പരിശീലകൻ. ഇറ്റലിയും ഫുട്ബാളും ചേരുേമ്പാൾ പ്രതിരോധമാണ് എന്നും മുൻനിരയിലെ അടവ്. യുവേഫ ചാമ്പ്യൻസ് ലീഗിൽ ആരാധകലോകം കാത്തിരുന്ന പ്രീക്വാർട്ടർ പോരാട്ടത്തിൽ ചെൽസിയും ബാഴ്സലോണയും ലണ്ടൻ സ്റ്റാംഫോഡ് ബ്രിഡ്ജിൽ ഏറ്റുമുട്ടിയപ്പോൾ പ്രതീക്ഷിച്ചപോലെ കുറ്റിയുറപ്പുള്ള ഇറ്റാലിയൻ പ്രതിരോധം മനംനിറച്ച് കണ്ടു.
ബാഴ്സയുടെ വിജയമോഹങ്ങൾ പൂട്ടിക്കെട്ടാൻ കോെൻറയുടെ ചെൽസി നടപ്പാക്കിയത് ‘ഡിഫൻസിവ് ഫുട്ബാൾ’. പക്ഷേ, എത്ര കെട്ടുറപ്പുള്ള കോട്ടയിലും തനിക്കൊരു പഴുതുണ്ടെന്ന് ലയണൽ മെസ്സി കോെൻറയെ പഠിപ്പിച്ചു. ഫലമോ, ആവേശപ്പോരാട്ടത്തിന് 1-1െൻറ സമനില.
കരിയറിൽ ഒരിക്കലും ചെൽസിക്കെതിരെ ഗോളടിച്ചിട്ടില്ലെന്ന പേരുദോഷം സ്റ്റാംഫോഡ് ബ്രിഡ്ജിൽ അവസാനിപ്പിച്ച് ലയണൽ മെസ്സിയും സംഘവും രണ്ടാം പാദത്തിനായി സ്പെയിനിലേക്ക് മടങ്ങുന്നത് എവേ ഗോൾ എന്ന ആത്മവിശ്വാസവുമായി. ഇനി മാർച്ച് 14ന് നൂകാംപിലെ രണ്ടാം പാദത്തിൽ കാണാമെന്ന ഉറപ്പും.
Lionel Messi gets his first career goal in nine matches against Chelsea. pic.twitter.com/b3NR0LkaKK
— SportsNotes (@SportsNotes23) February 20, 2018
‘‘ഒരു പിഴവ് മാത്രമേ ഉണ്ടായുള്ളൂ. മെസ്സിയും സുവാരസും ഇനിയേസ്റ്റയുമടങ്ങുന്ന ബാഴ്സലോണക്കെതിരെ കളി കൈവിടാൻ അതുമതിയെന്ന് അറിയാമല്ലോ. ആസൂത്രണംചെയ്തപോലെ ഗ്രൗണ്ടിൽ നടപ്പാക്കാൻ ഞങ്ങൾക്കായി. ഇൗ രാത്രിയിൽ ചെറു നിർഭാഗ്യമുണ്ടായതിെൻറ നിരാശയുണ്ട്. ഇനി രണ്ടാം പാദത്തിൽ കാണാം’’ -മത്സരശേഷം അേൻറാണിയോ കോെൻറ പറഞ്ഞു.
വില്യൻ-ഹസാഡ്-പെഡ്രോ ഇൗ മൂന്നു പേരൊഴികെ ശേഷിച്ചവരെല്ലാം ചെൽസിയുടെ പെനാൽറ്റി ബോക്സിലായിരുന്നു കളിച്ചത്. ഇനിയേസ്റ്റ-മെസ്സി-സുവാരസ് കൂട്ടിെൻറ നീക്കങ്ങൾക്ക് തടയിടാൻ നീലപ്പട ഒന്നാകെ പ്രതിരോധമായിമാറിയപ്പോൾ പ്രത്യാക്രമണം ചെൽസി ആയുധമാക്കി. ബാഴ്സയുടെ ഇരുതലമൂർച്ചയുള്ള മുന്നേറ്റങ്ങളെ ബോക്സിലേക്ക് അടുക്കാതെ തടയുന്നതിനൊപ്പം, തട്ടിപ്പറിച്ചെടുക്കുന്ന പന്തുമായി അതിവേഗ മുന്നേറ്റം. ഒന്നാം പകുതി പിരിയുംമുമ്പ് സമാന നീക്കത്തിലൂടെ വില്യൻ തൊടുത്ത രണ്ട് ലോങ്റേഞ്ചർ ഷോട്ടുകൾ ക്രോസ് ബാറിൽ തട്ടിത്തെറിച്ചപ്പോഴേ അപായസൂചന കണ്ടുതുടങ്ങിയിരുന്നു. ഗോൾരഹിതമായി പിരിഞ്ഞ ഒന്നാം പകുതിക്കുശേഷം 62ാം മിനിറ്റിൽ സമാനമായ ഷോട്ടിലൂടെ വില്യൻ അപായസൂചന യാഥാർഥ്യമാക്കി. കോർണറിൽ ഷോട്ട് പായിക്കാതെ ഫാബ്രിഗസ്, ഹസാഡിലേക്ക് തട്ടിയിട്ടു. വിങ്ങിൽനിന്ന് പത്താം നമ്പറുകാരൻ നീട്ടിനൽകിയ പന്ത് ബോക്സിന് പുറത്തുനിന്ന് വില്യൻ വലയുടെ ഇടതുമൂലയിലേക്ക് അടിച്ചുകയറ്റി. അപ്രതീക്ഷിത പ്രത്യാക്രമണം ഗോളാക്കിയതിെൻറ ഞെട്ടലിലായിരുന്നു ബാഴ്സലോണ.
പക്ഷേ, 10 മിനിറ്റ് പിന്നിടുേമ്പാഴേക്കും ചെൽസിയുടെ പ്രതിരോധം ഗോളിന് കണക്കായി തുറന്നു. സുവാരസിെൻറ മുന്നേറ്റം തന്ത്രപരമായി ചെറുത്ത് പന്ത് തട്ടിയെടുത്ത ആന്ദ്രെ ക്രിസ്റ്റ്യൻസെൻറ ബുദ്ധിമോശം. പന്ത് അടിച്ചകറ്റുന്നതിന് പകരം ബോക്സിന് മുന്നിൽ അസ്പിലിക്യൂറ്റയിലേക്ക് നീട്ടി നൽകി. ഇതിനിടയിലായിരുന്നു ആകാശത്തുനിന്ന് വീണപോലെ ഇനിയേസ്റ്റ കുതിച്ചെത്തിയത്. ൈസ്ലഡിങ് ടാക്ലിങ്ങിന് മുതിർന്ന വിക്ടർ മോസസിനു മുേമ്പ പന്ത് റാഞ്ചി കുതിച്ച ഇനിയേസ്റ്റ ബോക്സിൽനിന്ന് നൽകിയ മൈനസ് ക്രോസ് ഒാടിയെത്തിയ ലയണൽ മെസ്സി അടിച്ചുകയറ്റി. അതുവരെ അചഞ്ചലനായി നിന്ന ഗോളി തിബോ കർട്ടുവയുടെ അക്രോബാറ്റികിനും പന്ത് തൊടാനായില്ല. സമനില പിടിച്ച് ബാഴ്സയുടെ തിരിച്ചുവരവ് (1-1).
പിന്നീടുള്ള പോരാട്ടം വിജയഗോളിനായിരുന്നു. ഇരുനിരയും പൊരുതിയെങ്കിലും, പ്രതിരോധത്തിലെ അമിതമായ കരുതൽ ഗോളിനെ അകറ്റിനിർത്തി.
പ്രതിരോധം മാത്രം ശരണമാക്കിയ ചെൽസി കളിയിൽ ഏറെ പിന്നിലായി. 26 ശതമാനം മാത്രമായിരുന്നു അവരുടെ പന്തടക്കം. ബാഴ്സക്ക് 74ഉം. എല്ലാത്തിലും മികച്ചുനിന്നത് ബാഴ്സ തന്നെ.
അഞ്ചടിച്ച് ബയേൺ
മ്യൂണിക്: അലയൻസ് അറീനയിൽ അഞ്ചു ഗോൾ ജയത്തോടെ ബയേൺ മ്യൂണികിെൻറ ജൈത്രയാത്ര. തുർക്കി ക്ലബ് ബെസിക്താസിനെതിരായിരുന്നു 5-0ത്തിെൻറ ജയം. തോമസ് മ്യൂളറും (43, 66), റോബർട്ട് ലെവൻഡോവ്സ്കിയും (79, 88) ഇരട്ട ഗോൾ നേടിയപ്പോൾ കിങ്സ്ലി കോമാെൻറ (52) വകയായിരുന്നു മറ്റൊരു ഗോൾ. 16ാം മിനിറ്റിൽ സെൻറർബാക്ക് ഡൊമഗോജ് വിദ ചുവപ്പുകാർഡുമായി പുറത്തായതോടെ പത്തുപേരുമായാണ് ബെസിക്തസ് പൊരുതിയത്. ഒന്നാം പകുതിയിൽ ഒരു ഗോൾ മാത്രമാണ് വഴങ്ങിയതെങ്കിലും രണ്ടാം പകുതിയിൽ പിടിച്ചുനിൽക്കാനാവാതെ തളർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.