കളി പഠിക്കാൻ ബ്ലാസ്റ്റേഴ്സ് അറബ് നാട്ടിൽ
text_fieldsകൊച്ചി: ഒരുപിടി പുതിയ താരങ്ങളുമായി ഡച്ചുകാരൻ കോച്ചിനു കീഴിൽ ഐ.എസ്.എൽ പ്രീസീസൺ പോരാട്ടങ്ങൾക്ക് കേരള ബ്ലാസ്റ്റേഴ്സ് ഒരുങ്ങുകയാണ്. നാലാഴ്ച നീണ്ടുനിൽക്കുന്ന പ്രീസീസൺ മത്സരങ്ങളിൽ യു.എ.ഇയിലെ വിവിധ ക്ലബുകളുമായി മാറ്റുരക്കും. ദിബ്ബ അൽ ഫുജൈറ, അജ്മാൻ സ്പോർട്സ് ക്ലബ്, എമിറേറ്റ്സ് ക്ലബ്, അൽ നസർ സ്പോർട്സ് ക്ലബ് എന്നിവക്കെതിരെയാണ് ബ്ലാസ്റ്റേഴ്സിെൻറ മത്സരങ്ങൾ. വെള്ളിയാഴ്ച ആദ്യ പോരാട്ടത്തിൽ ഫുജൈറയുമായി മഞ്ഞപ്പട ഏറ്റുമുട്ടും. പ്രാദേശിക സമയം 6.30നാണ് മത്സരം.
ഐ.എസ്.എൽ കിരീടസ്വപ്നം ഇത്തവണയെങ്കിലും സാക്ഷാത്കരിക്കുകയെന്ന ലക്ഷ്യവുമായാണ് മഞ്ഞപ്പട അണിയറയിൽ കരുക്കൾ നീക്കുന്നത്. ഫുട്ബാളിനെ അങ്ങേയറ്റം സ്നേഹിക്കുന്ന മലയാളികൾക്ക് സ്വന്തം ക്ലബായ കേരള ബ്ലാസ്റ്റേഴ്സ് ഇൗ സീസണിലെങ്കിലും കിരീടത്തിൽ മുത്തമിടുന്നത് കാണാൻ ഭാഗ്യമുണ്ടാവുമെന്നാണ് ഓരോ ആരാധകെൻറയും പ്രതീക്ഷ. രണ്ടു തവണ കപ്പിനും ചുണ്ടിനുമിടയിൽ നിർഭാഗ്യം വില്ലനായപ്പോൾ, കഴിഞ്ഞ തവണ ദയനീയ പ്രകടനവുമായി നിരാശപ്പെടുത്തി.
പുതിയ കോച്ച് എൽകോ ഷറ്റോറിയുടെ പരിശീലനക്കളരിയിൽ യു.എ.ഇയിൽ പ്രീസീസൺ മത്സരങ്ങൾക്ക് ബ്ലാസ്റ്റേഴ്സ് ഒരുങ്ങിക്കഴിഞ്ഞു. കഴിഞ്ഞ സീസണിലേതുപോലെ, റാങ്കിങ്ങിലും ടെക്നിക്കൽ മികവിലും ഏറെ മുന്നിലുള്ള െകാമ്പന്മാരോട് ഏറ്റുമുട്ടാതെ അറബ് നാട്ടിലെ എ, ബി ഡിവിഷൻ ക്ലബുകളോടാണ് മഞ്ഞപ്പട മാറ്റുരക്കുന്നത്. നന്നായി ഒരുങ്ങാനും ടീം എന്ന നിലയിൽ ഒത്തിണക്കം സൃഷ്ടിക്കാനും ചെറിയ മത്സരങ്ങളായിരിക്കും നല്ലെതെന്ന് കഴിഞ്ഞ സീസൺ തെളിയിച്ചു.
സ്പാനിഷ് ക്ലബ് ജിറോണക്കും ആസ്ട്രേലിയൻ ക്ലബ് മെൽബൺ സിറ്റിക്കുമെതിരെ വൻപരാജയം ഏറ്റുവാങ്ങിയായിരുന്നു ക്ലബിെൻറ കഴിഞ്ഞ സീസൺ തുടക്കം. ഫുജൈറ പോലുള്ള മികച്ച ക്ലബുകളാണെങ്കിലും, അറബ് ടീമുകൾക്കെതിരെ ഇത്തവണ മികച്ച പോരാട്ടം കാഴ്ചവെക്കാനാവുമെന്നാണ് പ്രതീക്ഷ.
ആറു മുതൽ 27 വരെയായിരിക്കും സന്നാഹ മത്സരങ്ങൾ. ദുബൈ ആസ്ഥാനമായ ബിസിനസ് സർവിസ് കമ്പനിയായ എമിറേറ്റ്സ് ഫസ്റ്റാണ് സന്നാഹമത്സരങ്ങൾ ഒരുക്കുന്നത്. ഐ.എസ്.എല്ലിൽതന്നെ മികവുതെളിയിച്ച ഒരുപിടി വിദേശ-ഇന്ത്യൻ താരങ്ങളെയാണ് ബ്ലാസ്റ്റേഴ്സ് ഇത്തവണ സ്വന്തമാക്കിക്കൊണ്ടിരിക്കുന്നത്. പതിവു പോരായ്മകൾ പരിഹരിച്ച് സാങ്കേതികത്തികവുള്ള ഒരു ടീമിനെ വാർത്തെടുക്കാനാണ് കോച്ച് എൽകോ ഷറ്റോറിയുെട ശ്രദ്ധ. വിദേശ കളിശൈലികളോടും കളിക്കാരോടും ഇന്ത്യൻ താരങ്ങളെ ഒത്തിണക്കുന്നതിൽ വൈദഗ്ധ്യമുള്ളയാളാണ് ഷറ്റോറി.
ജിയാനി സുയിവെർലൂൻ, സെര്ജിയോ സിഡോൻച്ച, ബര്ത്ത് ലോമിയോ ഒഗ്ബച്ചെ, മാരിയോ അർക്വസ്, മുഹമ്മദ് മുസ്തഫ നിങ് തുടങ്ങിയ താരങ്ങളുടെ പ്രകടനം പ്രീ സീസൺ മത്സരങ്ങളിലൂടെ വിലയിരുത്താം. 33 അംഗ ടീമിനെയാണ് ഷറ്റോറി പ്രീസീസൺ പോരാട്ടത്തിനെത്തിച്ചിരിക്കുന്നത്. ഇന്ത്യൻ ക്യാമ്പിലുള്ള ബ്ലാസ്റ്റേഴ്സിെൻറ ക്യാപ്റ്റൻ സന്ദേശ് ജിങ്കാൻ, മധ്യനിര മലയാളി താരം സഹൽ അബ്ദുസ്സമദ് എന്നിവർ വൈകിയാണ് ക്യാമ്പിലെത്തിച്ചേരുക.
ബ്ലാസ്റ്റേഴ്സ് ടീം
ഗോൾകീപ്പർമാർ: ബിലാൽ ഖാൻ, ടി.പി. രഹ്നേഷ്, ഷിബിൻ രാജ്, ലവ്പ്രീത് സിങ്.
ഡിഫൻസ്: മുഹമ്മദ് റാകിപ്, ബാസിത് അഹ്മദ്, ഗിയാനി സ്വിവർലൂൻ, സന്ദേശ് ജിങ്കാൻ, ജെയ്റോ റോഡ്രിഗസ്, അബ്ദുൽ ഹഖ്, ലാൽറുവതാര, പ്രീതം കുമാർ സിങ്, അബ്നീത് ഭാരതി, ജെസൽ അലൻ കാർനേരോ, നാരായൺ ഛേത്രി. മിഡ്ഫീൽഡ്: സെയ്റ്റ്യാസൻ സിങ്, ഡാരൻ കാൽഡേര, സായിദ് ബിൻ വലീദ്, മരിയോ ആർക്വസ്, സെർജിയോ സിഡോഞ്ച, ഷഹൽ അബ്ദുസ്സമദ്, മുഹമ്മദ് മുസ്തഫ ഗ്നിങ്, അർജുൻ ജയരാജ്, ബോഡോ, ഹാലിചരൺ നർസാരി, പ്രശാന്ത് കെ, പ്രഗ്യാൻ ഗൊഗോയ്, ജീക്സൺ സിങ്, സാമുവൽ ലാൽമുവൻപുയിയ.
ഫോർവേഡ്: ബർതലോമിയോ ഒഗ്ബെച്ചെ, മുഹമ്മദ് റാഫി, റാഫേൽ മെസ്സി ബോലി, കെ.പി. രാഹുൽ.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.