ഫുട്ബാളിെൻറ തിരിച്ചുവരവിലെ ആദ്യജയം ബൊറൂസിയക്ക്; ഷാൽക്കെയെ തകർത്തത് 4-0ന്
text_fieldsബർലിൻ: കോവിഡ് പിടിച്ച് രണ്ടുമാസം ഉറങ്ങിക്കിടന്ന കാൽപന്ത് മൈതാനങ്ങൾക്ക് ജീവരക്തം പകർന്ന് ബുണ്ടസ്ലിഗയിൽ വീണ്ടും വിസിൽ മുഴങ്ങി. കാഴ്ചകളും ശീലങ്ങളും പുതിയതായിരുന്നു. കോവിഡ് മഹാമാരിയിൽ നഷ്ടപ്പെട്ടുവെന്ന് കരുതിയതെല്ലാം ലോകം തിരിച്ചുപിടിച്ചു തുടങ്ങുകയാണെന്നതിെൻറ സൂചനയുമായി കളിക്കളം ഉണർന്നു. നിറഞ്ഞുതുളുമ്പി ആരവമുയർത്തുന്ന ഗാലറിക്കുപകരം ഒഴിഞ്ഞ ഇരിപ്പിടങ്ങൾ മാത്രം.
കിക്കോഫിന് മുമ്പ് ഹസ്തദാനമില്ല, ഗോൾ പിറന്നാൽ ശരീരംതൊട്ട് ആഘോഷമില്ല, മൈതാനത്തെ പെരുമാറ്റം ശുചിത്വബോധത്തോടെ മാത്രം... കോവിഡാനന്തര ലോകത്തേക്ക് പ്രതീക്ഷയുടെ പന്തുതട്ടിക്കൊണ്ട് ജർമൻ ബുണ്ടസ് ലിഗ കിക്കോഫ് കുറിച്ചു. രണ്ടുമാസം മുമ്പ് നിശ്ചലമായ കളിമൈതാനങ്ങൾക്ക് തിരിച്ചുവരവിന് ആത്മവിശ്വാസമായിമാറിയ ബുണ്ടസ് ലിഗയിലെ പോരാട്ടങ്ങൾക്ക് ടി.വിക്ക് മുന്നിലിരുന്ന് ലോകമെങ്ങുമുള്ള കാണികൾ സാക്ഷികളായി.
ജയത്തോടെ ബൊറൂസിയ
മഞ്ഞക്കടലിരമ്പുന്ന സിഗ്നൽ പാർക്കിലെ ഇരിപ്പിടങ്ങൾ ഒഴിഞ്ഞതൊന്നും ബൊറൂസിയ ഡോർട്മുണ്ടിെൻറ ഗോളടിക്ക് പഞ്ഞമുണ്ടാക്കിയില്ല. റിവിയർ ഡെർബിയെന്ന് വിശേഷിപ്പിച്ച മത്സരത്തിൽ ഷാൽകെയെ 4-0ത്തിന് തകർത്ത് ബൊറൂസിയ പോയൻറ് പട്ടികയിൽ ബയേൺ മ്യുണികിന് (55) തൊട്ടുപിറകിലെത്തി (54). എർലിങ് ഹാളണ്ടിലൂടെ (29ാം മിനിറ്റ്) ആയിരുന്നു തുടക്കം. റാഫേൽ ഗരീറോ രണ്ടും തോർഗൻ ഹസാഡ് ഒരു ഗോളും നേടി. മറ്റു മത്സരങ്ങളിൽ ഹെർത 3-0ത്തിന് ഹൊഫൻഹീമിനെയും വോൾഫ്സ്ബർഗ് 2-1ന് ആഗസ്ബർഗിനെയും തോൽപിച്ചു. ലീപ്സിഷ്-ഫ്രിബർഗ് (1-1), പാഡർബോൺ-ഫോർചുണ ഡസൽഡോഫ് (0-0) എന്നിവർ സമനിലയിലും പിരിഞ്ഞു.
ബയേൺ ഇന്നിറങ്ങും
പോയൻറ് പട്ടികയിലെ ഒന്നാം സ്ഥാനക്കാരായ ബയേൺ മ്യുണിക് ഞായറാഴ്ച കളത്തിലിറങ്ങും. 25 കളിയിൽ 55 പോയൻറുമായി ഒന്നാമതുള്ള ബയേണിന് 12ാം സ്ഥാനക്കാരായ യൂണിയൻ ബെർലിനാണ് എതിരാളി.
അഞ്ച് സബ്സ്റ്റിറ്റ്യൂഷൻ
എന്ന പുതിയ നിയമം ഉപയോഗപ്പെടുത്തി മൂന്ന് ടീമുകൾ. ഷാൽകെ, ഹെർത, പാഡർബോൺ ടീമുകളാണ് ഫുൾടൈമിനുള്ളിൽ അഞ്ച് പകരക്കാരെ കളത്തിലിറക്കി ഫിഫയുടെ പുതു പരിഷ്കാരം ഉപയോഗപ്പെടുത്തിയത്.
രണ്ടാം ഡിവിഷൻ മത്സരത്തിലും ടീമുകൾ പുതുനിയമത്തിെൻറ ആനുകൂല്യം ഉപയോഗിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.