കോപ അമേരിക്ക: അർജൻറീനയെ തകർത്ത് കാനറികൾ ഫൈനലിൽ
text_fieldsബെലോഹൊറിസോണ്ട: അഞ്ചുവർഷം മുമ്പ് മിനീറാവോയുടെ മുറ്റത്തു വീണ കണ്ണീരിന് ഗോളുകൾകൊണ്ട് മറുപടി നൽകി കാനറികൾ കോപ അമേരിക്ക ഫുട്ബാൾ ചാമ്പ്യൻഷിപ്പിെൻറ കലാശപ്പോരാട്ടത്തിന്. സെമിഫൈനലിൽ ചിരവൈരികളായ അർജൻറീനയെ മറുപടിയില്ലാത്ത രണ്ടു ഗോളിന് വീഴ്ത്തിയ ബ്രസീലിന് ഇനി കിരീടപോരാട്ടത്തിെൻറ കാത്തിരിപ്പ്.
വ്യാഴാഴ്ച പുലർച്ചയിലെ ചിലി-പെറു രണ്ടാം സെമിയിലെ വിജയികളാവും ഞായറാഴ്ച രാത്രിയിൽ റിയോ ഡെ ജനീറോയിലെ മാറക്കാന കളിമുറ്റത്തെ എതിരാളി. 2007ൽ അർജൻറീനയെ വീഴ്ത്തി കിരീടമണിഞ്ഞശേഷം ആദ്യമായാണ് ബ്രസീൽ ലാറ്റിനമേരിക്കൻ പോരാട്ടത്തിെൻറ ഫൈനലിൽ ഇടംനേടുന്നത്.
ബുധനാഴ്ച പുലർച്ച നടന്ന സെമിയുടെ ഇരു പാദങ്ങളിലായി ഗബ്രിയേൽ ജീസസും (19ാം മിനിറ്റ്) റോബർേട്ടാ ഫെർമീന്യോയുമാണ് (71) അർജൻറീന വലകുലുക്കിയത്. ലയണൽ മെസ്സിയെന്ന ഒറ്റയാൾ പട്ടാളത്തിലേക്ക് അർജൻറീന ഒതുങ്ങിയപ്പോൾ, ക്യാപ്റ്റൻ ഡാനി ആൽവസ്, ഗോളി അലിസൺ ബക്കർ, സ്കോറർമാരായ ജീസസ്, ഫെർമീന്യോ എന്നിവരിലൂടെ ടീമായി മാറിയാണ് ബ്രസീലിെൻറ ജൈത്രയാത്ര. ഗോളടിക്കുകയും രണ്ടാം ഗോളിന് അവസരം ഒരുക്കുകയും ചെയ്ത ജീസസും പ്രതിരോധത്തിലും വിങ്ങിലും പാറിനടന്ന ആൽവസുമായിരുന്നു സൂപ്പർ ക്ലാസികോയിലെ താരങ്ങൾ.
വിവാ ബ്രസീൽ
ക്വാർട്ടർ ഫൈനലിൽ െവനിസ്വേലയെ വീഴ്ത്തിയ ടീമിൽ മാറ്റമൊന്നുമില്ലാെതയാണ് ലയണൽ സ്കളോണി അർജൻറീനയെ അവതരിപ്പിച്ചത്. അഗ്യൂറോയും മാർടിനസും നയിച്ച മുന്നേറ്റത്തിന് എണ്ണയിടാൻ ലയണൽ മെസ്സിയുടെ സാന്നിധ്യം. എന്നാൽ, ടിറ്റെയുടെ ബ്രസീലിൽ രണ്ടു മാറ്റം കണ്ടു. സസ്പെൻഷൻ കഴിഞ്ഞ് കാസ്മിറോയും ലെഫ്റ്റ് ബാക്കായി അലക്സ്സാന്ദ്രോയുമെത്തി.
കിക്കോഫ് വിസിലിനു പിന്നാലെ ബ്രസീലിെൻറ ഇരമ്പലും അർജൻറീനയുടെ പ്രതിരോധവും കണ്ടു. ആദ്യ മിനിറ്റിൽതന്നെ ജീസസിനെ വീഴ്ത്തിയതിന് അർജൻറീന ഡിഫൻഡർ നികോളസ് ടഗ്ലിയാഫികോക്കെതിരെ റഫറിക്ക് മഞ്ഞക്കാർഡ് പ്രയോഗിക്കേണ്ടിവന്നു. ആദ്യം ഗോളടിച്ച് സുരക്ഷിതമാവാനായിരുന്നു ഇരുവരുടെയും മനസ്സിലിരിപ്പ്. കാസ്മിറോയുടെ നീളൻ ക്രോസും ആൽവസിെൻറ മുന്നേറ്റവും മെസ്സിയുടെ കുതിച്ചോട്ടവും കണ്ട നിമിഷങ്ങൾ.
1-0
(19ാം മിനിറ്റ്, ജീസസ് -ബ്രസീൽ)
താളംകണ്ടെത്താൻ ശ്രമിക്കുന്ന അർജൻറീനക്കുമേൽ ബ്രസീലിെൻറ ആദ്യ ഗോൾ. ഡാനി ആൽവസിെൻറ ബ്രില്യൻസും ജീസസിെൻറ ഫിനിഷിങ്ങുമായിരുന്നു ഗോളായത്. വലതു വിങ്ങിൽനിന്ന് അർജൻറീന താരത്തിെൻറ ബൂട്ടിൽനിന്ന് ആൽവസ് റാഞ്ചിയ പന്ത് മൂന്ന് എതിരാളികളെ ഡ്രിബ്ൾചെയ്ത് മുന്നേറി ഫെർമീന്യോയിലേക്ക്. പോസ്റ്റിന് നെടുനീളെ നൽകിയ ക്രോസ് ജീസസിന് ഫിനിഷ് ചെയ്യേണ്ട ചുമതല മാത്രം.
ഗോളിെൻറ ക്ഷീണം അർജൻറീനയെ ഉലച്ച നിമിഷങ്ങൾ. അഗ്യൂറോ നിറംമങ്ങിയപ്പോൾ, ലതുറോ മാർടിനസിനൊപ്പമായിരുന്നു മെസ്സിയുടെ മുന്നേറ്റങ്ങൾ. പക്ഷേ, തിയാഗോയും മാർക്വിനസും ഒരുക്കിയ കോട്ട പിളർത്താനായില്ല. ഇതിനിടെ അഗ്യൂറോയുടെ ഒരു ഷോട്ട് ക്രോസ്ബാർ തടഞ്ഞു.
രണ്ടാം പകുതിയിലെ 57ാം മിനിറ്റിൽ മെസ്സി മനോഹരമായൊരു മുന്നേറ്റം നടത്തിയെങ്കിലും ഗോളി അലിസൺ ബക്കർ സ്പൈഡർമാനായി അവതരിച്ചു. റീബൗണ്ട് പന്തും പറന്നുതട്ടിയ അലിസൺ സ്കോർ സമനിലയാവുന്നത് തടഞ്ഞു. ഇതിനിടെ, എവർടനെ പിൻവലിച്ച ബ്രസീൽ വില്യനെ കളത്തിലെത്തിച്ചു.
സെൻറർബാക്ക് യുവാൻ ഫോയ്തിെൻറ കത്രികപ്പൂട്ടിൽ കുടുങ്ങിപ്പോയ എവർടെൻറ ദിനമായിരുന്നില്ല ഇന്നലെ. മെസ്സിയുടെ രണ്ട് ഫ്രീകിക്ക് ശ്രമങ്ങളാണ് വഴിതെറ്റിയത്. ഒന്ന് ബ്രസീൽ മതിലിൽ തട്ടി തെറിച്ചപ്പോൾ, മറ്റൊന്ന് നിന്നനിൽപിൽ അലിസൺ കൈപ്പിടിയിലൊതുക്കി.
2-0
(71ാം മിനിറ്റ്, െഫർമീന്യോ -ബ്രസീൽ)
അർജൻറീനയുടെ ആക്രമണത്തിനിടെ, പറന്നെത്തിയ പന്തുമായി ജീസസിെൻറ കുതിപ്പ്. ഒടമെൻഡിയെയും പസല്ലെയെയും ഒാടിത്തോൽപിച്ച ജീസസിെൻറ അളന്നുമുറിച്ച ക്രോസ് ഫെർമീന്യോയിലേക്ക്. വലംകാൽകൊണ്ട് ചെറുചലനം മാത്രമേ വേണ്ടിവന്നുള്ളൂ. 2-0ത്തിന് അർജൻറീന നിലംപരിശ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.